രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാര്‍തി എയര്‍ടെല്‍ പ്രതിമാസ വരിക്കാരെ ചേര്‍ക്കുന്നതില്‍ ഒന്നാമതെത്തി. നാലു വര്‍ഷത്തിനു ശേഷമാണ് എയര്‍ടെല്‍ ഒരു മാസം കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ മുന്നിലെത്തുന്നത്. ഓഗസ്റ്റിലെ ട്രായ് കണക്കുകള്‍ പ്രകാരം കൂടുതല്‍ വരിക്കാരെ സ്വന്തമാക്കിയത് എയര്‍ടെലാണ്. ഇക്കാര്യത്തില്‍ നേരത്തെ ജിയോയായിരുന്നു മുന്നില്‍ നിന്നിരുന്നത്.

ഓഗസ്റ്റില്‍ എയര്‍ടെല്‍ 29 ലക്ഷം ഉപഭോക്താക്കളെ ചേര്‍ത്തപ്പോള്‍ ജിയോയ്ക്ക് 19 ലക്ഷം വരിക്കാരെ മാത്രമാണ് ചേര്‍ക്കാന്‍ കഴിഞ്ഞതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, വോഡഫോണ്‍ ഐഡിയയ്ക്ക് 12 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു. ഇത് തുടര്‍ച്ചയായ പത്താം മാസമാണ് വോഡഫോണ്‍ ഐഡിയക്ക് വരിക്കാരെ നഷ്ടപ്പെടുന്നത്.

ഓഗസ്റ്റില്‍ വയര്‍ലെസ് വരിക്കാരുടെ 0.91 ശതമാനം വിപണി വിഹിതം എയര്‍ടെല്‍ നേടിയപ്പോള്‍ ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 0.47 ശതമാനം വര്‍ധിച്ചു. വിപണി വിഹിതം അനുസരിച്ച് ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയ്ക്ക് 35.08 ശതമാനവും എയര്‍ടെല്‍ 28.12 ശതമാനവും വോഡഫോണ്‍ ഐഡിയ 26.15 ശതമാനവുമുണ്ട്.

ഓഗസ്റ്റ് അവസാനത്തോടെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണം 66,771 ഉയര്‍ന്ന് 19.9 ദശലക്ഷമായി. ഫിക്‌സഡ് ലൈന്‍ വരിക്കാരുടെ വിപണി വിഹിതം കണക്കിലെടുക്കുമ്പോള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ 39.84 ശതമാനത്തിലും എയര്‍ടെല്‍ 21.86 ശതമാനത്തിലും മുന്നില്‍ നില്‍ക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എംടിഎന്‍എല്‍ 15.34 ശതമാനം വിപണി വിഹിതമുണ്ട്. ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഫൈബറിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കുറഞ്ഞ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ച റിലയന്‍സ് ജിയോ ഓഗസ്റ്റില്‍ 160,794 പേരെ അധികമായി ചേര്‍ത്തു.