മലപ്പുറം: വീണാലുക്കല്‍ താഴേക്കാട്ട്പടിയിലെ വയലിനോടു ചേര്‍ന്ന കുളത്തില്‍ ഉമ്മയും രണ്ടു മക്കളും മുങ്ങിമരിച്ചു. നാട്ടുകാരുടെ സ്‌നേഹവും കരുതലും ചേര്‍ത്ത് നിര്‍മിച്ച വീട്ടില്‍ ഇനി പത്തൊമ്പതുകാരനായ മുഹമ്മദ് ഫാസില്‍ മാത്രം.
പരേതനായ കുമ്മൂറ്റിക്കല്‍ മൊയ്തീന്റെ ഭാര്യ സൈനബ (56), മക്കളായ ആഷിഖ് (20), ഫാത്തിമ ഫാസിമ (18) എന്നിവരാണ് മരിച്ചത്. കുളിക്കാനും വസ്ത്രമലക്കാനുമായി കുളത്തിലിറങ്ങിയപ്പോഴാണ് മൂവരും അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്കു നീന്തല്‍ വശമില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്നലെ വൈകിട്ട് നാലരയോടെ കുളത്തിനു സമീപത്തുകൂടി പോയ ഒരു അതിഥിത്തൊഴിലാളിയാണ് ആദ്യം ഫാത്തിമ ഫാസിമയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പരിസരവാസികളാണ് പിന്നീട് സൈനബയുടെയും ആഷിഖിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് കബറടക്കം നടക്കും.
മധുര സ്വദേശിയായിരുന്ന പെയിന്റിങ് തൊഴിലാളി മൊയ്തീന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ സൈനബയും കുടുംബവും പെയിന്റിങ് ജോലിക്കായി പറപ്പൂരിലെത്തിയതായിരുന്നു. തുടക്കത്തില്‍ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. മൊയ്തീന്റെ മരണത്തോടെ കുടുംബം നിരാലംബാവസ്ഥയിലായതിനെ തുടര്‍ന്ന്, ഇവരുടെ അവസ്ഥ മനസ്സിലാക്കിയ വീണാലുക്കല്‍ പൗരസമിതി അഞ്ചു വര്‍ഷം മുന്‍പ് സൗജന്യമായി വീടുവച്ചു നല്‍കി.
ആഷിഖും മുഹമ്മദ് ഫാസിലും ചില്ലറ ജോലികള്‍ ചെയ്തിരുന്നുവെങ്കിലും, വീടുകളില്‍ സഹായത്തിനുപോയ സൈനബയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പറപ്പൂര്‍ ഐയു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ ഫാസിമ. ഉറ്റവരുടെ മരണത്തോടെ കുടുംബത്തില്‍ ഇനി മുഹമ്മദ് ഫാസില്‍ മാത്രമാണ് ശേഷിക്കുന്നത്. സിമന്റിനും കല്ലിനുമൊപ്പം സ്‌നേഹവും കരുതലും ചേര്‍ത്ത് പണിത വീട്ടില്‍, ഇനി അവശേഷിക്കുന്നത് വലിയൊരു ശൂന്യത മാത്രമാണ്.