Connect with us

News

നീതി കിട്ടാതെ പൊലിഞ്ഞ ജീവിതം; മണിപ്പൂര്‍ കലാപത്തിലെ ലൈംഗിക അതിക്രമത്തിനിരയായ യുവതി മരിച്ചു

അതിക്രമത്തെ തുടര്‍ന്ന് ഉണ്ടായ ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം അറിയിച്ചു.

Published

on

ഇംഫാല്‍: മണിപ്പൂരില്‍ 2023-ല്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ കുക്കി വിഭാഗത്തില്‍പ്പെട്ട യുവതി ദീര്‍ഘകാല ചികിത്സയ്‌ക്കൊടുവില്‍ മരിച്ചു. അതിക്രമത്തെ തുടര്‍ന്ന് ഉണ്ടായ ഗുരുതരമായ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം അറിയിച്ചു.

കലാപം ആരംഭിച്ച ആദ്യ ദിവസങ്ങളിലായിരുന്നു സംഭവം. ഇംഫാലില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവതിയെ ഒരു സംഘം ആള്‍ക്കാര്‍ ബലമായി തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ നാലുപേര്‍ ചേര്‍ന്ന് ബൊലേറോ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ യുവതിയെ പിന്നീട് മൂന്നു പേര്‍ ക്രൂരമായി പീഡിപ്പിച്ചതായാണ് പരാതി.

അവശനിലയില്‍ കുന്നിന്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പച്ചക്കറികളുടെ ഇടയില്‍ ഒളിപ്പിച്ച് യുവതിയെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചതോടെയാണ് അവള്‍ക്ക് ജീവന്‍ രക്ഷിക്കാനായത്.

കലാപം രൂക്ഷമായിരുന്നതിനാല്‍ സംഭവത്തിന് രണ്ട് മാസം കഴിഞ്ഞ് 2023 ജൂലൈ 21-നാണ് യുവതിക്ക് പൊലീസില്‍ പരാതി നല്‍കാന്‍ സാധിച്ചത്. ഇതിനിടയില്‍ യുവതിക്ക് ഗുരുതരമായ പരിക്കുകളും ശ്വാസതടസ്സവും കടുത്ത മാനസിക ആഘാതവും അനുഭവിക്കേണ്ടിവന്നു.

ഗുവാഹത്തിയിലെ ആശുപത്രിയില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടാതെ 2026 ജനുവരി 10-നാണ് 22 വയസ്സുകാരിയായ യുവതി മരണത്തിന് കീഴടങ്ങിയത്.

”സംഭവത്തിന് മുമ്പ് വളരെ സന്തോഷവതിയായിരുന്ന എന്റെ മകള്‍, ആ ക്രൂരതയ്ക്ക് ശേഷം ചിരിക്കാന്‍ പോലും മറന്നു,” അമ്മ കണ്ണീരോടെ പ്രതികരിച്ചു. ഇംഫാലിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതിക്ക് നീതി ലഭിക്കാതെയാണ് അവള്‍ ലോകത്തോട് വിടപറഞ്ഞതെന്നും കുടുംബം പറഞ്ഞു.

യുവതിയുടെ മരണത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് കുക്കി സംഘടനയായ ഐ.ടി.എല്‍.എഫ് ആവശ്യപ്പെട്ടു.

മണിപ്പൂരിലെ വംശീയ കലാപത്തില്‍ ഇതുവരെ 260-ലധികം പേര്‍ കൊല്ലപ്പെടുകയും 50,000-ത്തിലധികം പേര്‍ വീടുവിട്ടൊഴിയേണ്ടിവരികയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

health

ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം കേള്‍ക്കുമ്പോള്‍ ദേഷ്യമോ വെറുപ്പോ? ഇത് മിസോഫോണിയയായിരിക്കാം

‘ശബ്ദത്തോടുള്ള വിദ്വേഷം’ എന്ന പേരിലും അറിയപ്പെടുന്ന മിസോഫോണിയ ഒരു കേൾവി രോഗമല്ല.

Published

on

ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ അമിതമായ വെറുപ്പോ ദേഷ്യമോ തോന്നുന്നുണ്ടോ? ഭക്ഷണം ചവയ്ക്കുന്ന ശബ്ദം, ശ്വാസമെടുക്കൽ, വിരൽ ഞൊട്ടൽ, പേന ക്ലിക്ക് ചെയ്യുന്നത്, കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം, ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം, വെള്ളം ഇറ്റിറ്റു വീഴുന്നത് തുടങ്ങിയ സാധാരണ ശബ്ദങ്ങൾ പോലും അസഹനീയമായി തോന്നുന്നവർക്ക് മിസോഫോണിയ (Misophonia) എന്ന അവസ്ഥ ഉണ്ടാകാം.

‘ശബ്ദത്തോടുള്ള വിദ്വേഷം’ എന്ന പേരിലും അറിയപ്പെടുന്ന മിസോഫോണിയ ഒരു കേൾവി രോഗമല്ല. മറിച്ച്, തലച്ചോർ ചില ശബ്ദങ്ങളെ എങ്ങനെ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ട മാനസിക-നാഡീ അവസ്ഥയാണ്. പലപ്പോഴും മനുഷ്യർ ഉണ്ടാക്കുന്ന ചെറിയ ശബ്ദങ്ങളാണ് ഇതിന് കാരണമാകുന്നത്. പുറമേ കാണുന്നവർക്ക് വിചിത്രമായി തോന്നാവുന്ന ഇത്തരം പ്രതികരണങ്ങൾ ചിലർക്കു നിയന്ത്രണാതീതമാകാറുമുണ്ട്.

ഗവേഷണങ്ങൾ പ്രകാരം, ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിലും സ്ത്രീകളിലുമാണ് മിസോഫോണിയയുടെ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. മിക്കവരിലും 9 മുതൽ 13 വയസിനുള്ളിലാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ തുടങ്ങുന്നത്. ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഉണ്ടാകുന്ന ശാരീരികവും ഹോർമോൺ സംബന്ധവുമായ മാറ്റങ്ങൾ ഇതിന് ഒരു കാരണമാകാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ‘കറന്റ് ബയോളജി’ എന്ന ശാസ്ത്രീയ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, നാഡീവ്യൂഹം വഴി തലച്ചോറിലെത്തുന്ന ചില ആന്തരിക പ്രേരണകളാണ് മിസോഫോണിയയെ ഉണർത്തുന്നത്.

പ്രധാന ലക്ഷണങ്ങൾ:
ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ മിസോഫോണിയയുള്ളവരിൽ വൈകാരികവും ശാരീരികവുമായ മാറ്റങ്ങൾ ഉണ്ടാകാം. പെട്ടെന്നുള്ള ദേഷ്യം, അറപ്പും വെറുപ്പും, നെഞ്ചിടിപ്പ് കൂടുക, വിയർപ്പ്, പേശികൾ മുറുകുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങൾ ഇതിൽപ്പെടുന്നു. ശബ്ദം കേൾക്കുന്ന സാഹചര്യത്തിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന തോന്നലും സാധാരണമാണ്.

എന്തുകൊണ്ട് സംഭവിക്കുന്നു?
മിസോഫോണിയയുടെ കൃത്യമായ കാരണം ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. എന്നാൽ, വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളും കേൾവിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും തമ്മിലുള്ള അമിതമായ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് ആന്റീരിയർ ഇൻസുലാർ കോർട്ടക്സ് എന്ന തലച്ചോർ ഭാഗം ഇത്തരം ശബ്ദങ്ങളോട് അതിവേഗം പ്രതികരിക്കുന്നതാണ് പ്രശ്‌നത്തിന് കാരണം.

മിസോഫോണിയ പൂര്‍ണമായി മാറ്റാനുള്ള മരുന്നുകൾ നിലവിലില്ലെങ്കിലും, ഇത് നിയന്ത്രിക്കാൻ വഴികളുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്ലെങ്കിൽ വൈറ്റ് നോയിസ് ഉപയോഗിക്കുന്ന സൗണ്ട് തെറാപ്പി, ചിന്താഗതികളിൽ മാറ്റം വരുത്തുന്ന കൗൺസിലിങ് (CBT), ഇയർപ്ലഗ്ഗുകൾ അല്ലെങ്കിൽ ഹെഡ്ഫോണുകൾ ഉപയോഗിച്ച് ശബ്ദം കുറയ്ക്കൽ, മതിയായ ഉറക്കം, വ്യായാമം, ധ്യാനം എന്നിവ വഴി സമ്മർദ്ദം കുറയ്ക്കൽ എന്നിവ സഹായകരമാണ്.

ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നവർ ഓഡിയോളജിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ സമീപിച്ച് കൃത്യമായ ഉപദേശം തേടുന്നത് ഉചിതമാണെന്ന് വിദഗ്ധർ പറയുന്നു.

Continue Reading

kerala

ശബ്ദം ഇടറി; പക്ഷെ നിലച്ചില്ല തക്കീയുദ്ധീനും കോട്ടൂരിനും കൈയടിക്കാം

എ.കെ.എം.എച്ച്.എസ്.എസിന്റെ പ്രധാന പാട്ടുകാരനായ തക്കിയുദ്ധീന്‍, ശ്വാസം മുട്ടലും ഛര്‍ദിയും അനുഭവിച്ചിട്ടും മത്സരം പൂര്‍ത്തിയാക്കി ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തു.

Published

on

തൃശൂര്‍: ശാരീരിക പ്രയാസങ്ങള്‍ മറികടന്ന് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ മുന്നേറിയ തക്കിയുദ്ധീന്‍ കോല്‍ക്കളി മത്സരത്തില്‍ ശ്രദ്ധേയനായി. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തില്‍ എ.കെ.എം.എച്ച്.എസ്.എസിന്റെ പ്രധാന പാട്ടുകാരനായ തക്കിയുദ്ധീന്‍, ശ്വാസം മുട്ടലും ഛര്‍ദിയും അനുഭവിച്ചിട്ടും മത്സരം പൂര്‍ത്തിയാക്കി ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തു.

ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കോല്‍ക്കളി നിര്‍ത്തണമെന്ന് പലരും ഉപദേശിച്ചിരുന്നുവെങ്കിലും, താന്‍ മാറിയാല്‍ ടീമിന്റെ നിലനില്‍പ് തന്നെ ബാധിക്കുമെന്ന് അറിഞ്ഞ തക്കിയുദ്ധീന്‍ പിന്മാറാന്‍ തയ്യാറായില്ല. സബ്ജില്ല മത്സരങ്ങളിലടക്കം പരിശീലന സമയങ്ങളില്‍ പലപ്പോഴായി തളര്‍ന്നു വീണെങ്കിലും, മത്സര വേദിയില്‍ തന്റെ പ്രയാസങ്ങള്‍ എല്ലാം മറന്ന് അദ്ദേഹം മുന്നേറി.

”ഇടയ്ക്കിടെ കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടായി. എങ്ങനെയും മത്സരം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്റെ കാരണം കൊണ്ട് ടീം തോല്‍ക്കരുതെന്ന് തീരുമാനിച്ചിരുന്നു,” മത്സരത്തിന് ശേഷം തക്കിയുദ്ധീന്‍ പറഞ്ഞു.

ദര്‍സ് വിദ്യാര്‍ത്ഥിയായിരുന്ന തക്കിയുദ്ധീന്‍ ഈ അധ്യായന വര്‍ഷമാണ് സ്‌കൂളിലെത്തിയത്. മികച്ച പാട്ടുകാരനായതിനാലാണ് അദ്ദേഹത്തെ കോല്‍ക്കളി ടീമില്‍ ഉള്‍പ്പെടുത്തിയത്. ആ തീരുമാനം പൂര്‍ണമായി ശരിയാണെന്ന് മത്സരം തെളിയിച്ചു.

2009 മുതല്‍ സംസ്ഥാന തല മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന കോട്ടൂര്‍ ടീമാണ് എ.കെ.എം.എച്ച്.എസ്.എസ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ടീം സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടുന്നത്. മഹ്റൂഫ് കോട്ടക്കലാണ് ടീമിന്റെ പരിശീലകന്‍.

Continue Reading

kerala

കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; യു.പി.ഐ വഴി 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി

‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍മാര്‍ എന്നിവര്‍ കരാറുകാരില്‍ നിന്ന് യു.പി.ഐ വഴിയായി മാത്രം 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി

Published

on

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍മാര്‍ എന്നിവര്‍ കരാറുകാരില്‍ നിന്ന് യു.പി.ഐ വഴിയായി മാത്രം 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി. ചില സ്ഥലങ്ങളില്‍ സമീപത്തെ തട്ടുകടക്കാരെ വരെ ഏജന്റുമാരാക്കി കൈക്കൂലി സ്വീകരിച്ചതായും വിജിലന്‍സ് കണ്ടെത്തി.

41 ഉദ്യോഗസ്ഥരാണ് കരാറുകാരില്‍ നിന്ന് കൈക്കൂലി സ്വീകരിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കെ.എസ്.ഇ.ബിയിലെ ഭൂരിഭാഗം സെക്ഷന്‍ ഓഫിസുകളിലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കരാറുകള്‍ നല്‍കിയതെന്നും ഒരേ കരാറുകാരന് തന്നെ വര്‍ഷങ്ങളായി വിവിധ ജോലികളുടെ കരാര്‍ നല്‍കുന്ന രീതിയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനങ്ങളുടെ ഉപയോഗത്തിലും ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ഫയലുകള്‍, സ്‌ക്രാപ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ തുടങ്ങിയവ പല ഓഫിസുകളിലും അപൂര്‍ണമാണെന്നും മിക്കയിടങ്ങളിലും സ്‌ക്രാപ് മെറ്റീരിയലുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. ആറുമാസം ഇടവേളകളില്‍ സോണ്‍ മാറ്റി നിയമിക്കേണ്ട മീറ്റര്‍ റീഡര്‍മാരെ മൂന്ന് വര്‍ഷത്തിലധികമായി ഒരേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതായും കണ്ടെത്തി.

വര്‍ക്കല സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍ 55,200 രൂപയും മറ്റൊരു സബ് എന്‍ജിനീയര്‍ 4,000 രൂപയും ഗൂഗിള്‍ പേ വഴി സ്വീകരിച്ചു. പാറശ്ശാലയിലെ സബ് എന്‍ജിനീയര്‍ 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസി. എന്‍ജിനീയര്‍ 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എന്‍ജിനീയര്‍മാര്‍ 5,000 രൂപയും സ്വീകരിച്ചതായി കണ്ടെത്തി. ഓച്ചിറയിലെ ലൈന്‍മാന്‍ ഉപയോക്താക്കളില്‍ നിന്ന് 1,900 രൂപ വാങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

അടൂരില്‍ സബ് എന്‍ജിനീയര്‍ 15,000 രൂപയും ലൈന്‍മാന്‍ 10,000 രൂപയും ഗൂഗിള്‍ പേ മുഖേന സ്വീകരിച്ചു. തിരുവല്ലയിലെ ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് സമീപത്തെ കടയുടമയുടെ അക്കൗണ്ടില്‍ നിന്ന് 1.67 ലക്ഷം രൂപ കൈമാറിയതായി കണ്ടെത്തി. ഈ കടയുടമ ഉദ്യോഗസ്ഥന്റെ ഏജന്റാണെന്ന സംശയവും വിജിലന്‍സ് ഉന്നയിച്ചു. ചങ്ങനാശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസില്‍ സബ് എന്‍ജിനീയര്‍ 1.83 ലക്ഷം രൂപയും ഓവര്‍സീയര്‍ 18,550 രൂപയും കരാറുകാരില്‍ നിന്ന് സ്വീകരിച്ചു.

കട്ടപ്പന സെക്ഷന്‍ ഓഫിസില്‍ അസി. എന്‍ജിനീയര്‍ 2,35,700 രൂപയും സബ് എന്‍ജിനീയര്‍മാര്‍ 72,700 രൂപയും മറ്റ് ഉദ്യോഗസ്ഥര്‍ 4,000 രൂപയും കരാറുകാരില്‍ നിന്ന് കൈപ്പറ്റിയതായി കണ്ടെത്തി. ഇതിന് പുറമേ ഈ ഓഫിസിലെ നാല് ഉദ്യോഗസ്ഥര്‍ 1.86 ലക്ഷം രൂപ കരാറുകാര്‍ക്ക് തിരികെ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ബിനാമി കരാറുകാര്‍ വഴിയായി ഉദ്യോഗസ്ഥര്‍ തന്നെ ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുണ്ടോയെന്നതും വിജിലന്‍സ് അന്വേഷിക്കും.

വൈദ്യുതി മന്ത്രിയുടെ മണ്ഡലമായ ചിറ്റൂരിലെ സെക്ഷന്‍ ഓഫിസില്‍ അസി. എന്‍ജിനീയര്‍ 1.27 ലക്ഷം രൂപയും സബ് എന്‍ജിനീയര്‍ 20,000 രൂപയും രണ്ട് ഓവര്‍സിയര്‍മാര്‍ ചേര്‍ന്ന് 28,800 രൂപയും ഗൂഗിള്‍ പേ മുഖേന കൈപ്പറ്റിയതായി കണ്ടെത്തി. മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി സെക്ഷന്‍ ഓഫിസുകളില്‍ നിന്നായി കണക്കില്‍പ്പെടാത്ത 34,000 രൂപയും പിടിച്ചെടുത്തു.

തുടര്‍ പരിശോധനകളും ഫീല്‍ഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്നും സംശയമുള്ള ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബാംഗങ്ങള്‍, കരാറുകാര്‍, ഇടനിലക്കാര്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം അറിയിച്ചു.

Continue Reading

Trending