X

എയര്‍സെല്‍-മാക്‌സിസ് കേസ് മാരന്‍ സഹോദരന്‍മാരെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: വിവാദമായ എയര്‍സെല്‍-മാക്‌സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി ദയാനിധിമാരന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളേയും പ്രത്യേക സിബിഐ കോടതി വെറുതെവിട്ടു.
കേസില്‍ ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും ഉള്‍പ്പെടെയുള്ള എട്ടുപ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടുജി കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി ഒ.പി സൈനിയുടെ നടപടി.  സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്റ്ററേറ്റുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. കേസില്‍ വിചാരണ വേണ്ടെന്നും ഡല്‍ഹി കോടതി വിധിച്ചു.

2006ല്‍ എയര്‍സെല്‍, മലേഷ്യന്‍ ടെലികോം സ്ഥാപനമായ മാക്‌സിസ് ഏറ്റെടുത്തതിലെ ക്രമക്കേട് ആണ് കേസിനാധാരം. മാരന്‍ സഹോദരന്‍മാര്‍ 700 കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. എയര്‍സെല്ലിലെ ഓഹരികള്‍ മലേഷ്യ ആസ്ഥാനമായ മാക്‌സിസിന് വില്‍ക്കുന്നതിന് ചെന്നൈയിലെ പ്രൊമോട്ടര്‍ സി. ശിവശങ്കരനുമേല്‍ 2004-2007 കാലയളവില്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതിനു പ്രത്യുപകാരമായി മാക്‌സിസ്, മാരന്‍ സഹോദരന്‍മാരുടെ ഉടമസ്ഥതയിലുള്ള സണ്‍നെറ്റ് വര്‍ക്ക് ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയെന്നും സിബിഐ കണ്ടെത്തിയിരുന്നു.

കേസില്‍ 2014 ഒക്ടോബറിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കുറ്റകരമായ ഗൂഢാലോചന, അഴിമതിനിരോധന നിയമം എന്നിവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു കുറ്റപത്രം. അതേ സമയം വ്യാഴാഴ്ചയിലെ കോടതി ഉത്തരവ് മലേഷ്യന്‍ പൗരന്‍മാരായ റാല്‍ഫ് മാര്‍ഷല്‍, ടി അനന്ത കൃഷ്ണന്‍ എന്നിവര്‍ക്ക് ബാധകമാവില്ല. ഇരുവര്‍ക്കുമെതിരായ വിചാരണ കോടതി നേരത്തെ വേര്‍പെടുത്തിയിരുന്നു.

മാരന്‍ സഹോദരന്‍മാര്‍ക്കു പുറമെ, റാല്‍ഫ് മാര്‍ഷല്‍, ടി അനന്ത കൃഷ്ണന്‍, സണ്‍ ഡയരക്റ്റ് ടി.വി പ്രൈവറ്റ് ലിമിറ്റഡ്, ആസ്‌ട്രോ ഓള്‍ ഏഷ്യ നെറ്റ്‌വര്‍ക്‌സ്, മാക്‌സിസ് കമ്യൂണിക്കേഷന്‍സ് ബെര്‍ഹാദ്, മലേഷ്യ, സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് മലേഷ്യ, മുന്‍ ടെലികോം സെക്രട്ടറി ജെ.എസ് ശര്‍മ എന്നിവര്‍ക്കെതിരെ കേസില്‍ സി. ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജെ.എസ് ശര്‍മ വിചാരണക്കിടെ മരിച്ചിരുന്നു. പണാപഹരണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് മാരന്‍ സഹോദരന്‍മാര്‍, കലാനിധി മാരന്റെ ഭാര്യ കാവേരി, എസ്.എ.എഫ്.എല്‍ എം.ഡി കെ ശണ്‍മുഖം, എസ്.എ.എഫ്.എല്‍, സണ്‍ ഡയരക്റ്റ് ടിവി പ്രൈവറ്റ് ലിമിറ്റഡ്, എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

chandrika: