india

ആരാധക തിരക്കിൽ നടൻ വിജയ് നിലത്തുവീണു; ചെന്നൈ വിമാനത്താവളത്തിൽ ആശങ്ക

By sreenitha

December 29, 2025

ചെന്നൈ: ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ നടനും ടിവികെ മേധാവിയുമായ വിജയ്‌യെ വിമാനത്താവളത്തിൽ ആരാധകർ വളഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട സാഹചര്യമുണ്ടായി. കാറിലേക്കു നടക്കുന്നതിനിടെ ആൾക്കൂട്ടം തിങ്ങിക്കൂടിയതോടെ മുന്നോട്ട് നീങ്ങാനാകാതെ വിജയ് നിലത്തുവീണു.

നടനെ കാണാനായി വലിയ തോതിൽ ആരാധകരാണ് ചെന്നൈ വിമാനത്താവളത്തിൽ ഒത്തുകൂടിയത്. വിജയ് എത്തിയതോടെ ആരാധകർ ഒരുമിച്ച് അടുത്തേക്ക് പാഞ്ഞെത്തി. സുരക്ഷാ സേനയും അംഗരക്ഷകരും ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിച്ചില്ല. ആരാധകർ ആർപ്പുവിളികളുമായി സുരക്ഷാ ബെൽറ്റ് മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് സ്ഥിതി കൈവിട്ടത്.

നടനൊപ്പം നിൽക്കാനും ഫോട്ടോ എടുക്കാനും ആരാധകർ ശ്രമിക്കുന്നതിനിടെയാണ് വിജയ് വീണത്. ഉടൻ സുരക്ഷാ സംഘം താരത്തെ പിടിച്ചുയർത്തി സുരക്ഷിതമായി കാറിലേക്ക് മാറ്റി. വീഴ്ചയിൽ വിജയിന് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സമീപകാലത്ത് ടിവികെ സമ്മേളനത്തിനിടെ വിജയ് പ്രസംഗിക്കുന്ന സമയത്ത് ഒരു ആരാധകൻ സമ്മേളനനഗരിയിലെ ടവറിലേക്ക് കയറിയത് സുരക്ഷാ ആശങ്ക ഉയർത്തിയിരുന്നു. വിജയ് പലതവണ അഭ്യർഥിച്ചതിനെ തുടർന്നാണ് ഇയാൾ താഴെയിറങ്ങിയത്.

ശനിയാഴ്ച മലേഷ്യയിലെ ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിൽ ‘ദളപതി തിരുവിഴ’ എന്ന പേരിൽ ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചിരുന്നു. പൂർണ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള വിജയിയുടെ അവസാന സിനിമയെന്ന നിലയിൽ നടന്ന ചടങ്ങിൽ പ്രമുഖ സെലിബ്രിറ്റികളും ആരാധകരും പൊതുജനങ്ങളും ഉൾപ്പെടെ 80,000ലേറെ പേർ പങ്കെടുത്തു.