കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോടതിയുടെ സമന്‍സ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഫെബ്രുവരി 22ന് ഹാജരാകാനാണ് പ്രത്യേക കോടതി ഉത്തരവിട്ടത്.

2018ലാണ് കേസിനാസ്പദമായ സംഭവം. ഓഗസ്റ്റ് 11ന് നടന്ന റാലിക്കിടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ അമിത് ഷാ നടത്തി എന്നതാണ് പരാതിയില്‍ പറയുന്നത്. താന്‍ അഴിമതിക്കാരനാണ് എന്ന് റാലിയില്‍ അമിത് ഷാ പറഞ്ഞു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് അഭിഷേക് ബാനര്‍ജി അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.

അമിത് ഷായുടെ മറ്റൊരു പരാമര്‍ശവും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് പരാതിയില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ബംഗാളിലെ ഗ്രാമീണ ജനതയ്ക്കായി നല്‍കിയ പണം അനന്തരവന് സമ്മാനമായി നല്‍കി എന്ന അമിത് ഷായുടെ പരാമര്‍ശമാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.