കണ്ണൂര്‍: പ്രവാസി വ്യവസായിയുടെ ജീവനെടുത്ത ഭരണകൂട ഒത്തുകളിക്കെതിരെ ആന്തൂരിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച്. സിപിഎം ഗ്രൂപ്പ് കളിക്കിരയായി ആത്മഹത്യ ചെയ്ത സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിച്ച് സാജന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ടുമാണ് ലോംഗ് മാര്‍ച്ച്.

മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് ഇരു മേഖലയില്‍ നിന്ന് ആരംഭിച്ച ലോംഗ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. തളിപ്പറമ്പില്‍ വെച്ച് ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്തിന് പതാക കൈമാറി സംസ്ഥാന വൈസ് പ്രസിഡന്റ് പികെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. വളപട്ടണത്ത് നിന്ന് തുടങ്ങിയ ജാഥ നയിക്കുന്നത് ജില്ലാ പ്രസിഡന്റ് പിവി ഇബ്രാഹിമാണ്. സമാപന പരിപാടിയില്‍ കെഎം ഷാജി എംഎല്‍എ, വികെ അബ്ദുല്‍ ഖാദര്‍ മൗലവി, പികെ ഫിറോസ്, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി പങ്കെടുക്കും.