റിയാസ് പുളിയംപറമ്പ്

സ്ത്രീസുരക്ഷയും അഴിമതിമുക്ത ഭരണവും കളിയാടുന്ന കേരളം വാഗ്ദാനം ചെയ്ത് അധികാര ത്തിലെത്തിയ പിണറായി വിജയന്റെ സര്‍ക്കാറും മുന്നണിയും ഇന്ന് സ്ത്രീ പീഢനക്കാരുടെയും അഴിമതിക്കാരുടെയും കള്ളക്കടത്തുകാരുടെയും ആശ്രയ കേന്ദ്രമാണ്. മന്ത്രിമാരും എം. എല്‍.എമാരും നാറ്റക്കഥകളിലെ കേന്ദ്ര കഥാപാത്രങ്ങളാണെന്നത് സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് ആശങ്കയാണ് ഉണ്ടാക്കുന്നത്. വിവാദങ്ങളില്‍നിന്ന് കൂടുതല്‍ വിവാദങ്ങളിലേക്കാണ് ഭരണ രാഷ്ട്രീയം ചലിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും സദാചാര ധ്വംസനവും കായല്‍ കയ്യേറ്റവും നടത്തിയതിനാണ് ഈ സര്‍ക്കാറില്‍നിന്ന് മൂന്ന് മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടിവന്നത്.
ബ്രൂവെറി തീരുമാനം പിന്‍വലിച്ചതിലൂടെ വിവാദം തണുപ്പിക്കാനായി. പ്രതിപക്ഷത്തിന്റെ സക്രിയ ഇടപെടല്‍ തന്നെയാണ് അത്തരമൊരു അവസ്ഥയിലേക്ക് സര്‍ക്കാറിനെ കൊണ്ടെത്തിച്ചത്. എന്നാല്‍, ശബരിമല വിവാദം വിശ്വാസികളുടെ അവിശ്വാസം സര്‍ക്കാറിനുമേല്‍ ഉണ്ടാക്കിയെന്നത് വസ്തുതയാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഇത്ര വലിയ ധൃതി സര്‍ക്കാര്‍ കാണിക്കരുതായിരുന്നു. വിശ്വാസികളെ വിശ്വാസത്തിലെടുത്തും അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുമുള്ള ക്രിയാത്മക നിലപാടായിരുന്നു പിണറായിയും കൂട്ടരും എടുക്കേണ്ടിയിരുന്നത്. അത്തരമൊരു നിലപാട് എടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ, കേരളത്തില്‍ ബി.ജെ.പിയുടെ അടിത്തറ ഇളക്കാമായിരുന്നു. സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാട് തിരുത്തി വിശ്വാസികള്‍ക്കും സര്‍ക്കാറിനുമൊപ്പം നില്‍ക്കുകയോ അല്ലെങ്കില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്ന് വിശ്വാസികള്‍ക്കും സര്‍ക്കാറിനുമെതിരെ പട നയിക്കുകയോ ചെയ്യേണ്ട വല്ലാത്തൊരു സാഹചര്യത്തില്‍നിന്നാണ് ബി.ജെ.പിയെ പിണറായിയും കൂട്ടരും രക്ഷപ്പെടുത്തിയത്. അങ്ങനെയാണ് ശ്രിധരന്‍ പിള്ള പറഞ്ഞ സുവര്‍ണ്ണാവസരം സംഘ്പരിവാരത്തിന് വീണുകിട്ടിയത്.
ഇതോടൊപ്പം സുരേന്ദ്രന്റെ അറസ്റ്റ് മറ്റൊരു സുവര്‍ണ്ണാവസരമാണ് ബി.ജെ.പിക്ക് ഒരുക്കികൊടുക്കുന്നത്. പല കേസുകളുടെ പേരില്‍ കോടതികളില്‍ നിന്ന് കോടതികളിലേക്കും ജയിലുകളില്‍നിന്ന് ജയിലുകളിലേക്കുമുള്ള നൈരന്തര്യം സുരേന്ദ്രന് അനുകൂല സഹതാപം സൃഷ്ടിക്കാനേ ഇടവരുത്തൂ. കലാപാഹ്വാന പ്രസംഗത്തിന്റെ പേരില്‍ ശ്രീധരന്‍ പിള്ള അറസ്റ്റ് ചെയ്യപ്പെടാതിരിക്കുകയും ശശികല ഉള്‍പ്പെടെയുള്ള സംഘി നേതാക്കളെ ജയിലിലടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരേന്ദ്രനെ പൂട്ടുന്നത് എന്നത് സംശയാസ്പദമാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സ്ത്രീസുരക്ഷ സി.പി.എമ്മിന്റെ വജ്രായുധമായിരുന്നു. ആ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഷൊര്‍ണ്ണൂര്‍ എം.എല്‍.എയുമായ പി. ശശിക്കെതിരെ സ്ത്രീപീഢന ആരോപണം വന്നപ്പോള്‍ പാര്‍ട്ടിയെടുത്ത തീരുമാനം പരിഹാസ്യവും പ്രതിഷേധാര്‍ഹവുമാണ്. ശശി വിവാദം ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുണ്ട്. താന്‍ പീഢിപ്പിക്കപ്പെട്ടെന്ന് ഇര ഉത്തരവാദപ്പെട്ട നേതാക്കന്മാരെ രേഖാമൂലം അറിയിച്ചിട്ട് പൊലീസിനെ അറിയിക്കാതെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷിച്ച് (അതും നിയമ മന്ത്രി) കുറ്റം വിധിക്കുക എന്നത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കലല്ലേ? ഒരു ക്രിമിനല്‍ കുറ്റം നടന്നെന്ന് അറിഞ്ഞാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന സാമാന്യ വിവരം കേരളത്തിന്റെ നിയമ മന്ത്രിക്കില്ലേ? പാര്‍ട്ടി സഖാവ് മറ്റൊരു സഖാവിനെ പീഡിപ്പിച്ച കേസ് പാര്‍ട്ടി അന്വേഷിച്ച് അച്ചടക്ക നടപടി സ്വീകരിച്ചാല്‍ മതിയെന്ന് പറയുന്ന സി.പി.എം ഒരു കാര്യം ഓര്‍ക്കണം. നാളെ ഒരു ഇടവകയിലോ മഹല്ലിലോ കൊലപാതകമോ പീഢനമോ നടന്നാല്‍ ഇത് ഞങ്ങള്‍ ഇടവകക്കാര്‍ അല്ലെങ്കില്‍ മഹല്ല് കമ്മിറ്റി അന്വേഷിച്ച് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് പറഞ്ഞാല്‍ അത് സ്വീകാര്യമാകുമോ? മാന്യമല്ലാത്ത രീതിയില്‍ സ്ത്രീയെ നോക്കുന്നത് പോലും പീഢനത്തിന്റെ പരിധിയില്‍ വരുന്ന നിയമ വ്യവസ്ഥയുള്ള നാട്ടില്‍, സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ അന്വേഷണം നേരിട്ട് പാര്‍ട്ടി നടപടിക്ക് (ശശിയെ സംരക്ഷിക്കാന്‍ കമ്മീഷന്‍ തെറ്റിന്റെ തീവ്രത കുറച്ചെന്നാണ് പറയപ്പെടുന്നത്) വിധേയനായ ഒരാള്‍ എം.എല്‍.എയായി തുടരുന്നത് കേരളീയ പൊതു സമൂഹത്തെ വെല്ലുവിളിക്കലല്ലേ? ഈ എം.എല്‍. എയെ ഒപ്പമിരുത്തി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇടതുപക്ഷത്തിനും സഭയില്‍ സ്ത്രീ സുരക്ഷയെപറ്റി എങ്ങനെ സംസാരിക്കാനാകും? ഈ വിഷയത്തില്‍ സമ്പൂര്‍ണ്ണ നിശബ്ദത പാലിച്ച വി.എസ് അച്യുതാനന്ദനും സി.പി. എമ്മിലെ മഹിളാരത്‌നങ്ങള്‍ക്കും ഡി.വൈ.എഫ്.ഐക്കും ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ധാര്‍മ്മിക അവകാശമുണ്ടോ?
അഴിമതി വിരുദ്ധതയുടെ മേല്‍വിലാസത്തില്‍ രാഷ്ട്രീയ കേരളത്തില്‍ വിജയ രഥമുരുട്ടിയ കെ.ടി ജലീല്‍ അഴിമതിയുടെ ചാണകക്കുഴിയിലാണ് നിപതിച്ചിരിക്കുന്നത്. ആരോപണങ്ങളുടെ ഭാണ്ഡങ്ങളും ചുമന്നാണ് പരിശുദ്ധി സ്വയം അവകാശപ്പെടുന്ന മന്ത്രി നാട് ഭരിക്കുന്നതെന്നത് എത്ര വിരോധാഭാസം. തെളിവുകളുടെ പിന്‍ബലത്തില്‍ കൃത്യവും സ്പഷ്ടവുമായ ആരോപണങ്ങള്‍ ഒന്നിനുപിറകെ ഒന്നൊന്നായി ഉന്നയിക്കപ്പെടുമ്പോള്‍ മറുപടി പോലും പറയാനാകാത്ത തരത്തില്‍ ജലീല്‍ നിസ്സഹായനാകുന്ന കാഴ്ച ആരോപണം ഉന്നയിച്ചവരാണ് ശരിയെന്ന ബോധ്യമാണ് പൊതുജനത്തിന് ഉണ്ടാക്കിയിട്ടുള്ളത്. മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് തെളിവുകള്‍ ഹാജരാക്കിയാണ് ആരോപണം ഉന്നയിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും നടത്തി മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടുണ്ടെന്ന് രേഖകള്‍ സഹിതം തെളിയിച്ച ശേഷമാണ് ജലീലിന്റെ രാജി യൂത്ത്‌ലീഗ് ആവശ്യപ്പെട്ടത്. അനവധി കളവുകളുടെമേല്‍ ജലീല്‍ പണിത പ്രതിരോധ കോട്ട തകര്‍ന്ന് തരിപ്പണമാകുന്ന ദയനീയ രംഗങ്ങള്‍ കണ്ടു.
ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ചോദ്യങ്ങളോട് പോലും മുഖ്യ മന്ത്രി മൗനം പാലിക്കുന്നുവെന്നത് മന്ത്രിക്ക് വീഴച പറ്റിയിട്ടുണ്ടെന്നതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. മന്ത്രിയുടെ വക്കാലത്തേറ്റെടുത്ത് ചാനല്‍ ചര്‍ച്ചെക്കെത്തിയ ജമാഅത്തെ ഇസ്‌ലാമി ആശയക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞ ന്യായീകരണം വളരെ രസാവഹമായിരുന്നു. അദീബ് ജമാഅത്തെ ഇസ്‌ലാമിയുടെ ആശയക്കാരനും വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനുമായതിനാല്‍ പലിശയുമായി ബന്ധപ്പെട്ട ജോലിയില്‍നിന്ന് മുക്തി നേടാനാണ് കുറഞ്ഞ ശമ്പളമായിട്ട് പോലും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ പദവി ഏറ്റെടുത്തത് എന്നാണ്. എന്നാല്‍, പലിശയുമായി ബന്ധപ്പെട്ട സ്ഥാപനമാണതെന്നതും രാജിവെച്ച ശേഷം തിരികെ പോയത് പലിശയുടെ കേന്ദ്രമായ അതേ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തന്നെയാണെന്നതും ‘സീറോ’ മേല്‍വിലാസമുള്ള അധിക പ്രാസംഗികന്റെ വാദത്തിന്റെ മുനയൊടിച്ചു.
ഇതിനിടയിലാണ് മന്ത്രി ഭാര്യയുടെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയത്. ഇതോടെ ഇതികര്‍ത്തവ്യ മൂഢനായ ജലീലിന് സ്ഥലകാല ഭ്രമം സംഭവിച്ചു. വിവാദവുമയി ഒരു ബന്ധവുമില്ലാത്ത പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ല്യാരെ വരെ ഇതിലേക്ക് വലിച്ചിഴച്ചു. ജലീല്‍ പറയുന്ന പോലെ യു.എഡി.എഫ് ഭരണ കാലത്ത് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുള്ള ബന്ധു നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനും നടപടിയെടുക്കണം. അത്തരം നിയമനങ്ങള്‍ യു.ഡി.എഫ് കാലത്ത് നടന്നിട്ടുണ്ടെങ്കില്‍ പ്രതിപക്ഷത്തിന്റെ റോള്‍ നിര്‍വഹിക്കുന്നതില്‍ ജലീല്‍ ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷം പരാജയമായിരുന്നുവെന്നല്ലേ മനസ്സിലാക്കേണ്ടത്.
ബന്ധു നിയമന വിവാദത്തെതുടര്‍ന്ന് പതിറ്റാണ്ടുകളുടെ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുള്ള ഇ.പി ജയരാജനോട് മന്ത്രി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ട സി.പി.എമ്മും പിണറായിയും എന്തുകൊണ്ടാണ് പാര്‍ട്ടി അംഗം പോലുമല്ലാത്ത ജലീലിനോട് രാജി ആവശ്യപ്പെടാത്തത്? തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച് സമാന്തര യോഗം നടത്തിയ സി.പി.ഐയുടെ മന്ത്രിമാരും സെക്രട്ടറിയും എന്ത്‌കൊണ്ടാണ് ജലീലിനെതിരെ സംസാരിക്കാത്തത്? ഉത്തരം ലളിതമാണ്. ആദര്‍ശം പറയാന്‍ മാത്രമുള്ളതാണ്. പ്രവര്‍ത്തിക്കാനുള്ളതല്ല. ജലീലിനെ പ്രകോപിപ്പിച്ചാല്‍ ഒരുപക്ഷേ, നാറ്റക്കുഴിയുടെ ആഴം വര്‍ധിച്ചേക്കാം. അധികാര പ്രമത്തതയില്‍ അഭിരമിക്കുന്ന ജലീലിന് മന്ത്രി പദവി ഒരലങ്കാരമായിരിക്കാം. കൊടി വെച്ച കാറും മന്ത്രി മന്ദിരവും പേഴ്‌സണല്‍ സ്റ്റാഫും പൊലീസ് എസ്‌കോര്‍ട്ടും പ്രൗഢിയുടെ ചിഹ്നങ്ങളാകാം. നികുതിപ്പണം ഉപയോഗിച്ചാണ് മന്ത്രിയുടെ സുഖ സൗകര്യങ്ങള്‍ ജലീല്‍ ആസ്വദിക്കുന്നത്. അതിനാല്‍ പൊതു ജനത്തോട് ഉത്തരം പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാതെ എത്രയുംപെെട്ടന്ന്, രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാകും മന്ത്രിക്ക് നല്ലത്. അല്ലാത്തപക്ഷം മുസ്‌ലിം യൂത്ത്‌ലീഗ് നടത്തുന്ന സമരം യു.ഡി.എഫ് എറ്റെടുക്കുന്നതോടെ സമര വിര്യം പതിന്‍ മടങ്ങ് വര്‍ധിക്കും. പൊതു ശല്യമായി ചിത്രീകരിക്കപ്പെട്ട് നാണംകെട്ട് ഏതാനും ദിവസങ്ങള്‍കൂടി മന്ത്രി പണി ചെയ്യുന്നതിനേക്കാള്‍ ജലീലിനും മുന്നണിക്കും പൊതു ജനത്തിനും നല്ലത് എത്രയും നേരത്തേയുള്ള രാജിയാണ്.
കമ്യൂണിസ്റ്റ് ആശയങ്ങളെ നോട്ട്‌കെട്ടുകള്‍ കൊണ്ട് മൂടിയാണ് പലപ്പോഴും ഇടതുമുന്നണി തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറ്. സ്വതന്ത്ര വേഷം കെട്ടിച്ചും അല്ലാതെയും ഇത്തരം നെറികെട്ട രാഷ്ട്രീയം സി.പി.എം നടത്താറുണ്ട്. ഇടതുമുന്നണിയുടെ ഇത്തരം അവസരവാദ രാഷ്ട്രീയത്തിന്റെ ഉത്പന്നങ്ങള്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാനും ജയിക്കാനും ചെലവഴിച്ച തുകയുടെ പതിന്‍മടങ്ങ് രാഷ്ട്രീയ അധികാര സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കാമെന്ന കച്ചവട താല്‍പര്യത്തോടെ തന്നെയാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. ഇടതു മുന്നണി രംഗത്തിറക്കി എം. എല്‍.എ ആക്കിയവരുടെ വര്‍ത്തമാന ചെയ്തികള്‍ നല്‍കുന്ന സന്ദേശം ഇതാണ്.
പി.വി അന്‍വര്‍ എം.എല്‍.എ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെ പേരില്‍ ചെയ്ത് കൂട്ടിയ പ്രവൃത്തികള്‍ കേരളം ചര്‍ച്ച ചെയ്തതാണ്. പണച്ചാക്കുകളെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സി.പി.എം കായല്‍ കയ്യേറ്റ വിവാദത്തില്‍ എം. എല്‍.എ തോമസ് ചാണ്ടിയെ പഴി കേട്ടിട്ടും സംരക്ഷിക്കാന്‍ ശ്രമിച്ചത് വാങ്ങിയ പണത്തിന്റെ തിരിച്ചടവായി കണ്ടാല്‍ മതി. ചവറയിലെ വിജയന്‍ പിള്ള എം.എല്‍.എയും താനൂരിലെ അബ്ദുല്‍റഹ്മാന്‍ എം.എല്‍.എയും വിവാദങ്ങളില്‍നിന്ന് മുക്തരല്ല. സി.പി.എമ്മിന്റെ പാര്‍ട്ടി സംവിധാനം ശക്തമായ കുന്ദമംഗലം മണ്ഡലം പത്ത് വോട്ട് പോലും തികച്ചില്ലാത്ത പി.ടി.എ റഹീമിന്റെ പാര്‍ട്ടിക്ക് നല്‍കിയതിന്റെ താല്‍പര്യവും മറ്റൊന്നല്ല. സ്വര്‍ണ്ണക്കടത്ത്കാരന് സംരക്ഷണ കത്ത് എഴുതാന്‍ എം.എല്‍. എമാരായ കാരാട്ട് റസാഖിനും പി.ടി.എ റഹീമിനുമുള്ള ധൈര്യം ഇടത് നേതാക്കള്‍ സ്വീകരിച്ച പണം തന്നെയാണ്. അധികാരത്തില്‍ തിരികെയെത്താനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ പരാജയപ്പെടുത്താനും സകല മാലിന്യങ്ങളെയും ചുമലിലേറ്റി തെരഞ്ഞെടുപ്പ് നേരിട്ട ഇടതുപക്ഷം ഇപ്പോള്‍ നിവര്‍ന്ന് നില്‍ക്കാനാവാതെ ബുദ്ധിമുട്ടുന്നത് കേരള സമൂഹം കാണുന്നുണ്ട്. ലളിത ചേച്ചിയുടെ ‘മദ്യ’ മുക്ത കേരളം മുതല്‍ ഹവാല ഇടപാടില്‍ അഴിയെണ്ണുന്ന എം.എല്‍.എയുടെ മകനും മരുമകനും വരെ എത്തിനില്‍ക്കുന്ന ‘നാടകം’ അരങ്ങില്‍ തുടരുകയാണ്.