അബ്ദുല്‍ സത്താര്‍ അല്‍ കാസിം

ഫിന്‍ലന്റിലെ ഹെല്‍സിങ്കിയില്‍ സമ്മേളിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും സയണിസ്റ്റ് ശക്തികളുടെ സുരക്ഷ ഉറപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ച ശേഷമായിരുന്നു പിരിഞ്ഞത്. സയണിസ്റ്റ് ശക്തികള്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ പരമ്പരാഗത നിലപാടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ച് പറഞ്ഞു. അതേസമയം ഇസ്രാഈലിനും സിറിയക്കുമിടയിലുള്ള പ്രദേശം സൈനിക മുക്തമാക്കണമെന്നാവശ്യപ്പെടുന്ന 1974ലെ കരാര്‍ മുറുകെപിടിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റും വ്യക്തമാക്കി.

സയണിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇരുപക്ഷവും ശ്രദ്ധിച്ചത്. അറബികള്‍ക്കും സയണിസ്റ്റുകള്‍ക്കുമിടയിലെ മറ്റേത് കരാറിനെയും പോലെ 1974ലെ കരാറും സയണിസ്റ്റുകളുടെ സുരക്ഷ ഉന്നംവെച്ചുള്ളതായിരുന്നു. സയണിസ്റ്റുകളില്‍നിന്നും നിത്യേനെ വന്യമായ അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതയെ കുറിച്ച് ഇരുപക്ഷവും ഒന്നും ഉരിയാടിയില്ല. ഗസ്സയിലെ കടലാസു കളിവിമാനങ്ങളെ ഭീകര വിമാനങ്ങളായും അതേസമയം എഫ്35 പോര്‍ വിമാനങ്ങളെ പ്രതിരോധ വിമാനങ്ങളായും കാണുന്ന ഈ ലോകത്ത് മറ്റെങ്ങിനെയാണവര്‍ പ്രവര്‍ത്തിക്കുക?

തങ്ങള്‍ കടുത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ക്കു ചുറ്റുമുള്ള അറബികളാണ് ആ ശത്രുക്കളെന്നും അവര്‍ ഭൂമുഖത്തു നിന്നും തങ്ങളുടെ രാഷ്ട്രത്തെ തുടച്ചുനീക്കാന്‍ വന്‍ സൈന്യത്തെ ഒരുക്കുകയും അതിനെ ആയുധമണിയിക്കുകയുമാണെന്നും ലോകത്തെ കൊണ്ട് അംഗീകരിപ്പിക്കുന്നതില്‍ സയണിസ്റ്റുകള്‍ വിജയിച്ചിരിക്കുന്നു. അപ്രകാരം ഫലസ്തീന്‍കാര്‍ ഭീകരരാണെന്നും അവര്‍ ഇസ്രാഈലിനെതിരെ നിരന്തരം സൈനിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അംഗീകരിപ്പിക്കുന്നതിലും അവര്‍ വിജയിച്ചിരിക്കുന്നു. ഫലസ്തീന്‍ അധിനിവേശം തങ്ങളല്ല നടത്തിയിരിക്കുന്നത്, ഫലസ്തീന്‍ ഭീകരര്‍ തങ്ങളുടെ കഥകഴിക്കാനാണ് ശ്രമിക്കുന്നത്, വൈജ്ഞാനികവും നാഗരികവും ധാര്‍മികവുമായ മാനദണ്ഡങ്ങള്‍ മുറുകെപിടിക്കുന്ന അറബ് ഭൂ പ്രദേശത്തെ ഏക ജനാധിപത്യ രാഷ്ട്രം തങ്ങളുടേതാണ് എന്നൊക്കെയാണ് അവര്‍ ലോകത്തെ കൊണ്ട് സമ്മതിപ്പിച്ചിരിക്കുന്നത്.
സയണിസ്റ്റുകളെ അധിനിവേശ കടന്നാക്രമണകാരികളായി കണ്ടിരുന്ന, ഫലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്കൊപ്പം നിലകൊണ്ടിരുന്ന നിരവധി രാഷ്ട്രങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഇന്ന് അവയൊന്നുമില്ല. മാത്രമല്ല, സയണിസ്റ്റുകളുടെ സുരക്ഷക്കും അവരുടെ രാഷ്ട്രത്തിനും വേണ്ടി ശക്തമായി വാദിക്കുന്ന വക്താക്കളായി അവ മാറിയിരിക്കുന്നു. തങ്ങള്‍ വെറുക്കുന്ന അധര്‍മികളായ ഭീകരര്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും അവ നടപ്പാക്കുകയും ചെയ്യുന്ന സയണിസ്റ്റുകള്‍ക്കുമിടയിലെ സംഘട്ടനമായി അവിടത്തെ സംഘര്‍ഷത്തെ കാണുന്നവര്‍ വരെയുണ്ട്.

സയണിസ്റ്റുകളുടെ സുരക്ഷയെന്ന ആശയത്തിലേക്ക് കടന്നെത്തിയിട്ടുള്ളവരില്‍ ചില അറബ് നാടുകളുമുണ്ട്. അവയുടെ പക്കല്‍ പ്രത്യേക സെന്‍സറുകളുണ്ട്. അതിലൂടെയാണവര്‍ ഇസ്രാഈലിന്റെ സുരക്ഷയെ ബാധിക്കുന്നതും അല്ലാത്തതും അറിയുന്നത്. ഇസ്രാഈലിന്റെ സുരക്ഷക്ക് ദോഷം ചെയ്യുന്നതും അല്ലാത്തതും അറിയുന്നവരായി പല അറബികളും മാറിയിരിക്കുന്നു. ആ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ തങ്ങളോടാവശ്യപ്പെടുന്നവരുടെ അടുത്ത് എന്തെങ്കിലും ആവശ്യവുമായി അവര്‍ ചെല്ലുന്നുമില്ല. അഥവാ സയണിസ്റ്റുകളുടെ സുരക്ഷക്ക് സേവനം ചെയ്യാനുള്ള പട്ടാളമായി അവര്‍ മാറിയിരിക്കുന്നു. ഇസ്രാഈലിന്റെ സുരക്ഷക്ക് പോറലേല്‍പ്പിക്കുന്ന എല്ലാ നടപടികളും പ്രവര്‍ത്തനങ്ങളും അവര്‍ വെടിയുന്നു. സുരക്ഷകാര്യങ്ങളില്‍ സയണിസ്റ്റുകളുമായി സഹകരിക്കുന്ന ചില ഫലസ്തീന്‍കാരുടെ കാര്യത്തിലും ഈ വിശേഷണം ചേരുന്നു.

ഇസ്രാഈലിന്റെ സുരക്ഷാ താല്‍പര്യങ്ങള്‍ക്ക് നിരക്കാത്ത മാധ്യമ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കറിയാം. അതുകൊണ്ടു തന്നെ അവ ചെയ്യാനവര്‍ വിമുഖത കാണിക്കുന്നു. ഫലസ്തീന്‍കാര്‍ക്കും സയണിസ്റ്റുകള്‍ക്കുമിടയില്‍ ഒപ്പുവെച്ച കരാറുകളുടെ അടിസ്ഥാനത്തില്‍ ഇസ്രാഈലിന്റെ സുരക്ഷക്ക് വേണ്ടി സൈനിക സേവനം ചെയ്യുന്ന ആയിരക്കണക്കിന് ഫലസ്തീന്‍കാരുണ്ട്. ഇക്കാര്യത്തില്‍ നിരപരാധിയെന്ന് പറയാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല. കാരണം ഇസ്രാഈലുമായി സുരക്ഷാസഹകരണമുണ്ടെന്ന് ഫലസ്തീന്‍ സുരക്ഷാ സൈന്യത്തില്‍ ചേരുന്നവര്‍ക്കെല്ലാം മുന്‍കൂട്ടി ധാരണയുള്ള വിഷയമാണ്. ഇസ്രാഈലിന്റെ സുരക്ഷക്ക് വേണ്ടി സേവനം ചെയ്യാന്‍ ഒരുനാള്‍ തങ്ങളോട് ആവശ്യപ്പെടുമെന്നും അവര്‍ക്കറിയാം.

ജനകീയ തലത്തിലും ഇസ്രാഈലിന്റെ സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന അറബ് ഫലസ്തീന്‍ പക്ഷത്ത് നിലയുറപ്പിച്ച നിരവധിയാളുകളുണ്ട്. ഇസ്രാഈലിന്റെ സുരക്ഷാ താല്‍പര്യങ്ങളെ പ്രീതിപ്പെടുത്തുന്ന സമീപനങ്ങളാണ് അവരിലുള്ളത്. അഥവാ അറബികളുടെ അല്ലെങ്കില്‍ ഫലസ്തീന്‍കാരുടെ സുരക്ഷക്കുള്ള പ്രാധാന്യത്തെ മറികടക്കുന്നതാണ് ഇസ്രാഈലിന്റെ സുരക്ഷക്ക് അവര്‍ നല്‍കുന്ന പ്രാധാന്യം. അപ്പോള്‍ അറബികളെയും ഫലസ്തീന്‍കാരെയും കൊല്ലുന്നതിന് എന്ത് തടസ്സമാണുള്ളത്? കാരണം സ്വയം പ്രതിരോധത്തിന്റെ ഭാഗമാണത്. അതേസമയം ജൂതനെ കൊല്ലുന്നത് ഭീകരതയും. പ്രതികാരം ചെയ്യാനും നശിപ്പിക്കാനും സയണിസ്റ്റുകള്‍ക്ക് അവകാശവുമുണ്ട്. ഇതൊക്കെയാണ് സയണിസ്റ്റ് പ്രചാരണങ്ങള്‍.
ഇസ്രാഈലിന്റെ സുരക്ഷയോടുള്ള റഷ്യയുടെ കാഴ്ചപ്പാടിനെയും പ്രദേശത്തെ അവരുടെ സൈനികാധിപത്യത്തെയുംകുറിച്ച് മുമ്പ് മറ്റൊരു ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. ഇസ്രാഈലിന്റെ സുരക്ഷാതാല്‍പര്യങ്ങള്‍ പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് റഷ്യക്കുള്ളതെന്ന് ആവര്‍ത്തിക്കുന്നു. പ്രദേശത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള താക്കോലായാണ് ഇസ്രാഈലിന്റെ സുരക്ഷയെ അവര്‍ കാണുന്നത്.

സമാധാനം സ്ഥാപിക്കുന്നതിലെ മുന്‍ഗണനാക്രമത്തില്‍ ഫലസ്തീന്‍ ജനതയുടെ സ്ഥായിയായ ദേശീയ ആവശ്യങ്ങള്‍ക്ക് ഇടമില്ല; ഇസ്രാഈലിന്റെ സുരക്ഷക്കാണ് അതില്‍ പ്രാധാന്യം. അതുകൊണ്ട് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ റഷ്യന്‍ നിലപാടിനോട് രാജിയാവാതിരിക്കുകയാണ് ഫലസ്തീന്‍ ജനതയും അവിടത്തെ ഗ്രൂപ്പുകളും ചെയ്യേണ്ടത്. റഷ്യയുമായുള്ള ചര്‍ച്ചകളില്‍നിന്നും സംഭാഷണങ്ങളില്‍നിന്നും വിട്ടുനില്‍ക്കലല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. സോവിയറ്റ് യൂണിയനെകൊണ്ട് തങ്ങളുടെ ദേശീയ അവകാശങ്ങള്‍ അംഗീകരിപ്പിക്കുന്നതില്‍ മുമ്പ് അറബികള്‍ വിജയിച്ചിട്ടുണ്ട്. റഷ്യന്‍ നിലപാടിനെ തിരുത്താന്‍ പോരാടുകയെന്നത് ഇന്നും അവരെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമല്ല.
ഗസ്സക്ക് മേലുള്ള ഉപരോധത്തെ കുറിച്ചോ ഫലസ്തീന്‍കാരുടെ അവകാശങ്ങളെ കുറിച്ചോ റഷ്യന്‍ പ്രസിഡന്റ് ഒരക്ഷരം ഉരിയാടിയില്ല. ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള കരാര്‍ സിറിയ പാലിക്കണമെന്നും സിറിയയിലെ രക്തരൂക്ഷിത സംഭവങ്ങള്‍ക്ക് മുമ്പത്തെ സ്ഥാനങ്ങളിലേക്ക് സിറിയന്‍ സൈന്യം മടങ്ങണമെന്നുമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല. സയണിസ്റ്റുകളുമായുള്ള കരാറില്‍ സിറിയയില്‍ ഇറാന്റെ സൈനിക സാന്നിധ്യത്തെ കുറിച്ച് റഷ്യന്‍ പ്രസിഡന്റ് പറയുന്നില്ല. സിറിയയിലെ ഇറാന്‍ സൈനിക സാന്നിധ്യത്തെ കുറിച്ച് റഷ്യന്‍ നിലപാടില്‍ വലിയ സംശയങ്ങളാണ് അതുയര്‍ത്തുന്നത്. വിഷയത്തിലുള്ള അദ്ദേഹത്തിന്റെ ചീത്തപ്പേര് ആ സംശയങ്ങളെ ശക്തിപ്പെടുത്തുന്നു.

നന്നേ ചുരുങ്ങിയത് സിറിയയില്‍ ഇസ്രാഈലിന്റെ സവിശേഷ താല്‍പര്യങ്ങളിലൊരു ഭാഗം റഷ്യ അംഗീകരിച്ചിരിക്കുന്നു എന്ന് വേണം റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാന്‍. എന്നാല്‍ അതിന്റെ വിശദാംശങ്ങളൊന്നും അറിയില്ല. നെതന്യാഹുവുമായി നടന്ന സംഭാഷങ്ങളെല്ലാം നിഗൂഢമാണ്. പ്രദേശത്തെ സംഭവവികാസങ്ങളെ കുറിച്ചൊന്നും നെതന്യാഹു സംസാരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇസ്രാഈലിന്റെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഖുനൈത്വറയിലെ സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ തുടര്‍ന്ന് ഈയടുത്തുണ്ടായ സംഭവവികാസങ്ങള്‍ ഇസ്രാഈലിന്റെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ആക്രമണപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന നെതന്യാഹുവിനെയാണ് നാം കാണുന്നത്. അദ്ദേഹത്തെയും വഹിച്ച് വിമാനം മോസ്‌കോയിലേക്ക് പറക്കുന്നതും നാം കണ്ടു.

എത്രയെത്ര തവണ നെതന്യാഹു മോസ്‌കോ സന്ദര്‍ശിച്ചിരിക്കുന്നു. എത്രയെത്ര തവണ മഹ്മൂദ് അബ്ബാസ് വാഷിംഗ്ടണിലേക്ക് പറന്നിരിക്കുന്നു. ഇസ്രാഈലിന്റെ സുരക്ഷാ കാഴ്ചപ്പാടും താല്‍പര്യങ്ങളും റഷ്യയെകൊണ്ട് അംഗീകരിപ്പിക്കുന്നതിനാണ് നെതന്യാഹു മോസ്‌കോയിലേക്ക് പറക്കുന്നത്. തന്റെ രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവാണ് അദ്ദേഹം. അതേസമയം അബ്ബാസിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനങ്ങള്‍ യാതൊരു ഫലവും ഉണ്ടാക്കാത്തതുമാണ്. സാധാരണനിലയില്‍ ഇസ്രാഈലിന്റെ സുരക്ഷ പരിഗണിക്കണമെന്ന ഫലസ്തീന്‍ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കും കല്‍പനകള്‍ക്കും കീഴിലാണ് അദ്ദേഹമുള്ളത്. ഫലസ്തീന്‍ നേതാവിന്റെ ഓരോ സന്ദര്‍ശനത്തിനും ശേഷം ദോഷകരമായ ഫലങ്ങളാണ് നാം കാണുന്നത്.
വന്‍ രാഷ്ട്രങ്ങളായ ചൈനയും ഇന്ത്യയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും അവയെ തങ്ങളിലേക്ക് അടുപ്പിക്കാനുമുള്ള നെതന്യാഹുവിന്റെ താല്‍പര്യം പ്രധാനമാണ്. ബീജിംഗിലും ന്യൂഡല്‍ഹിയിലും തങ്ങള്‍ക്കനുകൂലമായ തരംഗം ഉണ്ടാക്കിയെടുക്കുന്നതില്‍ വലിയൊരളവോളം വിജയം കണ്ടിട്ടുണ്ട്. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിരുന്ന ഫലസ്തീന്‍ സൗഹൃദ രാഷ്ട്രങ്ങളായിരുന്നു ഇവ രണ്ടും എന്ന അറിവോടെ തന്നെയാണിത്.

കടപ്പാട് : അല്‍ജസീറ