മുഹമ്മദ് കക്കാട്

ഹിന്ദു രാജ്യമായി അറിയപ്പെടുന്ന നേപ്പാളില്‍ ഹിന്ദു, ബുദ്ധ മതസ്ഥരും അവരുടെ ആരാധനാലയങ്ങളുമാണ് കൂടുതലുമെങ്കിലും ഇസ്‌ലാം, ക്രൈസ്തവ മതങ്ങളുടെ വളര്‍ച്ചയും നവോത്ഥാനവും മത സൗഹാര്‍ദ്ദവും മാനവികതയും കൂട്ടിച്ചേര്‍ത്തു പറയുമ്പോഴേ നേപ്പാളിന്റെ ആനുകാലിക ചിത്രം യഥാവിധി പൂര്‍ണമാകൂ. നേപ്പാളില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ മതങ്ങളെല്ലാം അവരവരുടെ വിശ്വാസാചാര പ്രകാരം ഭയപ്പാടില്ലാതെ, പരസ്പര സ്‌നേഹത്തോടും പരിഗണനയോടും കൂടിയാണ് കഴിയുന്നത്. മത സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു.
15ാം നൂറ്റാണ്ടില്‍ കാഠ്മണ്ഡുവിലെത്തിയ കശ്മീര്‍ വ്യാപാരികളാണ് നേപ്പാളില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തിയത് എന്ന് ചരിത്രരേഖകളില്‍ കാണാം. 500 വര്‍ഷം പഴക്കമുള്ള കശ്മീരി തകിയ്യ മസ്ജിദ് നേപ്പാളിലെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ മായാ മുദ്രയായി ഇന്നുമുണ്ട്. 2008ല്‍ രാജാധിപത്യത്തെ കെട്ടുകെട്ടിച്ച് മാവോയിസ്റ്റുകള്‍ ഭരണം പിടിച്ചെടുത്തതോടെയാണ് നൂറ്റാണ്ടുകളോളം നിശബ്ദ ന്യൂനപക്ഷമായി കഴിഞ്ഞ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ തന്റേടം വീണ്ടെടുക്കാനായത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം ഉയര്‍ത്തെഴുന്നേല്‍പ്പിന് ഇത് വഴിതെളിയിച്ചു. ഒപ്പം സൗഹൃദവും മാനവികതയും അംഗീകാരവും ആദരവും വളര്‍ന്നു. നേപ്പാളിലെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളിലൊന്നാണ് മുസ്‌ലിംകള്‍. മൂന്നു കോടി ജനസംഖ്യയുള്ള നേപ്പാളില്‍ അഞ്ചു ശതമാനമേ മുസ്‌ലിംകളുള്ളൂ. പക്ഷേ മുസ്‌ലിംകള്‍ക്ക് ഇവിടെ വര്‍ഗീയതയുടെയോ വിഭാഗീയതയുടെയോ ശത്രുതയോ എതിര്‍പ്പോ ഭരണകൂടത്തില്‍ നിന്നോ ഇതര സംഘടനകളില്‍ നിന്നോ നേരിടേണ്ടിവന്നിട്ടില്ല. പള്ളികളും മദ്രസകളും നിര്‍മ്മിക്കുന്നതിനും യഥേഷ്ടം പ്രവര്‍ത്തിക്കുന്നതിനും വിലക്കോ നിയന്ത്രണമോ ഇല്ല.
നേപ്പാളിനോട് ചേര്‍ന്നുകിടക്കുന്ന ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ജനാധിപത്യവിരുദ്ധ മുസ്‌ലിം ശത്രുതാനിലപാടുകള്‍ തങ്ങളെ അത്ഭുതപ്പെടുത്തുന്നതായി നേപ്പാളിലെ ഹിന്ദു, ബുദ്ധമത വിശ്വാസികളടക്കം പറയുന്നു. നേപ്പാളില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുസ്‌ലിംകള്‍ക്ക് അനുഗ്രഹമായി മാറിയതായി മുഹമ്മദ് സിയാഉ റഹ്മാന്‍ ചൂണ്ടിക്കാട്ടി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഒരു പള്ളിയുടെയും മദ്‌റസയുടെയും മേലധികാരിയാണിദ്ദേഹം.
2015ല്‍ നിലവില്‍വന്ന പുതിയ നേപ്പാള്‍ ഭരണഘടന ആദ്യമായി മുസ്‌ലിംകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കി. തൊഴില്‍ രംഗത്ത് മുസ്‌ലിം സംവരണം നടപ്പാക്കുകയും ചെയ്തു. മുസ്‌ലിംകളുടെ എണ്ണവും ഇസ്‌ലാമിക സ്ഥാപനങ്ങളും വര്‍ധിച്ചു കൊണ്ടിരിക്കുകയാണിവിടെ. 2007ല്‍ മദ്രസാ ബോര്‍ഡ് രൂപീകരിക്കപ്പെടുകയും നേപ്പാള്‍ ചരിത്രത്തിലാദ്യമായി ഉര്‍ദുവില്‍ പഠിക്കാനുള്ള അവസരം ഉണ്ടാവുകയും ചെയ്തു. ഇംഗ്ലീഷ്, നേപ്പാളി ഭാഷകള്‍ പഠിപ്പിക്കണമെന്ന നിബന്ധനയോടെ മദ്രസകള്‍ക്ക് സാമ്പത്തിക സഹായവും അനുവദിച്ചു. ഇവിടത്തെ ബിസിനസുകാരന്‍ കൂടിയായ മുഹമ്മദ് സിയാഉറഹ്മാന്‍ വാടകക്കെടുത്ത കെട്ടിടത്തില്‍ മദ്രസ പഠനം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇക്കഴിഞ്ഞ സപ്തംബറില്‍ അവിടെയെത്തിയത്. ബീഹാറുകാരനായ ഉസ്താദ് മുഹമ്മദ് മന്‍സൂര്‍ ആലം ആണ് ഉസ്താദ്. മുപ്പത് വിദ്യാര്‍ഥികളുണ്ടിവിടെ. ഇവരില്‍ നേപ്പാള്‍ സ്വദേശികളും ഇന്ത്യക്കാരുമുണ്ട്. സിയാഉറഹ്മാനുമായി ഏറെ നേരം സംസാരിച്ചു. അദ്ദേഹം തുടര്‍ന്നു: മുസ്‌ലിംകള്‍ നവോത്ഥാനത്തിന്റെ പാതയിലാണ്. പക്ഷേ തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് മുസ്‌ലിംകളുടെ വലിയ വെല്ലുവിളി. കാഠ്മണ്ഡുവില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാങ്കേ ജില്ലയിലാണ് കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്നത്. ഇവരില്‍ ഏറെയും ബീഹാര്‍, യു.പി എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. കാഠ്മണ്ഡു താഴ്‌വരയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ വസിക്കുന്ന അധിക മുസ്‌ലിംകളും ദരിദ്രരും ഭൂരഹിതരുമാണ്. അതിനാല്‍ വിദ്യാഭ്യാസ രംഗത്തും വളരെ പിന്നാക്കമാണ്.
ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മുസ്‌ലിം വിദ്യാര്‍ഥികള്‍ വളരെ കുറവാണ്. മുസ്‌ലിംകളില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. സ്ത്രീ സാക്ഷരത 26 ശതമാനമാണ്. 15 ശതമാനത്തിനു താഴെ മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമാണ് സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് എന്നാണ് ഈയിടെ നടന്ന പഠനത്തില്‍ വ്യക്തമായത്. മുസ്‌ലിംകളില്‍ അധികം ഇന്ത്യക്കാരാണ്. കാഠ്മണ്ഡുവില്‍ മാത്രം 300 മുസ്‌ലിം കുടുംബങ്ങളുണ്ട്. അഹ്‌ലെ ഹദീസിന്റെയും മറ്റും നേതൃത്വത്തില്‍ മുസ്‌ലിം സമ്മേളനങ്ങളും പരിപാടികളും നടക്കാറുണ്ട്. എങ്കിലും ദിശാ സൂചികയും പുറമെ നിന്നുള്ള സഹായവും അനിവാര്യമായവരും അര്‍ഹിക്കുന്നവരുമാണ് നേപ്പാള്‍ മുസ്‌ലിംകള്‍.