Connect with us

Video Stories

അനധികൃത നിര്‍മ്മാണവും സുപ്രീംകോടതി വിധിയും

Published

on


കെ.ബി.എ കരീം


കൊച്ചിയില്‍ തീരദേശചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് #ാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനും അഴിമതിക്കും വഴങ്ങി കണ്ണും മൂക്കുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന തദ്ദേശ സ്ഥാപന അധികൃതര്‍ക്കും സര്‍ക്കാരിനും പ്രത്യേകിച്ച് റവന്യൂവകുപ്പിനും പാഠമായിമാറേണ്ടതുണ്ട്. ശതകോടികള്‍ മുടക്കി അത്യാഢംബരത്തോടെ നിര്‍മ്മിച്ച ബഹുനില സമുച്ചയങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കണമെന്ന് സുപ്രീംകോടതി അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വിധി പ്രസ്താവിക്കുമ്പോള്‍ തീരദേശ പരിപാലനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പരമോന്നത നീതിപീഠം കല്‍പ്പിക്കുന്ന മൂല്യത്തിന്റെ അതിശക്തമായ പ്രതിഫലനം കൂടിയായി ഈ വിധി മാറിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ ദൗത്യത്തിന് കോടതികള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയും അതിനനുസൃതമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും അതിശക്തമായി നിലകൊള്ളുകയും ചെയ്താല്‍ മാത്രമേ പ്രളയവും പേമാരിയും പോലുള്ള വന്‍പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിച്ച് നില്‍ക്കാന്‍ നമുക്ക് കഴിയൂ എന്നതില്‍ സംശയമില്ല.
തീരദേശ നിയമം ലംഘിച്ച് സ്ഥാപിച്ച കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയത്‌കൊണ്ടുമാത്രം തീരുന്നതല്ല ഇവിടത്തെ പ്രശ്‌നം. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കും അതിന് ഒത്താശ ചെയ്യുന്നവര്‍ക്കും എതിരെ കൂടി നടപടി വന്നാലേ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണവും അതുവഴിയുള്ള വികസനവും ഭാവിയിലെങ്കിലും സാധ്യമാക്കാന്‍ കഴിയൂ. പരിസ്ഥിതി നിയമവും തീരദേശ നിയമവും ഉള്‍പ്പെടെ ലംഘിച്ച് നിര്‍മ്മിച്ച കൂറ്റന്‍ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ അഞ്ചു വര്‍ഷത്തിനിടെ ഒരു ഡസനോളം കോടതി വിധികള്‍ വന്നിട്ടുണ്ട്. അനധികൃതമെന്ന് കണ്ടെത്തുന്ന പല കെട്ടിടങ്ങളും സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് പൊളിച്ചുനീക്കുന്നുമുണ്ട്. ഇവയിലെല്ലാം കെട്ടിടയുടമ നഷ്ടവും നാണക്കേടും സഹിക്കുന്നതല്ലാതെ പണത്തിനും മറ്റ് പ്രലോഭനങ്ങള്‍ക്കും വഴങ്ങി കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി കൂടി ഉണ്ടാകുന്നില്ലെന്നതാണ് നിയമലംഘനങ്ങളും അനധികൃത നിര്‍മ്മാണവും വന്‍തോതില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.
കൊച്ചിയിലെ മരട് നഗരസഭയില്‍ തീരദേശ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് #ാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചു മാറ്റാനാണ് ജസ്റ്റിസ് അരുണ്‍മിശ്ര, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ച് വിധിച്ചിരിക്കുന്നത്. കുണ്ടന്നൂര്‍ ഹോളിഫെയ്ത് എച്ച്ടുഒ, ഹോളിഡെ ഹെറിറ്റേജ്, നെട്ടൂര്‍ അല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട #ാറ്റ് സമുച്ചയം, നെട്ടൂര്‍ കേട്ടേഴത്തുകടവ് ജയിന്‍ കോറല്‍കേവ്, ഗോള്‍ഡന്‍ കായലോരം എന്നീ #ാറ്റ് സമുച്ചയങ്ങള്‍ക്കെതിരെയാണ് സുപ്രീംകോടതി വാളോങ്ങിയിരിക്കുന്നത്. ഇവയിലെല്ലാമായി അഞ്ഞൂറോളം #ാറ്റുകളാണ് ഉള്ളത്. ഇതില്‍ പകുതിയിലധികം #ാറ്റിലും പ്രമുഖരടങ്ങുന്ന താമസക്കാരുമുണ്ട്. നിര്‍മ്മാണങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള സി.ആര്‍.ഇസഡ് 3ല്‍പെട്ട പ്രദേശത്ത് നിര്‍മ്മിച്ച ഈ #ാറ്റുകള്‍ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് തീരദേശമേഖല നിയന്ത്രണ അതോറിറ്റിയാണ് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും എത്തി അനുകൂല വിധി നേടിയെടുത്തിരിക്കുന്നത്. തീരദേശമേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെയാണ് 2006-07ല്‍ ഈ കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയത്. നിര്‍മ്മാണ അനുമതി നല്‍കിയപ്പോള്‍ ഈ പ്രദേശം മരട് പഞ്ചായത്തിന്റെ കീഴിലായിരുന്നെങ്കിലും മരട് നഗരസഭയായതോടെ തീരദേശ പരിപാലന ചട്ടം കൂടുതല്‍ മാറുകയായിരുന്നു. കായലോരത്ത് നിന്ന് 200 മീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണം പാടില്ലെന്നാണ് സി.ആര്‍.ഇസഡ് 3 വ്യക്തമാക്കുന്നത്.
അനധികൃത നിര്‍മ്മാണങ്ങള്‍ വന്‍തോതില്‍ പെരുകിയ കേരളത്തിന് ഇനിയുമൊരു പ്രളയം താങ്ങാന്‍ കെല്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മരട് നഗരസഭയിലെ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍പ്പെട്ട ഈ അഞ്ചെണ്ണം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തീരദേശ നിയമം ലംഘിക്കുന്നതാണ് പ്രളയങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവെക്കുന്നതെന്ന് കോടതി പറയുന്നു.
പഞ്ചായത്ത് നഗരസഭയായതോടെ നിര്‍മ്മാണാനുമതി റദ്ദാക്കാന്‍ നഗരസഭ നല്‍കിയ നോട്ടീസിനെതിരെ കെട്ടിട ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഉത്തരവും തള്ളിയ സാഹചര്യത്തിലാണ് തീരദേശ നിയന്ത്രണ അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് പഠിക്കാന്‍ കഴിഞ്ഞ നവംബറില്‍ കലക്ടര്‍, തദ്ദേശഭരണ സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രധാനവിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
പരമോന്നത കോടതിയുടെ വിധി സംസ്ഥാനത്ത് നിയമം ലംഘിച്ച് പണിത കെട്ടിടങ്ങള്‍ പിഴ ഈടാക്കി നിയമവിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടെയാണെന്ന് പറയാതെ വയ്യ. അനധികൃത കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ പഞ്ചായത്തീരാജ് നിയമഭേദഗതി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. 2017 ജൂലൈ 31 വരെ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ക്ക് സാധുത നല്‍കാനാണ് നിയമഭേദഗതി. നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നതാണ് ഈ നടപടിയെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷവും മറ്റ് വിദഗ്ധരും അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരായ വിധിയായികൂടി ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെ കാണേണ്ടതുണ്ട്.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്നാണ് മരട് നഗരസഭാ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കെട്ടിട ഉടമകള്‍ക്ക് പുനപരിശോധനാഹര്‍ജി നല്‍കാനുള്ള വകുപ്പുകളുമുണ്ട്. രണ്ടു വര്‍ഷം മുമ്പ് കൊച്ചിയിലെ ഡി.എല്‍.എഫ് #ാറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ പരമോന്നത കോടതി ഉത്തരവിട്ടത് ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. എന്നാല്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ പിഴ ഈടാക്കി കെട്ടിടം ക്രമവല്‍ക്കരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. തീരദേശ നിയമം ലംഘിച്ചും വനം പരിസ്ഥിതി നിയമം ലംഘിച്ചും പതിനായിരക്കണക്കിന് കെട്ടിട സമുച്ചയങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ളത്. ശബരിമലയിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടിവരുമെന്നുവരെ ഒരവസരത്തില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിലെ പ്രമുഖര്‍തന്നെ നിയമലംഘകരും അനധികൃത കയ്യേറ്റക്കാരുമായതും ഇവര്‍ക്കെതിരെ കോടതി വിധിയുണ്ടായിട്ടുപോലും ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതും ജനം കണ്ടതാണ്. ആലപ്പുഴയില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ലേക്‌വ്യൂ റിസോര്‍ട്ടും പി.പി അന്‍വര്‍ എം.എല്‍.എയുടെ തടയണയും വാട്ടര്‍ തീം പാര്‍ക്കും ഈ നിയമലംഘനങ്ങളില്‍ ചിലതുമാത്രം.
മരടിലെ അഞ്ച് പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ശ്രമകരമായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ സുപ്രീംകോടതിയുടെ അതിശക്തമായ നിലപാട് അനധികൃത കെട്ടിടങ്ങള്‍ പെരുകുന്നത് തടയാന്‍ വഴിമരുന്നിടുമെന്ന് ആശിക്കാം. കെട്ടിടത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. നിയമം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചാല്‍ പ്ലാന്‍ തയ്യാറാക്കിയ എഞ്ചിനീയര്‍ക്കടക്കം വിലക്കേര്‍പ്പെടുത്തുന്ന സമഗ്ര നടപടികളാണ് ഉണ്ടാകേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending