ഭുവനേശ്വര്‍: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി തുലാസില്‍ തന്നെ. സൂപ്പര്‍ സണ്‍ഡേയില്‍ നടന്ന ഐ.എസ് എല്‍ പോരാട്ടങ്ങളിലെ ആദ്യ ഫലം ബ്ലാസ്‌റ്റേഴിസിന്റെ സാധ്യതകളെ ബാധിക്കുമ്പോള്‍ ഫലം സാധ്യതകളെ സജീവമാക്കുന്നു. ആദ്യ മല്‍സരത്തില്‍ ശക്തരായ പൂനെയെ നാല് ഗോളിന് ഗോവക്കാര്‍ മുക്കിയതോടെ അവര്‍ ടേബിളില്‍ ബ്ലാസ്‌റ്റേഴ്‌സിന് തൊട്ട് പിറകെ ആറാമത് വന്നു. രണ്ട് കളികള്‍ ബാക്കിനില്‍ക്കുന്നു, അതേ സമയം ബ്ലാസ്‌റ്റേഴ്‌സിന് മുകളില്‍ നാലാം സ്ഥാനത്തുളള ജാംഷഡ്പ്പൂര്‍ ബംഗളൂരുവിനോട് തോറ്റതോടെ വലിയ ആശ്വാസവുമായി. ബ്ലാസ്‌റ്റേഴ്‌സും ജാംഷഡ്പ്പൂരും തമ്മില്‍ കേവലം ഒരു പോയിന്റാണ് വിത്യാസം. അവസാന മല്‍സരങ്ങളാണ് ഇനി നിര്‍ണായകം.

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബംഗളൂരു എഫ്‌സി തോല്‍പ്പിച്ചു. മിക്കു(23), സുനില്‍ ഛേത്രി(34) എന്നിവരാണ് ബംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ 17 കളികളില്‍ നിന്നും 26 പോയിന്റുമായി ജംഷഡ്പൂര്‍ എഫ്‌സി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 25 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് തൊട്ടു താഴെ സ്ഥാനം പിടിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്കും ബാക്കിയുള്ളത് ഓരോ കളികള്‍ വീതം. 24 പോയിന്റുമായി എഫ്‌സി ഗോവ ആറാം സ്ഥാനത്തുമുണ്ട്. അവര്‍ക്ക് രണ്ട് മത്സരങ്ങള്‍ ബാക്കിയുമുണ്ട്. നേരത്തെ തന്നെ സെമിയില്‍ എത്തിയ ബംഗളൂരിന് 37 പോയിന്റായി. ഒന്നാം പകുതിയിലാണ് ബംഗളൂരു രണ്ട് ഗോളുകളും നേടിയത്. നേരത്തെ തന്നെ സെമിയില്‍ എത്തിയ ബംഗളൂരു എഫ്‌സി അതൊന്നും കണക്കാക്കാതെയാണ് കളിച്ചത്. എന്നാല്‍ അവര്‍ക്ക് ഒരു കണക്ക് തീര്‍ക്കേണ്ടതുമുണ്ടായിരുന്നു. ബംഗളൂരുവില്‍ നടന്ന ആദ്യ മത്സരത്തില്‍ ജംഷഡ്പൂര്‍ ബംഗളൂരുവിനെ തോല്‍പ്പിച്ചിരുന്നു. അതിന്റെ എല്ലാ വാശിയുമായാണ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മിക്കുവും മറ്റും കളം നിറഞ്ഞ് കളിച്ചത്. ഒന്‍പതാം മിനുട്ടില്‍ തന്നെ ഇരുവരും ചേര്‍ന്ന് നല്ലൊരവസരം തുറന്നെടുത്താണ്. സുനില്‍ ഛേത്രിയ്ക്ക് പിഴച്ചു. നാലു മിനുട്ടിന് ശേഷം ഉദാന്താ സിങ്ങിന്റെ ക്രോസ് മിക്കുവും പാഴാക്കി. 23ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് ബംഗളൂരു ആദ്യ ഗോള്‍ നേടുന്നത്. ബോക്‌സിലേക്ക് ഓടിക്കയറിയ മിക്കുവിനെ ജംഷെഡ്പൂര്‍ ഗോളി സുബ്രതാ പോള്‍ വീഴ്ത്തുകയായിരുന്നു. മിക്കു തന്നെ കിക്കെടുത്ത് ബംഗളൂരുവിനെ മുന്നിലെത്തിച്ചു. 33ാം മിനുട്ടില്‍ മിക്കുവിന്റെ ത്രൂ പാസില്‍ ഉദാന്താ സിങ്ങിനും നല്ലൊരവസരം ലഭിച്ചു. പക്ഷെ പന്ത് പുറത്തേക്ക് പറന്നു. തൊട്ടടുത്ത മിനുട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ടൂര്‍ണ്ണമെന്റിലെ തന്റെ പത്താം ഗോള്‍ നേടി. ദിമാസിന്റെ കോര്‍ണറില്‍ ഛേത്രി കൃത്യമായി തലവെച്ചു.
ഛേത്രിയേയും മിക്കുവിനേയും നേരിടാന്‍ പ്രതിരോധത്തില്‍ സുമീത് പാസിയെ പിന്‍വലിച്ച് മലയാളിയായ അനസ് എടത്തൊടികയെ ഇറക്കിയാണ് രണ്ടാം പകുതിയില്‍ ജംഷഡ്പൂര്‍ എഫ്‌സി കോച്ച് സ്റ്റീവ് കോപ്പല്‍ പരീക്ഷിച്ചത്. പക്ഷെ പരിക്കേറ്റ അനസിന് പത്ത് മിനുട്ടേ കളിക്കാന്‍ കഴിഞ്ഞുള്ളൂ. രണ്ടാം പകുതിയില്‍ ബംഗളൂരു പ്രതിരോധത്തിലേക്ക് വലിഞ്ഞപ്പോള്‍ ജംഷഡ്പൂര്‍ എഫ്‌സിയാണ് കൂടുതല്‍ അക്രമണത്തില്‍ ശ്രദ്ധിച്ചു. ജെറിയും യുമ്‌നാം രാജുവും നൈജീരിയന്‍ താരം അസുക്കയും നിരന്തരം ബംഗളൂരിന് ഭീഷണിയുയര്‍ത്തി. ജെറിയുടെ മികച്ചൊരു ഷോട്ട് ഗോളി ഗുര്‍പ്രീത് സിങ് രക്ഷപ്പെടുത്തി. രണ്ട് മിനുട്ടിനുള്ളില്‍ യുമ്‌നാം രാജുവിന്റെ ക്രോസില്‍ അസുക്കയുടെ വോളി ബാറിന് മുകളിലൂടെ പറന്നു. അസൂക്കയുടെ ഒരു ബൈസിക്കിള്‍ കിക്കും പാഴാവുന്നത് കാണാമായിരുന്നു.
അവസാന മിനുട്ടുകളില്‍ കോപ്പലിന്റെ കുട്ടികള്‍ ഒന്നടങ്കം ബംഗളൂരിവിന്റെ പാതിയില്‍ നിറഞ്ഞു കളിച്ചു. പക്ഷെ ഗോള്‍ മാത്രം വന്നില്ല. ബംഗളൂരു പ്രതിരോധത്തെ അവര്‍ പല തവണ തോല്‍പ്പിച്ചു. എന്നാല്‍ അപ്പോഴൊക്കെ ബാറിന് താഴെ ഗുര്‍പ്രീത് സിങ്ങ് ഉറച്ചു നിന്നു. കളി തീരാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ജംഷെഡ്പൂരിന്റെ മെഹ്താബ് ഹുസൈന് ഛേത്രിയെ ഫൗള്‍ ചെയ്തതിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടിയും വന്നു.