News
ആര്‍ട്ടെമിസ് 2 ദൗത്യം വിജയം; ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം സംഘം ഭൂമിയില്‍ തിരിച്ചെത്തി
പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്താണ് പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യനെ ചന്ദ്രന് അരികിലെത്തിച്ച നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. പത്ത് ദിവസം നീണ്ടുനിന്ന ചാന്ദ്രയാത്രയ്ക്ക് ശേഷം നാല് ബഹിരാകാശ സഞ്ചാരികളടങ്ങുന്ന സംഘം ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 5.37-ന് ഭൂമിയില്‍ തിരിച്ചെത്തി. പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്താണ് പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. മിഷന് കമാന്‍ഡര്‍ റീഡ് വൈസ്മാന്, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സന് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഏപ്രില്‍ 2-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ഏപ്രില്‍ 6-ന് ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് ഈ സംഘം സ്വന്തമാക്കി.
ഏപ്രില്‍ 7-ന് നടന്ന ലൂണാര്‍ ഫ്ലൈബൈയ്ക്കിടെ ചന്ദ്രോപരിതലത്തിന് 6545 കിലോമീറ്റര്‍ വരെ അടുത്തെത്താന്‍ ഒറൈണ്‍ പേടകത്തിന് സാധിച്ചു. ചന്ദ്രന്റെ മറുഭാഗത്തുകൂടെ സഞ്ചരിച്ചപ്പോള്‍ 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും, നിശ്ചയിച്ച പ്രകാരം ദൗത്യം മുന്നോട്ട് നീങ്ങി. ചന്ദ്രനിലെ അതിഭീമാകാരമായ ഓറിയന്റലെ ബേസിന് ഗര്‍ത്തം സഞ്ചാരികള്‍ നേരിട്ട് നിരീക്ഷിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്ന ‘ആര്‍ട്ടെമിസ് 3’ ദൗത്യത്തിന് മുന്നോടിയായി ഒട്ടേറെ പരീക്ഷണങ്ങളാണ് ഈ യാത്രയില്‍ നടന്നത്. ലേസര്‍ ആശയവിനിമയ സംവിധാനങ്ങളുടെ പരിശോധന. ബഹിരാകാശ വികിരണങ്ങള്‍ മനുഷ്യകോശങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയാനുള്ള ‘ഓര്‍ഗന്‍ ഓണ്‍ ചിപ്പ്’ പരീക്ഷണം. ഒറൈണ്‍ പേടകത്തിന്റെ നിയന്ത്രണ സംവിധാനങ്ങളുടെയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും കാര്യക്ഷമത പരിശോധിക്കല്‍.
കടലിലിറങ്ങിയ പേടകത്തില്‍ നിന്നും നാല് സഞ്ചാരികളെയും സുരക്ഷിതമായി ലൈഫ് ബോട്ടുകളിലേക്ക് മാറ്റി. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതികള്‍ക്ക് ആര്‍ട്ടെമിസ് 2-ന്റെ വിജയം വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.
Health
ഏപ്രിൽ 10; ആരോഗ്യത്തിന്റെ ഹോമിയോപ്പതി
രോഗലക്ഷണങ്ങളോട് സാമ്യമുള്ള സ്വഭാവം സൃഷ്ടിക്കാൻ കഴിയുന്ന വസ്തുക്കൾ തന്നെ മരുന്നായി ഉപയോഗിക്കുന്നതിലൂടെ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ഉണർത്തുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്.
ഏപ്രിൽ 10 ഹോമിയോപ്പതി ദിനം. ഒരു ദിനത്തിന്റെ ഓർമ്മയെന്നതിലുപരി, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതീവ സുന്ദരമായ ബന്ധത്തെ വീണ്ടും ഓർമ്മിപ്പിക്കുന്ന നിമിഷം കൂടിയാണ് ഇത്. ശരീരത്തെ യന്ത്രമെന്നോണം മാത്രം കാണാതെ, ഒരു സമഗ്ര ജീവവ്യവസ്ഥയായി കാണുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി. അതുകൊണ്ടുതന്നെ, രോഗത്തെ മാത്രം ചികിത്സിക്കുന്നതല്ല, മനുഷ്യനെ മുഴുവനായി മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ശാസ്ത്രമാണ് ഇത്.
“സാദൃശ്യം സാദൃശ്യത്തെ ചികിത്സിക്കുന്നു” ഈ ഒരു ആശയമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനം. രോഗലക്ഷണങ്ങളോട് സാമ്യമുള്ള സ്വഭാവം സൃഷ്ടിക്കാൻ കഴിയുന്ന വസ്തുക്കൾ തന്നെ മരുന്നായി ഉപയോഗിക്കുന്നതിലൂടെ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ഉണർത്തുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്. ഇത് ഒരു ബാഹ്യ ഇടപെടൽ മാത്രമല്ല; ശരീരത്തിനുള്ളിലെ മറഞ്ഞുകിടക്കുന്ന ആരോഗ്യശക്തിയെ ഉണർത്തുന്ന ഒരു സഞ്ചാരമാണ്.
ഇന്നത്തെ അതിവേഗ ജീവിതത്തിൽ, രോഗങ്ങൾക്കും ചികിത്സയ്ക്കും എല്ലാം ഒരു വേഗതയേറിയ സമീപനം നമ്മൾ സ്വീകരിക്കാറുണ്ട്. എന്നാൽ, അതിനിടയിൽ നമ്മൾ പലപ്പോഴും മറക്കുന്നത്, ആരോഗ്യത്തിന്റെ യഥാർത്ഥ അർത്ഥമാണ്. രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മനസ്സിന്റെയും ശരീരത്തിന്റെയും സമതുലിതാവസ്ഥയാണ് യഥാർത്ഥ ആരോഗ്യം. ഈ സമതുലിതാവസ്ഥയെ ലക്ഷ്യമിടുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി.ഹോമിയോപ്പതിയുടെ വലിയ പ്രത്യേകത അതിന്റെ വ്യക്തിപരമായ സമീപനമാണ്. ഒരേ രോഗത്തിന്, ഒരേ മരുന്ന് എല്ലാവർക്കും നൽകുന്ന രീതിയല്ല ഇത്. ഓരോരുത്തരുടെയും ശരീരഘടനയും, മാനസികാവസ്ഥയും, ജീവിതരീതിയും വ്യത്യസ്തമാണ്. അതിനനുസരിച്ചാണ് ചികിത്സയും. അതുകൊണ്ടുതന്നെ, ഒരു രോഗിയെ പരിശോധിക്കുമ്പോൾ, അദ്ദേഹത്തിന്റെ ശരീരലക്ഷണങ്ങൾ മാത്രമല്ല, ചിന്തകളും വികാരങ്ങളും ജീവിതശൈലിയുമെല്ലാം പരിഗണിക്കപ്പെടുന്നു.
മരുന്നുകളുടെ കാര്യത്തിൽ കൂടി ഹോമിയോപ്പതി വ്യത്യസ്തമാണ്. വളരെ ചെറുതായ അളവിൽ, ശക്തികരിച്ച രൂപത്തിൽ നൽകുന്ന മരുന്നുകൾ ശരീരത്തിൽ സുതാര്യമായ രീതിയിൽ പ്രവർത്തിക്കുന്നു. ദോഷഫലങ്ങൾ വളരെ കുറവാണ് എന്നത് ഇതിന്റെ വലിയ നേട്ടമാണ്. കുഞ്ഞുങ്ങളിൽ നിന്നും മുതിർന്നവരിലേക്കും, ഗർഭിണികളിലും വരെ സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന ചികിത്സാരീതിയായതിനാൽ, പല കുടുംബങ്ങളും ഇന്ന് ഹോമിയോപ്പതിയെ വിശ്വാസത്തോടെ സ്വീകരിക്കുന്നു.
ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഹോമിയോപ്പതിക്ക് വലിയ പ്രാധാന്യമുണ്ട്. പ്രമേഹം, ഹൈപ്പർടെൻഷൻ, അലർജികൾ, ചർമരോഗങ്ങൾ തുടങ്ങിയവയിൽ ദീർഘകാല പരിഹാരം കണ്ടെത്താൻ ഹോമിയോപ്പതി സഹായകരമാകുന്നു. രോഗത്തിന്റെ അടിസ്ഥാനം കണ്ടെത്തി, അത് ശാന്തമായി പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ, ഉടനടി ഫലങ്ങൾക്കുപകരം, സ്ഥിരതയുള്ള ആരോഗ്യമാണ് ഇത് നൽകുന്നത്.
കേരളത്തിൽ ഹോമിയോപ്പതിക്ക് ലഭിക്കുന്ന സ്വീകരണം ശ്രദ്ധേയമാണ്. സർക്കാർ ആശുപത്രികളിൽ നിന്നും ഗ്രാമപ്രദേശങ്ങളിലെ ചെറിയ ക്ലിനിക്കുകളിലേക്കും, ഹോമിയോപ്പതി സേവനങ്ങൾ വ്യാപകമായി ലഭ്യമാണ്. കുറഞ്ഞ ചെലവിൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നതും, ആളുകളുടെ വിശ്വാസം വർധിപ്പിക്കുന്ന ഒരു കാരണമാണ്. ആരോഗ്യസംരക്ഷണ രംഗത്ത്, ഹോമിയോപ്പതി ഒരു ശക്തമായ കൈത്താങ്ങായി മാറിയിരിക്കുകയാണ്.
എന്നാൽ, ഹോമിയോപ്പതിയെക്കുറിച്ച് ചില തെറ്റിദ്ധാരണകളും നിലനിൽക്കുന്നു. ഫലം ലഭിക്കാൻ സമയം എടുക്കും എന്ന വിമർശനം പലപ്പോഴും ഉയരാറുണ്ട്. എന്നാൽ, അത് ഒരു കുറവല്ല; മറിച്ച് ശരീരത്തെ സ്വാഭാവികമായി സുഖപ്പെടുത്തുന്ന പ്രക്രിയയുടെ ഭാഗമാണ്. വേഗതയേറിയ ഫലങ്ങൾക്കായി ശരീരത്തെ അമിതമായി സമ്മർദ്ദത്തിലാക്കുന്നതിനേക്കാൾ, മൃദുവായും സ്ഥിരതയോടെയും ചികിത്സ നൽകുന്നത് കൂടുതൽ ആരോഗ്യകരമാണ്.
ഹോമിയോപ്പതി നമ്മെ പഠിപ്പിക്കുന്നത്, ആരോഗ്യത്തിലേക്കുള്ള വഴി ക്ഷമയിലൂടെയും വിശ്വാസത്തിലൂടെയും പോകുന്നു എന്നതാണ്. ശരീരത്തിന്റെ ശബ്ദം കേൾക്കുക, പ്രകൃതിയോട് ചേർന്ന് ജീവിക്കുക, മനസ്സിനും ശരീരത്തിനും ഒരുപോലെ പ്രാധാന്യം നൽകുക ഇവയാണ് ഹോമിയോപ്പതിയുടെ സന്ദേശങ്ങൾ. ഇത് ഒരു ചികിത്സാരീതി മാത്രമല്ല, ഒരു ജീവിതദർശനവുമാണ്.
ഈ ഹോമിയോപ്പതി ദിനത്തിൽ, നമ്മൾ ഓരോരുത്തരും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗം വന്നാൽ മാത്രം ചികിത്സ തേടുക എന്ന ചിന്തയിൽ നിന്ന് മാറി, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ഭക്ഷണശീലങ്ങൾ, വ്യായാമം, മാനസികാരോഗ്യം ഇവയെല്ലാം സംരക്ഷിക്കുമ്പോഴാണ് യഥാർത്ഥ ആരോഗ്യം കൈവരുന്നത്.
ആരോഗ്യരംഗത്ത്, എല്ലാ ചികിത്സാരീതികൾക്കും അവരുടെ സ്ഥാനമുണ്ട്. എന്നാൽ, പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഒരു മൃദുസ്പർശമായി ഹോമിയോപ്പതി നമ്മെ ഓർമ്മിപ്പിക്കുന്നത്, ആരോഗ്യത്തിന്റെ യഥാർത്ഥ അർത്ഥമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം നിലനിർത്തുമ്പോഴാണ് ആരോഗ്യവും സന്തോഷവും ഉറപ്പുവരുന്നത്.
ഏപ്രിൽ 10 എന്ന ദിനം, ഒരു ആചരണമാത്രമല്ല, ഒരു ഓർമ്മപ്പെടുത്തലാണ് നമ്മുടെ ശരീരത്തെ മാനിക്കാനും, പ്രകൃതിയെ വിശ്വസിക്കാനും, ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ചെറിയ ചുവടുകൾ എടുക്കാനും. ഹോമിയോപ്പതിയുടെ ഈ സന്ദേശം നമ്മുടെ ജീവിതത്തിലേക്ക് ഉൾക്കൊള്ളുമ്പോൾ, അത് നമ്മുടെ ആരോഗ്യത്തിനും മനസ്സിനും ഒരു പുതുവെളിച്ചമാകും.
ഈ ഹോമിയോപ്പതി ദിനം, ഓരോരുത്തർക്കും ഒരു പുതിയ തുടക്കമാകട്ടെ ആരോഗ്യത്തോടും സമതുലിതാവസ്ഥയോടും കൂടിയൊരു ജീവിതത്തിലേക്കുള്ള തുടക്കം.
എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
News
റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് യു.ഡി.എഫ് അധികാരത്തിലെത്തും: സാദിഖലി തങ്ങള്‍
മുസ്ലിംലീഗും വലിയ വിജയം നേടും. യുഡിഎഫും മുസ്ലിംലീഗും മികച്ച വിജയം നേടുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
മലപ്പുറം: റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്. അന്നും യു.ഡി.എഫിന് കേരളത്തില്‍ വലിയ വിജയം ഉണ്ടാക്കാന്‍ പറ്റി. അന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നാണ് പറഞ്ഞത്. പിന്നെ സെമി ഫൈനലെത്തി. തദ്ദേശ തിരഞ്ഞെടുപ്പ്. അതിലും വലിയ വിജയം നേടാനായി. ഇപ്പോള്‍ ഫൈനലാണ്. ഇതിലും കൂടുതല്‍ ഗോളുകള്‍ നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഫൈനല്‍ തൂത്തുവാരും. മുന്‍ കാലങ്ങളില്‍ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ സീറ്റ് എന്തായാലും ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. മുസ്ലിംലീഗും വലിയ വിജയം നേടും. യുഡിഎഫും മുസ്ലിംലീഗും മികച്ച വിജയം നേടുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തിരഞ്ഞെടുപ്പ് രംഗം വിശകലനം ചെയ്യുന്നവര്‍ക്ക് അത് ബോധ്യപ്പെട്ട കാര്യമാണ്. ഓരോ ജില്ലയും പരിശോധിച്ചാല്‍ യു.ഡി. എഫിന് വലിയ മേല്‍ക്കൈ കാണാനാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
News
കേരളം കുറിച്ചു; 78:27%
സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്
കേരളത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ്. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗിനാണ് കേരളം ഇന്നലെ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 76 ശതമാനം പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനം 80 കടന്നേക്കും. 1987ലാണ് (80.54 ശതമാനം) ഇതിന് മുമ്പ് പോളിംഗ് 80 കടന്നത്. ഏറ്റവും കൂടുതല്‍ പോളിങ് കോഴിക്കോട് ജില്ലയിലാണ്, 81.36 ശതമാനം. ഏറ്റവും കുറവ് പത്തതനംതിട്ട ജില്ലയിലും, 70.76 ശതമാനം. വോട്ട് പെട്ടിയിലായെങ്കിലും ഫലമറിയാന്‍ ഒരു മാസത്തോളം കാത്തിരിക്കണം. മെയ് നാലിനാണ് വോട്ടെണ്ണല്‍. അതുവരെ കൂട്ടിയും കിഴിച്ചും അവസാന വട്ട സാധ്യതകള്‍ കൂടി വിലയിരുത്തുന്ന തിരക്കിലാകും ഇനിയുള്ള ദിവസങ്ങളില്‍ മുന്നണികളും നേതാക്കളും. നൂറിലെറെ സീറ്റു നേടി യു.ഡി.എഫ് അധികാരത്തലേറുമെന്ന് നേതാക്കള്‍ ഇന്നലെയും ആവര്‍ത്തിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അഭിപ്രായ സര്‍വേകളും യു.ഡി.എഫിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. ഭരണം പിടിക്കാന്‍ യു.ഡി.എഫും ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും അരയുംതലയും മുറിക്കി ഇറങ്ങിയതോടെ പോളിംഗ് ബൂത്തുകളിലേക്ക് രാവിലെ മുതല്‍ വോട്ടര്‍മാര്‍ ഒഴുകി എത്തി. കനത്ത വെയിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ എത്തിയ മഴയും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. 50 ഓളം ബൂത്തുകളില്‍ വോട്ടിംഗ് മെഷീന് തകരാറിനെ തുടര്‍ന്ന് പോളിംഗ് ആദ്യമണിക്കൂറില്‍ തടസപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ തകരാര്‍ പരിഹരിച്ചതോടെ വോട്ടെടുപ്പ് സുഗമമായി.
തുടര്‍ഭരണം ലക്ഷ്യമിട്ട് ഇടത് പ്രവര്‍ത്തകര്‍ പലയിടത്തും കള്ളവോട്ടിന് ശ്രമിച്ചത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി. യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്കെതിരെയും സംഘടിത അക്രമമുണ്ടായി. കണ്ണൂരിലായിരുന്നു ഏറെയും അക്രമണങ്ങള്‍. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യുപി സ്കൂളില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റ് സജിത മോഹനന്റെ ദേഹത്തേക്ക് സി.പി.എം പ്രവര്‍ത്തകര്‍ നായ്ക്കുരണ പൊടി വിതറി. ബി.ജെ.പി-സി.പി.എം ഡീല്‍ വോട്ടെടുപ്പ് ദിനത്തില്‍ തെളിവുകളോടെ പുറത്തുവന്നു. ചിറ്റൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏവരെയും ഞെട്ടിച്ചു.
പുനലൂരില്‍ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാന്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. വിളക്കുവെട്ടം എല്‍.പി സ്കൂള്‍ ബൂത്തിന് മുന്നിലായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ യു.ഡി.എഫിന്റെ വനിതാ കൗണ്‍സിലര്‍ ഷെമി അസീസിന് പരിക്കേറ്റു. വയനാട് മാനന്തവാടി ചെറുകാട്ടൂരില്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ച പോളിങ് ഓഫീസറെ മാറ്റി. ചെറുകാട്ടൂര്‍ സെന്റ് ജോസഫ് സ്കൂളിലെ 199 നമ്പര്‍ ബൂത്തിലായിരുന്നു സംഭവം. കണ്ണൂര്‍ അഴിക്കോട് സെന്‍ട്രല്‍ എല്‍പി സ്കൂളില്‍ ബൂത്ത് 32ല്‍ വോട്ടറുടെ അനുമതിയില്ലാതെ എല്‍.ഡി.എഫ് പ്രതിനിധി ഓപ്പണ്‍ വോട്ട് ചെയ്തെന്ന പരാതിയില്‍ പ്രിസൈഡിങ് ഓഫിസറെ മാറ്റി പകരം ആളെ നിയമിച്ചു.
തൃക്കരിപ്പൂര്‍ പിലിക്കോട് പുത്തിലോട് 137-ാം ബൂത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് യു.ഡി.എഫിന്റെ ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. ഇവിടെ റീപോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് കമ്മീഷന് പരാതി നല്കി. വോട്ടിങ് മെഷീനില്‍ മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രം വ്യക്തത ഉണ്ടായിരുന്നത് പരാതിക്കിടയാക്കി. തൃശ്ശൂര്‍ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കന്-63) കുഴഞ്ഞുവീണു മരിച്ചു.
-
main stories3 days ago‘വോട്ടര്‍മാര്‍ക്ക് പണം വിതരണം’; ബിജെപി പ്രവര്‍ത്തകര്‍തിരെ ഗുരുതര ആരോപണം
-
Video Stories3 days agoവര്‍ഗീയത സി.പി.എമ്മിന് ബൂമറാങ്ങാവും; ഡോ. എം.കെ മുനീര്‍
-
Health3 days agoഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് കാരണമാകുമോ?
-
News3 days agoയു.ഡി.എഫിന്റെ വിജയത്തിനായി സമ്മതിദാനാവകാശം വിനിയോഗിക്കുക: തങ്ങള്‍
-
News3 days agoമനുഷ്യനിര്‍മ്മിത പ്രളയത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിന്: ചെന്നിത്തല
-
News21 hours agoകേരളം കുറിച്ചു; 78:27%
-
News21 hours agoറെക്കോര്‍ഡ് ഭൂരിപക്ഷത്തിന് യു.ഡി.എഫ് അധികാരത്തിലെത്തും: സാദിഖലി തങ്ങള്‍
-
Health21 hours agoഏപ്രിൽ 10; ആരോഗ്യത്തിന്റെ ഹോമിയോപ്പതി

