Connect with us

Video Stories

ദുരിതാശ്വാസത്തില്‍ അമാന്തമരുത്

Published

on

അത്യപൂര്‍വമായ മഴക്കെടുതിയാണ് കേരളമിപ്പോള്‍ നേരിടുന്നത്. കാലവര്‍ഷത്തിലെ 24 ശതമാനം അധികമഴ. രണ്ടുപതിറ്റാണ്ടിനിടയിലെ വലിയ അത്യാഹിതം. അണക്കെട്ടുകളെല്ലാം മിക്കതും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഇതിനകം നൂറിലധികംപേരുടെ മരണത്തിനും ആയിരക്കണക്കിന് വീടുകളുടെ തകര്‍ച്ചക്കും കോടിക്കണക്കിന്‌രൂപയുടെ നഷ്ടത്തിനും പതിനായിരത്തിലധികം ഹെക്ടറിലെ കൃഷിനാശത്തിനും കാലവര്‍ഷം കാരണമായി. ടൂറിസം വഴിയുള്ള നഷ്ടം വേറെ. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ചെങ്കുത്തായതും കടലോരവുമായ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളെയെല്ലാം പ്രകൃതിക്ഷോഭം ബാധിച്ചിട്ടുണ്ടെങ്കിലും ദുരിതം കൂടുതല്‍ കോഴിക്കോടും മലപ്പുറത്തും, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം മുതലായ മധ്യ-തെക്കന്‍ ജില്ലകളിലുമാണ്. സുമാര്‍ പത്തുലക്ഷം കുടുംബങ്ങള്‍ ദുരിതത്തിലകപ്പെട്ടു. വിവിധ ജില്ലകളിലായി മുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി തൊഴിലാളികളടക്കമുള്ള ലക്ഷത്തിലേറെ പേരാണ് ജീവനും കയ്യില്‍പിടിച്ച് കഴിയുന്നത്. ഇതില്‍ വലിയൊരു പങ്കും ആലപ്പുഴ ജില്ലയിലും വിശിഷ്യാ കുട്ടനാടന്‍ മേഖലയിലുമാണ്. എന്നിട്ടും ഈ അടിയന്തിരഘട്ടത്തിലും അധികാരസംവിധാനങ്ങള്‍ കാര്യമായി രക്ഷക്കെത്തുന്നില്ല എന്ന പരാതി ഉയരാനിട വന്നിരിക്കുന്നത് കേരളത്തെയാകെ ലജ്ജിപ്പിക്കുന്നു. പെരുമഴക്കാലം തുടരുകയുമാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം 30 കോടിയോളം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായാണ് കണക്ക്. വീടുകള്‍, പാതകള്‍, പാടങ്ങള്‍, തോടുകള്‍, വ്യാപാരസ്ഥാപനങ്ങളെല്ലാം വെള്ളം വിഴുങ്ങിക്കഴിഞ്ഞു. വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങളുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ഉടുക്കാന്‍വേണ്ട തുണിയില്ലെന്നതോ പോകട്ടെ, അത്യാവശ്യത്തിന് കുടിക്കാന്‍ ശുദ്ധജലമോ കഴിക്കാന്‍ ഭക്ഷണമോ ഇനിയും ഇവിടങ്ങളിലെത്തുന്നില്ല . ഇടുക്കി തൊട്ട് കിഴക്കു നിന്നൊഴുകിയെത്തുന്ന പമ്പ, അച്ചന്‍കോവില്‍, മണിമല നദികളും കായല്‍പ്രദേശങ്ങളുമാണ് കുട്ടനാട്ടെ കുടുംബങ്ങളെ വെള്ളത്തില്‍ മുക്കിക്കളഞ്ഞത്. 54000 ഹെക്ടര്‍കൃഷിഭൂമിയുള്ള കുട്ടനാടന്‍ പാടശേഖരത്തില്‍ നെല്‍കൃഷി അടുത്തെങ്ങും പൂര്‍വസ്ഥിതിയിലാകുമെന്ന് പറയാനാകാത്ത അവസ്ഥയാണ്.
പ്രളയദുരിതമുള്‍പ്പെടെയുള്ള വിവിധആവശ്യങ്ങളുമായി കാണാന്‍ചെന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘത്തെ ആട്ടിയോടിക്കുന്ന വിധമായിരുന്നു പ്രധാനമന്ത്രിയുടെ പെരുമാറ്റം. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തില്‍ രണ്ടാംദിവസം ആഭ്യന്തരസഹമന്ത്രി എത്തിയെങ്കിലും കാര്യമായനേട്ടമൊന്നും സംസ്ഥാനത്തിന് അവകാശപ്പെടാനായിട്ടില്ല. ആയിരക്കണക്കിന് കോടിയുടെ നാശം സംഭവിച്ച സ്ഥാനത്ത് വെറും 80 കോടിരൂപയാണ് മന്ത്രി കിരണ്‍റിജിജു അനുവദിച്ചിരിക്കുന്നത്. സന്ദര്‍ശനം പ്രഹസനമാണെന്ന് തോന്നിപ്പിക്കുമാറ്, പല സ്ഥലങ്ങളിലും ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍പോലും കേന്ദ്രമന്ത്രി കൂട്ടാക്കിയില്ല. കുമരകത്ത് പ്രതിഷേധത്തെതുടര്‍ന്നാണ് കേന്ദ്രമന്ത്രിമാരും പരിവാരവും ഒന്നെത്തിനോക്കിയത്. ഇതിനിടെ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരോ മുഖ്യമന്ത്രിയോ തന്നെയോ സ്ഥലത്തെത്താതിരുന്നതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി. ദുരന്തസ്ഥലത്ത് മന്ത്രിമാര്‍ ഓടിയെത്തുന്ന പതിവില്‍നിന്ന് വ്യത്യസ്തമായാണ് ആലപ്പുഴയിലെ രണ്ടുമന്ത്രിമാരുടെ പെരുമാറ്റം. ഭക്ഷണവും മരുന്നും ആവശ്യത്തിന് കിട്ടുന്നുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ജി.സുധാകരനില്‍നിന്നുണ്ടായത്. സത്യത്തില്‍ കൈനകരി പോലുള്ള പ്രദേശങ്ങളിലെ ക്യാമ്പുകളില്‍ രണ്ടാഴ്ചയായിട്ടും മതിയായ ഭക്ഷണംപോലും കിട്ടുന്നില്ല. ശുചിമുറിസൗകര്യം തുലോം പരിമിതം. 154 പേര്‍ താമസിക്കുന്ന സ്‌കൂളില്‍ ആകെ ഒരൊറ്റ ശുചിമുറിമാത്രം. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യമാണ് ഏറെ പരിതാപകരം. സിവില്‍സപ്ലൈസ് കോര്‍പറേഷന്റെ കൂപ്പണ്‍ നല്‍കിയെന്ന് വരുത്തി അടിയന്തിര നടപടികളില്‍ നിന്ന ്ഒഴിഞ്ഞുമാറുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ . പ്രളയത്തിലകപ്പെട്ട ജനങ്ങളോട് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ആലപ്പുഴയില്‍ചെന്ന് ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റണമെന്ന് പറഞ്ഞത് വലിയ ചതിയായിപ്പോയി. താലൂക്ക് ആസ്പത്രിവരെ പൂട്ടിയിട്ടു. ഇക്കാര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഓഖി ദുരന്തത്തെ അനുസ്മരിപ്പിക്കും വിധമാണ് അധികാരികളുടെ പെരുമാറ്റം. ആരോപണങ്ങള്‍ ശക്തിപ്പെടുമ്പോള്‍ എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന മറുപടിയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നത്. എന്നാല്‍ സ്ഥലത്ത് നേരിട്ടുചെല്ലുന്ന ഏതൊരാള്‍ക്കും കാണാനാകുന്നത് വിലപിക്കുന്ന മനുഷ്യരെയാണ്. പരാതികളില്‍ രാഷ്ട്രീയം കാണുന്ന എം.എല്‍.എമാരും ഭരണപക്ഷത്തുതന്നെയുണ്ട്.
2008ല്‍ യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ കുട്ടനാട് പാക്കേജ് പതിറ്റാണ്ട് കഴിഞ്ഞിട്ടും എവിടെയും എത്തിയില്ല എന്നിടത്താണ് യഥാര്‍ത്ഥത്തില്‍ നിലവിലെ ദുരിതത്തിന്റെ ആഴം കിടക്കുന്നത്. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും പകല്‍കൊള്ളയിലൊതുങ്ങി കുട്ടനാട് പാക്കേജ്. ഇത് യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ഇത്രയും വലിയ ദുരിതം കുട്ടനാടിന് താങ്ങേണ്ടിവരില്ലായിരുന്നു. പാക്കേജില്‍ പറഞ്ഞത് പ്രകാരം ബണ്ടുകള്‍ പണിതതില്‍ സംഭവിച്ച വലിയ വ്യതിയാനവും മന:പൂര്‍വമായ വീഴ്ചയുമാണ് വെള്ളം പൂര്‍ണമായി ഒഴിഞ്ഞുപോകുന്നതിന് തടസ്സമായത്. മൂന്നുപൂവല്‍ വരെ കൃഷിയെടുക്കാവുന്ന ലോകത്തെ തന്നെ സമുദ്രനിരപ്പിന് താഴെയുള്ള ഏക കാര്‍ഷികപ്രദേശമാണിത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാരിരുമ്പിന്റെ മെയ്ക്കരുത്തുമായാണ് പട്ടിണിയകറ്റാനായി മുരിക്കന്‍മാര്‍ ജനങ്ങളുടെ സഹായത്തോടെ കുട്ടനാട്ടെ കായല്‍ക്കെട്ടുകള്‍ വെള്ളമൊഴുക്കിവിട്ട് ബണ്ടുകെട്ടി കൃഷിക്ക ്പ്രാപ്തമാക്കിയത്. ഇന്നത്തെ ശാസ്ത്രീയയുഗത്തിലും അതില്‍നിന്ന് അല്‍പം പോലും മുന്നോട്ടുപോകാന്‍ നമുക്കായിട്ടില്ല എന്നത് ലജ്ജാകരമാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം 397 പാടശേഖരങ്ങള്‍ക്കായി നല്‍കിയ 836 കോടിയില്‍ ഭൂരിഭാഗം തുകയും പാഴായെന്നാണ് കണക്ക്. കൃഷിവകുപ്പിന് നീക്കിവെച്ച 200 കോടിയില്‍ 50 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. എന്നാല്‍ ഇടതുപക്ഷ മന്ത്രിമാര്‍ കായല്‍ നികത്തി ആഢംബര മന്ദിരങ്ങള്‍ പണിതും പാടങ്ങള്‍ നികത്തിയും ഉള്ള കൃഷിഭൂമിപോലും കൈക്കലാക്കുന്ന സ്ഥിതിയാണ് നാം അടുത്തകാലത്തുപോലും കണ്ടത്. ഇതിന്റെ പേരില്‍ കുട്ടനാടിന്റെ പ്രതിനിധിയായ മന്ത്രിക്ക് കോടതിവിധിയെതുടര്‍ന്ന് രാജിവെക്കേണ്ടിവന്നു. ജനക്ഷേമ പദ്ധതികള്‍ പകല്‍കൊള്ളക്കാരുടെ കൂത്തരങ്ങായി മാറുന്നത് പുതിയ കാര്യമല്ല. എന്നാല്‍ ഇത്തവണത്തേത് പോലുള്ളൊരു പ്രകൃതിദുരന്തം ഏറ്റുവാങ്ങാന്‍ പോലും ഈ ധനാര്‍ത്തി കാരണമായെന്നു വരുന്നതിനപ്പുറം മനുഷ്യത്വരാഹിത്യം എന്താണ് ? മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷംരൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിത കുടുംബങ്ങള്‍ക്ക് 3500 രൂപവീതം അക്കൗണ്ടിലിട്ടു കൊടുക്കുമെന്ന അറിയിപ്പും സ്വാഗതാര്‍ഹമാണ്. അടിയന്തിരമായി വേണ്ടത് ദുരിതബാധിതര്‍ക്ക് ഏതുവിധേനയും ഭക്ഷണം എത്തിക്കുകയും വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ സഹായമെത്തിക്കുകയുമാണ്. ശേഷം വീടുകള്‍ താമസയോഗ്യമാക്കാനുള്ള സഹായം എത്തണം. ജലജന്യ രോഗങ്ങളെക്കുറിച്ചും നിതാന്ത ജാഗ്രത വേണം. കുട്ടനാടിന്റെ നിത്യശാപമായ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമുണ്ടായേ തീരൂ. ഒപ്പം, വൃക്ഷങ്ങള്‍ വെട്ടിയും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയുമുള്ള വികസനമല്ല മലയാളിക്ക് വേണ്ടതെന്ന് ഈപ്രളയകാലം നമ്മെയാകെ ഓര്‍മിപ്പിക്കുന്നു. ആഗോളതാപനം മൂലം വരുംകാലങ്ങളില്‍ കാലാവസ്ഥ പ്രവചനാതീതമായിരിക്കുമെന്ന വിദഗ്ധ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending