Connect with us

News

മലപ്പുറം എടക്കരയില്‍ റബര്‍ തോട്ടത്തിന് തീപിടിച്ചു; ഒന്നര ഏക്കര്‍ പ്രദേശത്തെ അടിക്കാടുകള്‍ കത്തിനശിച്ചു

ശക്തമായ കാറ്റും കടുത്ത ചൂടും തീ അണയ്ക്കുന്നതിന് തടസമായി.

Published

on

മലപ്പുറം: എടക്കര പെരുങ്കുളത്ത് റബര്‍ തോട്ടത്തില്‍ തീപിടിത്തമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തീ പടര്‍ന്നതോടെ ഏകദേശം ഒന്നര ഏക്കര്‍ പ്രദേശത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. റബര്‍ തോട്ടത്തിന് സമീപം അഞ്ച് കുടുംബങ്ങള്‍ വീടുനിര്‍മാണത്തിനായി വാങ്ങിയ സ്ഥലത്തേക്കും തീ വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ കാറ്റും കടുത്ത ചൂടും തീ അണയ്ക്കുന്നതിന് തടസമായി.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് എടക്കര ഇന്‍സ്‌പെക്ടര്‍ വി.കെ. കമറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ട്രോമ കെയര്‍ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി. നിലമ്പൂരില്‍ നിന്ന് ഫയര്‍ ഓഫീസര്‍ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമന സേനയും സ്ഥലത്തെത്തി.
എന്നാല്‍ അഗ്‌നിശമന സേന എത്തുന്നതിന് മുന്‍പ് തന്നെ എടക്കര പൊലീസ്, ട്രോമ കെയര്‍ അംഗങ്ങള്‍, ഹംസ പാലാങ്കര, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കി. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

News

ഉച്ചതിരിഞ്ഞ് തിരിച്ചുകയറി സ്വര്‍ണവില; റെക്കോഡിന് തൊട്ടരികെ

ബുധനാഴ്ച സ്വര്‍ണവില രണ്ട് തവണ ഉയര്‍ന്നതോടെയാണ് സര്‍വകാല റെക്കോഡിനരികെയെത്തിയത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞ് വീണ്ടും തിരിച്ച് കയറി. രാവിലെ പവന് 600 രൂപ കുറഞ്ഞിരുന്ന സ്വര്‍ണവില ഉച്ചതിരിഞ്ഞോടെ തിരികെ കയറി 320 രൂപ വര്‍ധിച്ചു. ഇതോടെ 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,165 രൂപയിലും പവന്‍ 1,05,320 രൂപയിലുമാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്.

മറ്റ് കാറ്റഗറികളില്‍ 18 കാരറ്റ് സ്വര്‍ണത്തിന് 10,820 രൂപയും 14 കാരറ്റിന് 8,430 രൂപയും 9 കാരറ്റിന് 5,435 രൂപയുമാണ് നിലവിലെ വില. അതേസമയം വെള്ളിവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 290 രൂപയിലാണ് ഇപ്പോള്‍ വെള്ളിയുടെ വില.

ബുധനാഴ്ച സ്വര്‍ണവില രണ്ട് തവണ ഉയര്‍ന്നതോടെയാണ് സര്‍വകാല റെക്കോഡിനരികെയെത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയിലേക്കും പവന് 800 രൂപ കൂടി 1,05,320 രൂപയിലേക്കുമായിരുന്നു ഉയര്‍ച്ച. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയിലും പവന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയിലുമെത്തി പുതിയ റെക്കോഡ് സ്ഥാപിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്. ട്രോയ് ഔണ്‍സിന് 4,607 ഡോളറിലാണ് സ്വര്‍ണം ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വെള്ളിവില ഔണ്‍സിന് 89.85 ഡോളറിലെത്തി. വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഇറാനും വെനിസ്വേലയുമെല്ലാം സംബന്ധിച്ച അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നതെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന മാനദണ്ഡം പിന്നിട്ടത്.

Continue Reading

News

ശബരിമല നെയ്യ് വില്‍പ്പന ക്രമക്കേട്, വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

Published

on

തിരുവനന്തപുരം: ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. പ്രാഥമിക പരിശോധനയില്‍ 36.24 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ് അറിയിച്ചു. നെയ്യ് വില്‍പ്പന ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ 33 പേരാണ് കേസിലെ പ്രതികള്‍.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയില്‍ ലഭിച്ച പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിലൂടെ ഏകദേശം 13 ലക്ഷം രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.
ഇത് ഒരാള്‍ മാത്രം നടത്തിയ തട്ടിപ്പല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സംഭവത്തെ തുടര്‍ന്ന് ദേവസ്വം ജീവനക്കാര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

ഭക്തരെ സേവിക്കാനല്ല, സ്വന്തം ലാഭത്തിനായാണ് ചില ജീവനക്കാര്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന നിരീക്ഷണവും കോടതി നടത്തി.
ഇത്തരം ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനായി സമഗ്രവും സുതാര്യവുമായ സോഫ്റ്റ്വെയര്‍ സംവിധാനം ദേവസ്വം ബോര്‍ഡ് ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നടപടികള്‍ വൈകിയാല്‍ അത് ചിലരുടെ വ്യക്തിഗത താല്‍പര്യമായി കണക്കാക്കേണ്ടിവരുമെന്നും ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

 

Continue Reading

world

ആശങ്കകള്‍ക്ക് വിരാമം; ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയില്‍ തിരിച്ചെത്തി

നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും.

Published

on

കാലിഫോര്‍ണിയ: ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഇന്ന് ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ക്രൂ-11 സംഘവുമായി സ്പേസ്എക്‌സിന്റെ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം കാലിഫോര്‍ണിയ തീരത്ത് സ്പ്ലാഷ്ഡൗണ്‍ ചെയ്തത്.

ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത ശേഷം പത്തര മണിക്കൂര്‍ സമയമെടുത്താണ് ഡ്രാഗണ്‍ പേടകത്തിന്റെ ലാന്‍ഡിംഗ്. പ്രത്യേക ബോട്ടുപയോഗിച്ച് ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി കരയിലെത്തിച്ചു. നാല് ബഹിരാകാശ സഞ്ചാരികളെയും വിശദമായ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാക്കും.

2025 ഓഗസ്റ്റ് ഒന്നിനാണ് ക്രൂ-11 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് രണ്ടാം തീയതി ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തു. ആറ് മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഈ നാല്‍വര്‍ സംഘം 2026 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് മടങ്ങാനാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ മുന്‍നിശ്ചയിച്ചിരുന്നത്.

എന്നാല്‍ സ്‌പേസ്എക്സ് ക്രൂ-11 സംഘത്തിലെ പേര് വെളിപ്പെടുത്താത്ത ഒരു നാസ പ്രതിനിധിക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെ ഇവരോട് ദൗത്യം വെട്ടിച്ചുരുക്കി ഭൂമിയിലേക്ക് മടങ്ങാന്‍ നാസ നിര്‍ദേശിക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ക്രൂ-11 സംഘത്തിന്റെ മടക്കം.

 

Continue Reading

Trending