ചെന്നൈ: കായികാഭ്യാസിയായ അമേരിക്കന്‍ യുവതിയെ ആളൊഴിഞ്ഞ ഒരിടത്തുവെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വ്യക്തിയെ യുവതി കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ക്ഷേത്ര നഗരമായ തിരുവണ്ണാമലൈയിലാണ് സംഭവം. മാര്‍ച്ച് മാസത്തിലാണ് അമേരിക്കയില്‍ നിന്ന് ഈ യുവതി തിരുവണ്ണാമലൈ സന്ദര്‍ശിക്കാന്‍ വന്നെത്തിയത്. അവര്‍ അന്നുമുതല്‍ തിരുവണ്ണാമലൈയിലുള്ള രമണ മഹര്‍ഷിയുടെ ആശ്രമവും അരുണാചലേശ്വര ക്ഷേത്രം കാണാനായി അമേരിക്കയില്‍ നിന്ന് അവിടേക്ക് വന്നെത്തിയ ആ യുവതി കൊവിഡ് ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നു. അന്നുമുതല്‍, ഗിരിവലം സ്ട്രീറ്റില്‍ ഒരു വീട് വാടകയ്ക്കെടുത്ത് അവിടെയാണ് അവര്‍ തനിച്ച് കഴിഞ്ഞിരുന്നത്.

യുവതി താമസിച്ചിരുന്ന സ്ട്രീറ്റിന്റെ പരിസരത്തെവിടെയോ തന്നെ താമസിക്കുന്ന ഒരാളായിരുന്നു അക്രമി. സ്വന്തം വാടകവീട്ടിനു പുറത്ത് ആ സ്ത്രീ നില്‍ക്കുമ്പോഴാണ്, കാഷായ വേഷവും രുദ്രാക്ഷമാലയും ഒക്കെ ധരിച്ചുകൊണ്ട് കടന്നുവന്ന ഈ യുവാവ്, അവരെ സ്വന്തം വീട്ടിനുള്ളിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, ആയോധനകലയില്‍ ഉന്നത പരിശീലനം നേടിയിട്ടുള്ള ഒരാളാണ് ആ അമേരിക്കന്‍ യുവതിയെന്നു മാത്രം അയാള്‍ക്ക് അറിയില്ലായിരുന്നു.

തന്നെ പീഡിപ്പിക്കാന്‍ വേണ്ടി ബലപ്രയോഗം തുടങ്ങിയ അയാളെ കൈവശം സൂക്ഷിച്ചിരുന്ന കത്തിവീശി അവര്‍ പരിക്കേല്‍പ്പിച്ചു. അതിനു ശേഷം അയാളെ ഇടിച്ചു തറപറ്റിച്ച്, കൂകി വിളിച്ച് ആളെക്കൂട്ടുകയായിരുന്നു. ഓടിക്കൂടിയ ആളുകളും അക്രമിയെ മര്‍ദിച്ചു. തുടര്‍ന്ന് പൊലീസിലേല്‍പ്പിച്ചു. പൊലീസ് എത്തി അയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അയാളുടെ പേര് മണികണ്ഠനെന്നാണെന്നും, അയാള്‍ നാമക്കല്‍ സ്വദേശിയാണെന്നും മനസ്സിലായി. മല്‍പിടുത്തത്തിനിടെ പരിക്കേറ്റ യുവതിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.