Connect with us

News

ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം

കേന്ദ്ര സര്‍ക്കാരും അതത് രാജ്യങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിലവില്‍ ലഭ്യമായ വിമാന സര്‍വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനത്തിനിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വ്യോമപാതകള്‍ അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

കേന്ദ്ര സര്‍ക്കാരും അതത് രാജ്യങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിലവില്‍ ലഭ്യമായ വിമാന സര്‍വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലെ ഹെല്‍പ് ഡെസ്‌കുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം ഖത്തറില്‍ താമസക്കാരല്ലാത്തതായി അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ എംബസി നടപടി തുടങ്ങി. 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ ഖത്തറില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ വിനോദസഞ്ചാരികളായോ ഹ്രസ്വകാല സന്ദര്‍ശകരായോ (ഹയ്യ A1 വിസയുള്ളവര്‍) ഖത്തറില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസവും ആക്രമണങ്ങള്‍ തുടരുകയായിരുന്നു. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചതായും കുവൈത്തിനും നേരെ ആക്രമണം ഉണ്ടായതായും വിവരങ്ങളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്

വന്‍ തിരക്കിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതവും തടസ്സപ്പെട്ടു.

Published

on

By

കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നല്‍കുമെന്ന ഓഫറിനെ തുടര്‍ന്ന് കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തിരക്ക്. ഇരുപതിനായിരത്തിലധികം പേരാണ് ഓഫറിനെ തുടര്‍ന്ന് കടയ്ക്ക് മുന്നിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കട ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കട നടത്തിപ്പുകാരായ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ വലിയ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയെന്നാണ് കേസിലെ ആരോപണം. അനുമതി ഇല്ലാതെ കട തുറക്കരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി.

ഒരു രൂപയ്ക്ക് ഷൂ ലഭിക്കുമെന്ന പരസ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വന്‍ തിരക്ക് ഉണ്ടായത്. മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി ആളുകള്‍ ഓഫര്‍ ലഭിക്കാനായി എത്തിയിരുന്നു. കടയ്ക്ക് മുന്നില്‍ ആളുകള്‍ വലിയ തോതില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷസാഹചര്യം ഉണ്ടാകുകയും തുടര്‍ന്ന് പൊലീസ് ലാത്തി വീശി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തു.

‘ട്രെന്‍ഡ് ഫാക്ടറി’ എന്ന കടയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ഇന്ന് കട തുറക്കുന്ന സമയത്ത് എത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഷൂ നല്‍കാമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ പുലര്‍ച്ചെ മൂന്നുമണി മുതല്‍ തന്നെ യുവാക്കളും കുട്ടികളും കടയ്ക്ക് മുന്നില്‍ എത്തി കാത്തുനിന്നതായി നാട്ടുകാര്‍ പറഞ്ഞു.

വന്‍ തിരക്കിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതവും തടസ്സപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

News

ഇറാൻ ആക്രമണത്തിൽ യു.എസ് റഡാർ തകർന്നു; ഒടുവിൽ സമ്മതിച്ച് അമേരിക്ക

ഗൾഫ് മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായകമായ ഈ റഡാർ സംവിധാനമാണ് തകർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Published

on

By

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ നിർണായക മിസൈൽ പ്രതിരോധ സംവിധാനമായ ഒരു റഡാർ ഇറാൻ ആക്രമണത്തിൽ തകർന്നതായി അമേരിക്ക ഒടുവിൽ സ്ഥിരീകരിച്ചു. ഏകദേശം 300 മില്യൺ ഡോളർ വിലമതിക്കുന്ന ഥാഡ് മിസൈൽ പ്രതിരോധ സംവിധാനംയുടെ റഡാറാണ് ആക്രമണത്തിൽ നശിച്ചതെന്ന് അമേരിക്കൻ അധികൃതർ അറിയിച്ചു.

ഗൾഫ് മേഖലയിലെ അമേരിക്കൻ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിർണായകമായ ഈ റഡാർ സംവിധാനമാണ് തകർന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ മേഖലയിലെ പ്രതിരോധ സംവിധാനം ദുര്‍ബലപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.

ജോർദാനിലെ മുവഫഖ് സൽതി വ്യോമതാവളം സമീപത്താണ് ഈ റഡാറും അനുബന്ധ ഉപകരണങ്ങളും പ്രവർത്തിച്ചിരുന്നത്. ഉപഗ്രഹ ചിത്രങ്ങൾ ഉദ്ധരിച്ച് ഈ സംവിധാനത്തിന് നാശനഷ്ടമുണ്ടായതായി മുൻപ് വാർത്തകൾ വന്നിരുന്നെങ്കിലും അന്നത്തെ സാഹചര്യത്തിൽ അമേരിക്ക പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്റാഈൽയും ചേർന്ന് ഇറാൻ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് നടന്ന ആക്രമണങ്ങളിലൊന്നിലാണ് ഈ റഡാർ സംവിധാനം തകർന്നതെന്നാണ് റിപ്പോർട്ടുകൾ.

മിസൈൽ ആക്രമണങ്ങൾ കണ്ടെത്താനും തടയാനും നിർണായക പങ്ക് വഹിക്കുന്ന സംവിധാനമാണ് ഥാഡ്. ഇത് തകരുന്നത് ഗൾഫ് മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് തിരിച്ചടിയായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, സമാനമായ മറ്റ് റഡാർ സംവിധാനങ്ങൾ അമേരിക്കയ്ക്ക് മേഖലയിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ പ്രതിരോധ സംവിധാനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

2008ലാണ് അമേരിക്ക ഥാഡ് സംവിധാനം വികസിപ്പിച്ചത്. യു.എ.ഇ, ഇസ്റാഈൽ, റുമേനിയ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഈ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.

Continue Reading

News

‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ഔദ്യോഗിക റിപ്പോർട്ടുകളേക്കാൾ ഏറെ ഉയർന്ന നാശനഷ്ടങ്ങളാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

By

ന്യൂഡൽഹി: പുറംലോകം അറിയുന്നതല്ല ഇസ്റാഈലിലെ യഥാർത്ഥ അവസ്ഥയെന്ന് വെളിപ്പെടുത്തി ഇന്ത്യൻ മാധ്യമപ്രവർത്തകൻ ബ്രജ് മോഹൻ സിങ്. ബങ്കറുകളിൽ പോലും ആളുകൾ മരിച്ചുവീഴുന്ന സാഹചര്യമാണെന്നും അവിടത്തെ നാശനഷ്ടങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ ഇസ്റാഈൽ പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ബ്രജ് മോഹൻ സിങ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെത്തിയത്. അവിടെ കടുത്ത വാർത്താ നിയന്ത്രണവും സെൻസർഷിപ്പുമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

“പുറത്ത് അറിയുന്നതല്ല അവിടത്തെ സ്ഥിതി. ബങ്കറുകളിൽ പോലും ആളുകൾ മരിച്ചുവീഴുന്നു. മരണസംഖ്യയും നാശനഷ്ടങ്ങളും സർക്കാർ മറച്ചുവെക്കുകയാണ്,” എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മിസൈലുകൾ ഇന്ത്യക്കാരനെയോ ഇസ്റാഈലിയെയോ വേർതിരിക്കാതെ പതിക്കുന്ന സാഹചര്യമാണ് അവിടെയെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധസാഹചര്യത്തിൽ ഇസ്റാഈൽ സൈന്യത്തിന് വിരുദ്ധമായ വാർത്തകൾ പുറത്തുവിടുന്നത് ഏറെ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസികൾക്കും വിദേശ മാധ്യമപ്രവർത്തകർക്കും മേൽ സൈനിക സെൻസർമാർ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സൈന്യത്തിന്റെ അനുമതി നേടേണ്ടി വരുന്നതായും പല പ്രധാന വിവരങ്ങളും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകർക്ക് മൃതദേഹങ്ങൾ ചിത്രീകരിക്കാനോ ആശുപത്രികൾ സന്ദർശിക്കാനോ കൃത്യമായ മരണസംഖ്യ കണ്ടെത്താനോ പലപ്പോഴും അനുമതിയില്ല. ഔദ്യോഗിക റിപ്പോർട്ടുകളേക്കാൾ ഏറെ ഉയർന്ന നാശനഷ്ടങ്ങളാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ആക്രമണം നടന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും വൈകിയാണ് മാധ്യമങ്ങൾക്ക് ലഭിക്കുന്നത്. “അടുത്ത ദിവസം സ്ഥലത്ത് എത്തുമ്പോൾ ഒരാൾ മാത്രമേ മരിച്ചിട്ടുള്ളൂ എന്ന് പറയപ്പെടുന്നു. എന്നാൽ നാല് വീടുകളിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി നാട്ടുകാർ പറയുന്ന സംഭവങ്ങൾ പലതും ഞങ്ങൾ കേട്ടിട്ടുണ്ട്,” എന്നും അദ്ദേഹം പറഞ്ഞു.
ബങ്കറുകൾ സുരക്ഷിതമാണെന്ന സർക്കാർ വാദവും തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. നൂറ് അടി താഴ്ചയുള്ള ബങ്കറുകൾക്കുള്ളിൽ പോലും ആളുകൾ മരിച്ചുവീഴുന്ന സംഭവങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും മിസൈൽ ആക്രമണങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് സൈറണുകൾ പോലും മുഴങ്ങാത്ത സാഹചര്യം ഉണ്ടെന്നും സുരക്ഷിതമെന്ന് കരുതുന്ന സ്ഥലങ്ങളിലും അപ്രതീക്ഷിത ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശ പ്രദേശങ്ങളിലെ യഥാർത്ഥ സ്ഥിതി ലോകത്തിന് മുന്നിലെത്താതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി വിവരങ്ങൾ ശേഖരിക്കാനോ സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണ് അവിടെയെന്നും ബ്രജ് മോഹൻ സിങ് ആരോപിച്ചു.

Continue Reading

Trending