ന്യൂഡൽഹി: റൺവീർ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ക്കെതിരെ കടുത്ത വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. സാങ്കൽപ്പിക കഥകൾ പറഞ്ഞു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാൻ ബോളിവുഡിന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
റിപബ്ലിക് ടിവിയിൽ ‘വിക്ടിം ഷെയിമിംഗ്’ എന്ന വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു അർണബിന്റെ പരാമർശം. ഉന്നാവോ പീഡനക്കേസിനെക്കുറിച്ചുള്ള ചർച്ചയിലാണ് ‘ധുരന്ധർ’ സിനിമയെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
‘ധുരന്ധർ’ വെറും പ്രചാരണ ലക്ഷ്യം വെച്ചുള്ള സാങ്കൽപ്പിക സൃഷ്ടിയാണെന്ന് അർണബ് ആരോപിച്ചു. “അക്ഷയ് ഖന്നയുടെ നൃത്തം കാണാൻ ആരും താൽപര്യമില്ല. ഇത്തരം സാങ്കൽപ്പിക കഥകൾ കാട്ടി ബോളിവുഡ് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്. ബോളിവുഡ് നിർമാതാക്കൾക്ക് നട്ടെല്ലുണ്ടെങ്കിൽ ഉന്നാവോ കേസ് സിനിമയാക്കട്ടെ,” എന്നായിരുന്നു അർണബിന്റെ തുറന്നടിക്കൽ.
ബോളിവുഡ് യഥാർത്ഥ സാമൂഹിക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും, ഗൗരവമുള്ള വിഷയങ്ങൾ സിനിമയാക്കാൻ തയ്യാറാകുന്നില്ലെന്നും അർണബ് ഗോസ്വാമി വിമർശിച്ചു.