Connect with us

News

ലൈംഗികാതിക്രമത്തിനിടെ 34-കാരിയായ യുവതിയെ കൊലപ്പെടുത്തി 18-കാരനായ അയല്‍വാസി, അറസ്റ്റില്‍

പൊലീസ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം ആരംഭിച്ചു

Published

on

ബെംഗളൂരു: ബെംഗളൂരുവില്‍  സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ 18കാരന്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. ജനുവരി മൂന്നിന് രാമമൂര്‍ത്തി നഗറിലെ സുബ്രഹ്മണ്യ ലേഔട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് 34 വയസ്സുള്ള ശര്‍മിള ഡി.കെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിനുള്ളില്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തില്‍, യുവതിയുടെ വീടിന് സമീപം താമസിച്ചിരുന്ന കര്‍ണല്‍ കുറൈ എന്ന 18കാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകളും സാങ്കേതിക തെളിവുകളും ഉപയോഗിച്ചാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്.

ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ജനുവരി മൂന്നിന് രാത്രി ഒന്‍പത് മണിയോടെ ലൈംഗികാതിക്രമം ലക്ഷ്യമിട്ട് സ്‌ലൈഡിങ് വിന്‍ഡോയിലൂടെ യുവതിയുടെ വീട്ടില്‍ കയറിയതായാണ് പ്രതിയുടെ മൊഴി. ആക്രമണ ശ്രമം യുവതി ചെറുത്തതോടെ, അവളുടെ വായും മൂക്കും ബലമായി പൊത്തിപ്പിടിച്ചതായി പ്രതി പറഞ്ഞു. ഇതോടെ യുവതി അര്‍ധബോധാവസ്ഥയിലാവുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.

തെളിവുകള്‍ നശിപ്പിക്കാനായി യുവതിയുടെ വസ്ത്രങ്ങളും മറ്റ് സാമഗ്രികളും കിടക്കയില്‍വെച്ച് പ്രതി തീയിട്ടതായും തുടര്‍ന്ന് സംഭവസ്ഥലത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. യുവതിയുടെ മൊബൈല്‍ഫോണും പ്രതി കൈക്കലാക്കി.

news

‘ഞാന്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’; സ്വയം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

Published

on

വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ ആണെന്ന് ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജിലാണ് ട്രംപിന്റെ അവകാശവാദം. വെനസ്വേലയില്‍ നിലവില്‍ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇത്തരമൊരു നീക്കം.

വിക്കിപ്പീഡിയയിലെ പ്രൊഫൈലില്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്ന എഡിറ്റഡ് സ്‌ക്രീന്‍ ഷോട്ട് ഇമേജാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍, 2026 ജനുവരി മുതല്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്നാണ് ട്രംപിന്റെ പദവിയായി ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്.

വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസ് വഴിയും ഭരണഘടനാ പിന്തുടര്‍ച്ച പ്രക്രിയ വഴിയുമാണ് ഇടക്കാല പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് എന്നിരിക്കെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് നിലവില്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്. മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസാണ് റോഡ്രിഗസിനോട് ആക്ടിങ് പ്രസിഡന്റ് പദവിയേറ്റെടുക്കാന്‍ ഉത്തരവിട്ടത്.

ജനുവരി മൂന്നിന് പുലര്‍ച്ചെ രണ്ടോടെയാണ് സൈനിക നീക്കത്തിലൂടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ച് നിക്കോളാസ് മദൂറോയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത്. പിന്നാലെ, വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന് പിറ്റേദിവസം ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎസുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനിടെയൊണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.

അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ മദൂറോയേക്കാള്‍ വലിയ വില വെനസ്വേലയ്ക്ക് നല്‍കേണ്ടിവരുമെന്നാണ് ട്രംപ് നേരത്തെ നല്‍കിയ മുന്നറിയിപ്പ്.

Continue Reading

local

എസ്‌ഐആര്‍; കരട് പട്ടികയില്‍ നിന്ന് മലപ്പുറത്ത് നൂറിലധികം വോട്ടര്‍മാര്‍ പുറത്ത്

ബിഎല്‍ഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Published

on

മലപ്പുറം: എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് ജില്ലയിലെ വിവിധ ഇടങ്ങളില്‍ നൂറിലധികം വോട്ടര്‍മാര്‍ പുറത്ത്. മൂര്‍ക്കനാട് പഞ്ചായത്തിലെ കുളത്തൂര്‍ കുറുപ്പത്താലിലെ 205-ാം ബൂത്തില്‍ നിന്ന് 500 ലധികം പേരാണ് പുറത്തായത്.

തിരുന്നാവായ പഞ്ചായത്തിലെ അജിതപ്പടിയിലെ 181-ാം ബൂത്തില്‍ 538 പേരും തൃപ്പങ്ങോട് പഞ്ചായത്തിലെ പെരിന്തല്ലൂര്‍ 62-ാം ബൂത്തില്‍ 298 പേരും കരട് വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. ബിഎല്‍ഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരോട് ജനുവരി 14ന് ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലും സമാനമായ രീതിയില്‍ നൂറുക്കണക്കിന് വോട്ടര്‍മാര്‍ പുറത്തായിരുന്നു.

Continue Reading

kerala

സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍ വിടവാങ്ങി

ഒരാഴ്ചയോളമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സ് ജനറല്‍സെക്രട്ടറിയുമായ മൊഗ്രാല്‍ കടവത്ത് ദാറുസ്സലാമില്‍ യു.എം അബ്ദുറഹ്‌മാന്‍ മൗലവി (86) അന്തരിച്ചു. ഒരാഴ്ചയോളമായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച വസതിയിലേക്കു മാറ്റുകയായിരുന്നു. ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം.

അബ്ദുല്‍ഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബര്‍ രണ്ടിനായിരുന്നു ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1963 1964 കാലഘട്ടത്തില്‍ മൗലവി ഫാളില്‍ ബാഖവി വിദ്യാഭ്യാസം നേടിയ അദ്ദേഹം മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവന്‍തിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു മതപഠനം നടത്തിയത്.
മൊഗ്രാല്‍ അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, കുറ്റിപ്പുറം അബ്ദുല്‍ഹസന്‍, കെ. അബ്ദുല്ല മുസ് ലിയാര്‍, വെളിമുക്ക് കെ.ടി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ചാലിയം പി. അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, എം.എം ബഷീര്‍ മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്റത്ത്, അബൂബക്കര്‍ ഹസ്രത്ത്, കെ.കെ ഹസ്രത്ത്, മുസ്തഫ ആലിം എന്നിവരാണു പ്രധാന ഗുരുനാഥന്‍മാര്‍.

1992ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായത്. 1991 മുതല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗം, എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ അംഗം, സമസ്ത കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം ചെയര്‍മാന്‍, 1974 മുതല്‍ സമസ്ത കാസര്‍കോട് താലൂക്ക് ജനറല്‍സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രസിഡന്റ്, ചെമ്മാട് ദാറുല്‍ ഇസ് ലാമിക് സര്‍വകാലശാലാ സെനറ്റ് അംഗം, നീലേശ്വരം മര്‍ക്കസുദ്ദഅ്വ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുമ്പള ജുമാമസ്ജിദ്, ഇച്ചിലങ്കോട് ജുമാമസ്ജിദ്, മൊഗ്രാല്‍ ജുമാമസ്ജിദ്, തൃക്കരിപ്പൂര്‍ ബീരിച്ചേരി ജുമാമസ്ജിദ്, പുതിയങ്ങാടി ജുമാമസ്ജിദ്, കളനാട് ഹൈദ്രോസ് ജുമാമസ്ജിദ്, വള്‍വക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിരുന്നു.

ഭാര്യമാര്‍: സകിയ്യ, പരേതയായ മറിയം. മക്കള്‍: മുഹമ്മദലി ശിഹാബ്, ഫള്ലുറഹ്‌മാന്‍, നൂറുല്‍ അമീന്‍, അബ്ദുല്ല ഇര്‍ഫാന്‍, ഷഹീറലി ശിഹാബ് (എല്ലാവരും ഗള്‍ഫ്), ഖദീജ, മറിയം ഷാഹിന (നാലാം മൈല്‍), പരേതരായ മുഹമ്മദ് മുജീബ് റഹ് മാന്‍, ആയിശത്തുഷാഹിദ (ചേരൂര്‍). മരുമക്കള്‍: യു.കെ മൊയ്തീന്‍ കുട്ടി മൗലവി (മൊഗ്രാല്‍), സി.എ അബ്ദുല്‍ഖാദര്‍ ഹാജി (സഊദി), ഇ. അഹമ്മദ് ഹാജി (ചേരൂര്‍), ഖജീദ (ആലംപാടി), മിസ് രിയ്യ (കൊടിയമ്മ), സഫീന (തളങ്കര), മിസ്രിയ്യ (പേരാല്‍ കണ്ണൂര്‍), ജാസിറ (മുട്ടത്തൊടി), ജുമാന (മൊഗ്രാല്‍).

Continue Reading

Trending