കൊച്ചി: നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മ നിര്‍വാഹക സമിതി യോഗം ജൂലൈ 19ന് ചേരാന്‍ തീരുമാനം. യോഗത്തില്‍ പ്രധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യാനുണ്ടെന്ന് നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, സിനിമ നടിമാരുടെ കൂടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവി(ഡബ്ല്യൂ.സി.സി)ലെ അംഗങ്ങളെ യോഗത്തിന് ക്ഷണിക്കുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.

പുതിയ അമ്മയുടെ പ്രസിഡണ്ട് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് തിരികെ എത്തിയിട്ടാവും യോഗത്തിന്റെ അജണ്ടയില്‍ അന്തിമ തീരുമാനം ഉണ്ടാകുക. രഞ്ചിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായാണ് മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോയത്.

നേരത്തെ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്നതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയും റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവര്‍ അടിന്തര യോഗത്തിന് ആവശ്യപ്പെട്ടു കൊണ്ട് അമ്മയ്ക്ക് കത്തു നല്‍കിയത്.