Connect with us

Video Stories

കേരളത്തെ മദ്യത്തില്‍ മുക്കിയ ഇടത് സര്‍ക്കാര്‍

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

ഇടത് സര്‍ക്കാറിന്റെ ആയിരം ദിനങ്ങളില്‍ കേരളീയ സമൂഹം നേരിട്ട ദുരന്തനയമാണ് മദ്യത്തിന്റേത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാറിനെതിരായ വികാരം ശക്തമാകുന്നതില്‍ മദ്യനയം പ്രധാന ഘടകമാണിന്ന്. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ മദ്യനയം ഇടത് സര്‍ക്കാര്‍ പെളിച്ചെടുത്തത് ഓര്‍ക്കാപ്പുറത്താണ് കുടുംബങ്ങള്‍ക്ക് മീതെ പതിച്ചത്. മദ്യ മുതലാളിമാര്‍ക്ക്‌വേണ്ടി നയം മാറ്റിയ സര്‍ക്കാര്‍ ജനങ്ങളെ മറക്കുകയായിരുന്നു. മദ്യ മുതലാളിമാരോടാണ് തങ്ങളുടെ സ്‌നേഹമെന്ന് സര്‍ക്കാര്‍ വിളിച്ചറിയിച്ചു. കേരളത്തില്‍ മദ്യം ഇപ്പോള്‍ സുലഭമാണ്. പിണറായി സര്‍ക്കാര്‍ ഇവ്വിധം ഉദാരമാക്കിയതിനു പിന്നില്‍ ഇടതുമുന്നണിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. അത് അഴിമതിതന്നെ. നേരത്തെ നിരോധിത മേഖലയായിരുന്ന സ്‌കൂള്‍ – ആരാധനാലയ പരിസരങ്ങളില്‍പോലും മദ്യം വില്‍ക്കാന്‍ കഴിയുന്ന സ്ഥിതിയാണിപ്പോള്‍.
ത്രീ സ്റ്റാറിനും അതിനുമുകളിലും നക്ഷത്ര നിലവാരമുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം അര്‍ധരാത്രി വരെ നീട്ടിയും സര്‍ക്കാര്‍ വിപത്ത് ക്ഷണിച്ചുവരുത്തുകയായിരുന്നു. മദ്യ ലഭ്യത കുറച്ച് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പാടെ പൊളിച്ചഴുതിയാണ് പുതിയ നയം ഇടതു സര്‍ക്കാര്‍ കൊണ്ടുവന്നത്. 2017 ജൂലൈ ഒന്നിനാണ് പുതിയ നയം പ്രാബല്യത്തില്‍വന്നത്. അതു വരെ ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമാണ് ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നത്. 2017 ജൂലൈ മുതല്‍ ത്രീസ്റ്റാറിനും അതിനുമുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് (എഫ്.എല്‍- 3) നല്‍കി മദ്യം സുലഭമാക്കി. എഫ്.എല്‍- 3, എഫ്.എല്‍- 11 ലൈസന്‍സുള്ള റസ്റ്റോറന്റുകളില്‍ മദ്യം വിളമ്പാനും അനുമതി നല്‍കി. വിദേശമദ്യ ചട്ടമനുസരിച്ച് നല്‍കുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെയുള്ള മറ്റു ലൈസന്‍സുകള്‍ അനുവദിച്ചു. ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കു ശുദ്ധമായ കള്ള് വിതരണം ചെയ്യാനും അനുവാദം നല്‍കി. ബാറുകള്‍ നിശ്ചിത ഫീസ് അടച്ചാല്‍ ഇഷ്ടമുള്ളിടത്ത് മദ്യ കൗണ്ടറുകള്‍ തുറക്കാനും അനുമതി നല്‍കി. വിമാനത്താവളങ്ങളില്‍ അന്താരാഷ്ട്ര ലോഞ്ചുകള്‍ക്കൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 9.30 മുതല്‍ രാത്രി 10 വരെ എന്നുള്ളത് രാവിലെ 11 മണി മുതല്‍ രാത്രി 11 മണി വരെയാക്കി. ടൂറിസം മേഖലയില്‍ സമയം രാവിലെ 10 മുതല്‍ രാത്രി 11 മണി വരെയാക്കി. മദ്യം ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലുള്ള 21 വയസില്‍ നിന്ന് 23 വയസായി ഉയര്‍ത്തിയെന്നാണ് ഇതിനു മറുവാദമായി സര്‍ക്കാര്‍ പറഞ്ഞത്. മദ്യം സുലഭമാക്കിയ ശേഷം പ്രായം ഉയര്‍ത്തിയതുകൊണ്ടു കാര്യമില്ലല്ലോ. കള്ളുഷാപ്പുകള്‍ വില്‍പന നടത്തുമ്പോള്‍ തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ക്കു മുന്‍ഗണന നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിപ്പ്. സി.പി.എം നിയന്ത്രണത്തിലാണ് സഹകരണ സംഘങ്ങള്‍ എന്നതാണ് ഇതിനുകാരണം.
സുപ്രീംകോടതി ഉത്തരവനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ മദ്യവില്‍പന ശാലകളും യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ റോഡിന്റെ പേര് മാറ്റി ഇവയ്ക്ക് അതേ താലൂക്കില്‍ ദേശീയ, സംസ്ഥാന പാതയോരത്തുനിന്ന് 500 മീറ്റര്‍ മാറി പ്രവര്‍ത്തിക്കാന്‍ ഇടത് സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. വിവിധ ഘട്ടങ്ങളിലായി യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ മിക്ക ബാറുകളും മദ്യവില്‍പ്പനശാലകളും തുറക്കാന്‍ അവസരം ഒരുക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. 2014 മാര്‍ച്ച് 31നാണ് യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം അനുസരിച്ച് നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടിയത്. 2014 ഒക്ടോബര്‍ 30ന് ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ പദവിയുള്ള 250 ബാറുകള്‍കൂടി പൂട്ടി. ഇതോടെ സംസ്ഥാനത്തെ ആകെ ബാറുകളുടെ എണ്ണം 62 ആയി ചുരുങ്ങിയിരുന്നു. എന്നാല്‍ പിറ്റേദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പ്രകാരം അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍, ടൂസ്റ്റാര്‍ ബാറുകള്‍ തുറന്നു. കോടതി അനുമതിയോടെ മറ്റ് 12 ബാറുകളും തുറന്നു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നതോടെ 2015 മാര്‍ച്ച് 31ന് ഈ ബാറുകള്‍ വീണ്ടും അടച്ചുപൂട്ടി. പിന്നീട് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേശീയ, സംസ്ഥാന പാതകള്‍ക്കരികില്‍ പ്രവര്‍ത്തിച്ചിരുന്ന 1956 മദ്യശാലകള്‍ എക്‌സൈസ് അടച്ചുപൂട്ടി മുദ്രവച്ചു. 137 ബിവറേജസ് ഔട്‌ലെറ്റുകള്‍, എട്ട് ബാര്‍ ഹോട്ടലുകള്‍, 18 ക്ലബ്ബുകള്‍, 532 ബിയര്‍-വൈന്‍ പാര്‍ലറുകള്‍, 1902 കള്ളുഷാപ്പുകള്‍ എന്നിവയാണ് കോടതി വിധിയിലൂടെ അടച്ചുപൂട്ടിയത്. അതേ സമയം ഇടത്‌സര്‍ക്കാറിന്റെ പുതിയ മദ്യനയത്തോടെ ഈ ബാറുകള്‍ക്കെല്ലാം വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു. മദ്യവര്‍ജന നയമാണ് തങ്ങളുടേതെന്ന് ഉദ്‌ഘോഷിച്ച ഇടത് സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ മദ്യമൊഴുക്കുകയായിരുന്നു. ആവുന്നത്ര മദ്യം വിറ്റുപോകണമെന്നത് മാത്രമാണ് സര്‍ക്കാര്‍ നയത്തിന്റെ ലക്ഷ്യം. ജനവികാരം സര്‍ക്കാര്‍ തെല്ലും മാനിച്ചില്ല. രാത്രി നേരത്തെ അടച്ചിരുന്ന മദ്യശാലകള്‍ അര്‍ധരാത്രിയും തുറന്നിരിക്കുന്നു. ടൂറിസം മേഖലയെ ബാധിക്കുമെന്ന് പറഞ്ഞാണ് മദ്യമൊഴുക്കുന്നത്. സഞ്ചാരികള്‍ വരുന്നത് കേരളം കാണാനാണ്, അല്ലാതെ മദ്യപിക്കാനല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
2016ലെ നിയമസഭാതെരഞ്ഞെടുപ്പു കാലത്തു സംസ്ഥാനത്തെ ബാര്‍ മുതലാളിമാര്‍ക്ക് ഇടതു മുന്നണി നല്‍കിയ വാക്ക് പാലിച്ചുകൊണ്ടാണ് പുതിയ മദ്യ നയം നടപ്പിലാക്കിയത്. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളാകെ അംഗീകരിച്ചതായിരുന്നു. യു.ഡി.എഫിന്റെ മദ്യനയത്തെ അട്ടിമറിച്ചതില്‍ വലിയ അഴിമതിയുണ്ട്. സി.പി.എമ്മും സി.പി.ഐയും എത്ര പണം ഇതിനായി വാങ്ങിയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമല്ല, മദ്യ മുതലാളിമാര്‍ക്ക് ഒപ്പമാണെന്ന് തെളിയിക്കുകയായിരുന്നു പിണറായി സര്‍ക്കാര്‍. രാവിലെ പതിനൊന്നു മുതല്‍ രാത്രി 11 വരെ ബാറുകള്‍ക്ക് പ്രവൃത്തിസമയം അനുവദിച്ചത് സമാധാന ലംഘനങ്ങള്‍ക്കും കുടുംബവഴക്കുകള്‍ക്കും കാരണമായെന്ന് ക്രൈം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ നയം അംഗീകരിച്ചിരുന്നു. അക്രമങ്ങളും കുടുംബവഴക്കും ഇതിലൂടെ കുറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ബാറുടമകളുമായി ഇടത് മുന്നണി നേതാക്കള്‍ ചര്‍ച്ച തുടങ്ങിയിരുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങള്‍ മലയാളികളെ ബോധ്യപ്പെടുത്തികൊണ്ടിരുന്നു. അന്ന് ഉയര്‍ത്തിയ ബാര്‍ കോഴ വിവാദവും ഇതിന്റെ ഭാഗമായിരുന്നു. ഇതിന്റെ ഭാഗമായി ബജറ്റ് അവതരിപ്പിക്കാന്‍പോലും ധനമന്ത്രിയെ അനുവദിച്ചില്ല. ആളോഹരി മദ്യ ഉപഭോഗത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുമ്പില്‍ വന്നപ്പോഴാണ് മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഘട്ടംഘട്ടമായി വീര്യം കൂടിയ മദ്യം നിരോധിക്കണമെന്ന എ.പി ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എ.കെ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചത്. ഇതിന്റെ ചുവട് പിടിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഓരോ വര്‍ഷവും ബിവറേജസ് കോര്‍പറേഷന്‍ ഔട്‌ലെറ്റുകള്‍ പത്ത് ശതമാനം വീതം നിര്‍ത്തലാക്കി കേരളത്തെ മദ്യനിരോധന സംസ്ഥാനമാക്കി മാറ്റാന്‍ നടപടി തുടങ്ങിയത്. ഇതോടൊപ്പം ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുള്‍പ്പെടെ നിര്‍ത്തലാക്കി. മദ്യവില്‍പന ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമാക്കി ചുരുക്കി. ഈ നടപടികളിലൂടെ ആത്മഹത്യാ നിരക്ക്, വാഹനാപകടങ്ങള്‍, കുടുംബബന്ധങ്ങളുടെ തകര്‍ച്ച തുടങ്ങിയവ ഗണ്യമായി കുറഞ്ഞു. സമഗ്രമായ മാറ്റമാണ് കേരളീയ സമൂഹത്തില്‍ മുന്‍ സര്‍ക്കാരിന്റെ മദ്യനയം മൂലമുണ്ടായത്. യു. ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കിയപ്പോള്‍ പലരും ആശങ്കകളുയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമല്ല സാമൂഹ്യ നന്മക്കാണ് യു.ഡി.എഫ് മുന്‍തൂക്കം നല്‍കിയത്. മദ്യ വില്‍പനയില്‍നിന്നും ലഭിക്കേണ്ട വരുമാനം സര്‍ക്കാര്‍ വേണ്ടെന്ന്‌വെച്ചു. മദ്യനിയന്ത്രണം ഉണ്ടാക്കുന്ന സാമൂഹ്യ മാറ്റത്തേക്കാള്‍ വലുതല്ല സാമ്പത്തിക നഷ്ടമെന്നാണ് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യാജമദ്യം സംബന്ധിച്ചും ആശങ്കയുണ്ടായി. എന്നാല്‍ ശക്തമായ നടപടികളിലൂടെ ആ ആശങ്കയും ഇല്ലാതായി. 20 ശതമാനം ബിവറേജ് ഔട്ലെറ്റുകളാണ് യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിച്ചത്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷക്കാലയളവില്‍ 3.49 കോടി ലിറ്റര്‍ മദ്യ ഉപഭോഗമാണ് കേരളത്തില്‍ കുറഞ്ഞത്.
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം എത്രത്തോളം ഫലപ്രദമായിരുന്നെന്ന് മനസ്സിലാക്കാന്‍ 2014 ഏപ്രില്‍ ഒന്ന് മുതല്‍ 2017 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിദേശ മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച കണക്കുകള്‍മാത്രം പരിശോധിച്ചാല്‍ മതി. ഈ മൂന്ന് വര്‍ഷ കാലയളവില്‍ വിദേശ മദ്യത്തിന്റെ ഉപയോഗത്തില്‍ 86560876 ലിറ്ററിന്റെ കുറവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള സര്‍ക്കാറിന്റെ ബിവറേജസ് കോര്‍ പറേഷന്‍ കണക്ക്പ്രകാരം വിദേശ മദ്യ വില്‍പനയില്‍ 2017 ഏപ്രില്‍ മുതല്‍ ജൂണ്‍വരെ 2016 നേക്കാള്‍ 3382732 ലിറ്ററും (7.17 ശതമാനം), ബിയര്‍ വില്‍പനയില്‍ 14514873 ലിറ്റര്‍ (41.61 ശതമാനം), വൈന്‍ വില്‍പനയില്‍ 105186 ലിറ്റര്‍ (40.06 ശതമാനവും) കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു. മദ്യത്തിന്റെ ലഭ്യത കുറച്ചാല്‍ ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടാക്കാന്‍ സാധിക്കുമെന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണം ശരിവെക്കുന്നതായിരുന്നു ഈ കണക്കുകള്‍. ഇത് മുന്‍കൂട്ടി കണ്ടാണ് ഓരോ വര്‍ഷം 10 ശതമാനം വിദേശ മദ്യശാലകള്‍ അടച്ചു പൂട്ടാന്‍ യു. ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എക്‌സൈസ് വകുപ്പിന്റെ 14 ജില്ലകളിലെ മാസാന്ത കണക്ക്പ്രകാരം 2015-2016ല്‍ അബ്കാരി നിയമമനുസരിച്ച് 16917 കേസുകളിലായി 20,703 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തെങ്കില്‍ 2016-2017 ല്‍ കേസുകളുടെ എണ്ണം 25423 ആയി വര്‍ധിച്ചിട്ടും 2893 ലിറ്റര്‍ സ്പിരിറ്റ് മാത്രമാണ് പിടിച്ചെടുത്തത്. മുന്‍ വര്‍ഷത്തേക്കാളും 17804 ലിറ്ററിന്റെ കുറവുണ്ടായി. 86 ശതമാനം വരുമിത്. മദ്യ നിയന്ത്രണം ടൂറിസം മേഖലയെ തളര്‍ത്തിയെന്നായിരുന്നു മറ്റൊരു വാദം. 2014 ല്‍ 24885 കോടി രൂപയായിരുന്നു ടൂറിസം മേഖലയുടെ വരുമാനമെങ്കില്‍ 2016 ല്‍ 29659 കോടിയായി വര്‍ധിക്കുകയാണ് ഉണ്ടായത്. 2014 ല്‍ 9.23 ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് കേരളം സന്ദര്‍ശിച്ചിരുന്നതെങ്കില്‍ 2016 ല്‍ 10.38 ലക്ഷമായി വര്‍ധിച്ചു.
മദ്യം വ്യാപകമാക്കിയ ഇടത് സര്‍ക്കാര്‍ പുതിയ ബ്രൂവറികള്‍ അനുവദിക്കാന്‍ രഹസ്യമായി ശ്രമിച്ചതും കേരളം കണ്ടു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാടിനുമുന്നില്‍ സര്‍ക്കാറിനു തീരുമാനം ഒടുവില്‍ റദ്ദാക്കേണ്ടി വന്നു. മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും അംഗീകാരം നല്‍കിയതിലെ ക്രമക്കേടുകള്‍ അഴിമതി നിരോധന വകുപ്പിലെ സെക്ഷന്‍ 13(1)(ഡി) , 120 ബി ഐ പി സി തുടങ്ങിയ വകുപ്പുകള്‍പ്രകാരം മുഖ്യമന്ത്രിക്കെതിരെയും എക്‌സൈസ് വകുപ്പ് മന്ത്രിക്കെതിരെയും അന്വേഷിക്കുന്നതിനായി ഗവര്‍ണര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നാലു തവണയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. മദ്യത്തിന്റെ പേരില്‍ ഏറ്റവും വലിയ അഴിമതിയാരോപണമാണ് ബ്രൂവറിയില്‍ സര്‍ക്കാറിനെതിരെ ഉയര്‍ന്നത്. ശക്തമായ പ്രക്ഷോഭത്തിനുമുന്നില്‍ ഇടത് സര്‍ക്കാര്‍ കളം മാറ്റി ചവിട്ടുകയായിരുന്നു. മദ്യത്തോട് സര്‍ക്കാറിനു ഇത്ര സ്‌നേഹമെന്തിനാണെന്നാണ് ഓരോ മലയാളിയും ചോദിക്കുന്നത്. ഇതിനു കൃത്യമായ മറുപടി നല്‍കാന്‍ ഇടത് സര്‍ക്കാറിനു കഴിയുന്നില്ല.
ഒരു കൊല്ലം കേരളം കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്. മദ്യത്തിന്റെ 10 ശതമാനം ആമാശയത്തില്‍നിന്നും 90 ശതമാനം ചെറുകുടലില്‍ നിന്നുമാണ് ശരീരം വലിച്ചെടുക്കുന്നത്. കഴിച്ചു കഴിഞ്ഞാല്‍ 45 മുതല്‍ 60 മിനിട്ടിനുളളില്‍തന്നെ രക്തത്തില്‍ പരമാവധി അളവിലെത്തുന്നു. വലിച്ചെടുക്കപ്പെട്ട മദ്യം ഉടന്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തുന്നു. വലിച്ചെടുക്കപ്പെട്ട മദ്യത്തിന്റെ 90 ശതമാനവും കരള്‍ വിഘടിപ്പിച്ച് നിരുപദ്രവ വസ്തുക്കളാക്കി ശരീരത്തില്‍നിന്നും ശ്വാസത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പുറംതള്ളുന്നു. ലഹരിമൂലം കാലക്രമേണ വ്യക്തി കഴിക്കുന്ന മദ്യത്തിന്റെ അളവും കഴിക്കുന്ന ദിവസങ്ങളും കൂടിക്കൊണ്ടു വരുന്നു. മാത്രമല്ല ലഹരി നിലനിര്‍ത്താന്‍ വ്യക്തിക്ക് കൂടുതല്‍ അളവില്‍ മദ്യപിക്കേണ്ടിവരുന്നു.
മദ്യപാനത്തെ സ്വയം ന്യായീകരിക്കാന്‍ സാമ്പത്തിക പ്രശ്‌നങ്ങളാലോ, കുടുംബ പ്രശ്‌നങ്ങളാലോ ആണ് താന്‍ മദ്യപിക്കുന്നതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു. കുടുംബ ബന്ധം തകരല്‍, ദാമ്പത്യബന്ധംവേര്‍പെടല്‍, ജോലി നഷ്ടപ്പെടല്‍, ശാരീരികാരോഗ്യം കുറയുക തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാല്‍ ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുന്നു. പല മാനസിക രോഗങ്ങളും മദ്യപിക്കുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു. വിഷാദ രോഗം മദ്യപരില്‍ സാധാരണമാണ്. മദ്യപരില്‍ ആത്മഹത്യാനിരക്ക് 15 ശതമാനമാണ്. ഇത്തരത്തില്‍ ദുരിതം മാത്രം വിതക്കുന്ന മദ്യത്തെ കേരളത്തില്‍ സുലഭമാക്കാന്‍ എല്ലാ പണിയും ചെയ്യുന്ന ഇടത് സര്‍ക്കാര്‍ മലയാളി കുടുംബങ്ങളോട് അക്ഷരാര്‍ത്ഥത്തില്‍ കടുത്ത ദ്രോഹമാണ് ചെയ്യുന്നത്. യു.ഡി.എഫ് കൊണ്ടു വന്ന മദ്യ നയത്തിലേക്ക് കേരളം തിരിച്ചുപോകേണ്ടിയിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാറിന്റെ മദ്യനയം ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending