റഫ: ഹോളിവുഡ് താരവും മാനുഷിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ആഞ്ജലീന ജോളി ഈജിപ്ത് അതിർത്തിയിലുള്ള റഫ ക്രോസിംഗ് സന്ദർശിച്ചു. വെടിനിർത്തൽ പൂർണാർത്ഥത്തിൽ തുടരണമെന്നും, ഗസ്സയിലേക്കുള്ള സഹായ വിതരണം പൂർവാധികം ശക്തിയായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുഎൻ അഭയാർത്ഥി ഏജൻസിയുടെ മുൻ പ്രത്യേക പ്രതിനിധി കൂടിയായ ആഞ്ജലീന ജോളി വെള്ളിയാഴ്ചയാണ് റഫ അതിർത്തിയിലെത്തിയത്. ഗസ്സയിലേക്കുള്ള സഹായങ്ങൾ ശേഖരിച്ചിരിക്കുന്ന ലോജിസ്റ്റിക്സ് വെയർഹൗസുകൾ സന്ദർശിച്ച അവർ, ഈജിപ്ഷ്യൻ റെഡ് ക്രസന്റ് പ്രവർത്തകരുമായും ട്രക്ക് ഡ്രൈവർമാരുമായും ആശയവിനിമയം നടത്തി. ആയിരക്കണക്കിന് എയ്ഡ് ട്രക്കുകൾ അതിർത്തിയിൽ കാത്തുനിൽക്കുകയാണെന്നും സഹായ വിതരണത്തിൽ വലിയ കാലതാമസം നേരിടുന്നുണ്ടെന്നും സന്നദ്ധപ്രവർത്തകർ താരത്തെ ധരിപ്പിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി അൽ-അരീഷ് ജനറൽ ആശുപത്രിയിലെത്തിയ ജോളി, ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ് ഗസ്സയിൽ നിന്ന് ചികിത്സക്കായി മാറ്റിയ ഫലസ്തീനികളെ സന്ദർശിച്ചു. നോർത്ത് സിനായ് ഗവർണർ ഖാലിദ് മഗാവർ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവരും അവർക്കൊപ്പമുണ്ടായിരുന്നു.
“കാര്യങ്ങൾ വ്യക്തമാണ്; വെടിനിർത്തൽ തുടരണം. ഗസ്സയിലേക്ക് ഇന്ധനവും മരുന്നും മറ്റ് അവശ്യസാധനങ്ങളും തടസ്സമില്ലാതെയും വേഗത്തിലും എത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കണം.” -സന്ദർശനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. ഇസ്രായേൽ അനുമതി നിഷേധിച്ച, മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും നിറഞ്ഞ വെയർഹൗസുകൾ താൻ സന്ദർശിച്ചതായും നിയന്ത്രണങ്ങൾക്കിടയിലും പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
ദശകങ്ങളായി അഭയാർത്ഥി പ്രശ്നങ്ങളിലും യുദ്ധബാധിത പ്രദേശങ്ങളിലും സജീവമായി ഇടപെടുന്നയാളാണ് ആഞ്ജലീന ജോളി. ഇസ്രായേലിന്റെ ഗസ്സ അതിക്രമങ്ങളിൽ ഫലസ്തീനികൾക്ക് അനുകൂലമായ നിലപാടുകളാണ് അവർ സ്വീകരിച്ചിട്ടുള്ളത്.