അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍, ചരിത്രത്തിലാദ്യമായി നാലു അറബ് രാഷ്ട്രങ്ങള്‍ പന്തുതട്ടും. ലോകകപ്പ് യോഗ്യതാ പ്ലേഓഫില്‍ ആഫ്രിക്കന്‍ ശക്തരായ ഐവറി കോസ്റ്റിനെ മൊറാക്കോ പരാജയപ്പെടുത്തിയത്തോടെയാണ് റഷ്യന്‍ ലോകകപ്പില്‍ അറബു രാജ്യങ്ങളുടെ സാന്നിധ്യം നാലായി ഉയര്‍ന്നത്. സൗദി അറേബ്യ, ഈജിപ്ത്, ട്യൂണിഷ്യ എന്നീ രാജ്യങ്ങള്‍ നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു.

മൂന്നു ടീമുകളാണ് ഇതിനു മുമ്പത്തെ ഫുട്‌ബോള്‍ ലോകകപ്പിലെ ഉയര്‍ന്ന അറബ് സാന്നിധ്യം. 1998-ലെ ഫ്രാന്‍സ് ലോകകപ്പിലായിരുന്നു ഇത്. കഴിഞ്ഞ തവണ ബ്രസീലില്‍ ഒരൊറ്റ അറബ് രാജ്യം – അള്‍ജീരിയ – മാത്രമാണ് അറബ് ലോകത്തെ പ്രതിനിധീകരിച്ചത്. ഇത്തവണത്തെ അറബ് ചേരുവയില്‍ അതീവ സന്തുഷ്ടനാണെന്ന് ഈജിപ്ത് സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ട്വീറ്റ് ചെയ്തു. ‘അറബ് രുചിയുള്ള ലോകകപ്പ്. ഈജിപ്ത്, സൗദി, മൊറോക്കോ, ടുണീഷ്യ’ നമുക്കെല്ലാം അഭിനന്ദനം’ എന്നായിരുന്നു ലിവര്‍പൂള്‍ താരത്തിന്റെ ട്വീറ്റ്.

നാലു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈജിപ്ത് ലോകകപ്പിന് ഒരുങ്ങുന്നത്. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് യോഗ്യതക്കായി മത്സരിച്ച ഈജിപ്തിന് ലിപര്‍പൂളിന്റെ മുഹമ്മദ് സലാഹിന്റെയും ആര്‍സനലിന്റെ എല്‍നേനിയുടെയും മികവാണ് യോഗ്യത നേടിക്കൊടുത്തത്. 2006 ജര്‍മ്മനി ലോകകപ്പില്‍ അരങ്ങേറിയ ടുണീഷ്യ ലൈബീരിയയെ നിര്‍ണായക മത്സരത്തില്‍ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് റഷ്യയിലേക്ക് ടിക്കറ്റെടുത്തത്. നേരത്തെ കരുത്തരയായ ജപ്പാനെ തുരത്തി സൗദി അറേബ്യ ഏഷ്യന്‍ മേഖലയില്‍ നിന്നും നേരിട്ട് യോഗ്യത നേടുന്ന ആദ്യ ടീമെന്ന ഖ്യാതി സ്വന്തമായിരുന്നു. കഴിഞ്ഞ രണ്ടു ലോകകപ്പില്‍ യോഗ്യത നേടാന്‍ സൗദിക്ക് കഴിഞ്ഞിരുന്നില്ല.

ലോക റാങ്കില്‍ 30 സ്ഥാനത്തുള്ള ഈജിപ്ത് റഷ്യന്‍ ലോകകപ്പില്‍ കറുത്ത കുതിരകളാകാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമാണ്. മികച്ച ടീം ഗെയിം പുറത്തെടുക്കുന്ന ഈജിപ്തിന്റെ ശക്തി മുഹമ്മദ് സലാഹ് അണിനിരക്കുന്ന മുന്നേറ്റ നിരയാണ്. 1994 ലോകകപ്പില്‍ രണ്ടാം റൗണ്ടില്‍ സൗദി അറേബ്യ പ്രവേശിച്ചതാണ്  അറബു രാഷ്ട്രങ്ങളുടെ ലോകകപ്പിലെ മികച്ച പ്രകടനം.

2022-ലെ ഖത്തര്‍ ലോകകപ്പോടെ ഫുട്‌ബോളില്‍ ശക്തമായ സാന്നിദ്ധ്യമറിയിക്കാന്‍ ഒരുങ്ങുന്ന അറബ് രാഷ്ട്രങ്ങള്‍ക്ക് പ്രതീക്ഷക്കക് വകനല്‍കുന്നതാണ് പുതിയ നേട്ടം.