ബ്യൂണസ് അയേഴ്‌സ്: ആഴ്ചകള്‍ക്ക് മുന്‍പു കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍വാഹിനി ആര്‍എ സാന്‍ ഹ്വാനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. അര്‍ജന്റീനയിലെ നാവിക സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും തെളിവുകളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ നാവിക സേന തീരുമാനിച്ചത്. 44 ജീവനക്കാരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.
എല്ലാതരത്തിലുള്ള അന്വേഷണങ്ങളും നടത്തിയതായും ഇനി പ്രതീക്ഷയില്ലെന്നും നാവിക സേന വക്താവ് എന്റിക്വി ബാല്‍ബി പറഞ്ഞു. അവസാനം സിഗ്നല്‍ ലഭിച്ച സ്ഥലത്തു വെച്ച് പൊട്ടിത്തെറിയുണ്ടായതായും തുടര്‍ന്നാണ് അന്തര്‍വാഹിനി കാണാതായതെന്നുമാണ് നിഗമനം. ഏറ്റവും കൂടുതല്‍ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തി. അവസാനം അന്തര്‍വാഹിനിയിലുള്ള അംഗങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടത്തോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. ആഴ്ചകളോളം തിരച്ചില്‍ നടത്തിയിട്ടും കപ്പലിന്റെ ഒരു ഭാഗം പോലും കണ്ടെത്താനായില്ല. തിരച്ചിലിനായി ഒട്ടേറെ ഉപകരണങ്ങളും മറ്റു അന്തര്‍വാഹിനികളും ഉപയോഗിച്ചിരുന്നു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ വൈദഗ്ധ്യമുള്ള അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. നാവിക സേനയുടെ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചു. ഇടയ്ക്ക് പ്രതികൂല കാലാവസ്ഥയുണ്ടായെങ്കിലും കഴിഞ്ഞ ദിവസം വരെയും തിരച്ചില്‍ ഊര്‍ജിതമായിരുന്നു എന്നും നാവിക സേനാ വക്താവ് പറഞ്ഞു.
കപ്പല്‍ ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരണമെന്നും പ്രതീക്ഷയുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിച്ചതില്‍ വേദനിക്കുന്നതായും കപ്പലിലുണ്ടായിരുന്ന ലിയാന്‍ട്രോ സിസ്‌നേഴ്‌സിന്റെ മാതാവ് യോലാന്‍ഡാ മെഡിയോള പറഞ്ഞു. ഓരോ ദിവസവും പ്രതീക്ഷയോടെയാണ് തള്ളി നീക്കുന്നത്. പ്രാര്‍ത്ഥനകളുമായി ബന്ധുക്കള്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.
നവംബര്‍ 15ന് തെക്കന്‍ അറ്റ്‌ലാന്റിക്കിലെ പാറ്റഗോണി തീരത്തിന് സമീപത്തു നിന്നാണ് സാന്‍ ഹ്വാന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള സിഗ്നല്‍ ബന്ധം നഷ്ടപെട്ടത്. ചുബു പ്രവിശ്യയിലെ സാന്‍ ജോര്‍ജ് ഉള്‍കടലില്‍ വച്ചാണ് അവസാന സിഗ്നല്‍ ലഭിച്ചത്. പിന്നീട് കപ്പലുമായി ബന്ധപ്പെടാന്‍ കഴിയാതെ പോകുകയായിരുന്നു. അര്‍ജന്റീന നാവിക സേനയുടെ മൂന്ന് മുങ്ങിക്കപ്പലുകളില്‍ ഒന്നാണ് ജര്‍മന്‍ നിര്‍മിത എആര്‍എ സാന്‍ ഹ്വാന്‍.