കെ. മൊയ്തീന്‍കോയ

ഫലസ്തീന്‍ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയംമാറ്റം പ്രതീക്ഷിച്ചത് തന്നെ. വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന ഏകപക്ഷീയവും അപക്വവുമായ നിലപാട് ഇതിനകം തന്നെ വിവാദം സൃഷ്ടിച്ചു. കുടിയേറ്റ വിരുദ്ധ നിലപാട് കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി. ചൈനീസ് എതിര്‍പ്പ് കനത്തതോടെ തായ്‌വാന്‍ ഭക്തി മാറ്റി ഏക ചൈന നിലപാടിലേക്ക് തിരുത്തി. ഐക്യരാഷ്ട്രസഭയെ പുച്ഛിച്ചും നാറ്റോ സഖ്യത്തെ തള്ളിപ്പറഞ്ഞതും വിവാദം സൃഷ്ടിക്കുകയും ചെയ്തു. ട്രംപിന്റെ നിലപാടും വിവാദവും അമേരിക്ക ലോക സമൂഹത്തില്‍ ഒറ്റപ്പെടുമെന്നതിന്റെ സൂചനയാണ് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ ലോകസംഘടനകളില്‍ നിന്ന് ഫലസ്തീന്‍ കാര്യത്തില്‍ ഉയര്‍ന്ന വിമര്‍ശനം.

വെള്ള കൊട്ടാരത്തില്‍ കഴിഞ്ഞാഴ്ച ക്ഷണിച്ചുവരുത്തി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ട്രംപ് സമ്മാനിച്ചത് കൈനിറയെ ആനുകൂല്യങ്ങള്‍. ഫലസ്തീന്‍ മണ്ണില്‍ അനധികൃത കുടിയേറ്റത്തിനെതിരെ യു.എന്‍ രക്ഷാസമിതി അംഗീകരിച്ച പ്രമേയവും പാരീസില്‍ അന്താരാഷ്ട്ര ഫലസ്തീന്‍ സമാധാന സമ്മേളന തീരുമാനവും കാരണം കനത്ത പ്രഹരമേറ്റ ഇസ്രാഈലിന് ട്രംപിന്റെ സമ്മാനങ്ങള്‍ പുല്‍കൊടിയായി. 1993-ല്‍ അമേരിക്കയുടെ മാധ്യസ്ഥതയില്‍ ഇസ്രാഈലും ഫലസ്തീനും ഒപ്പുവെച്ച ഓസ്‌ലോ കരാറിന്റെ സ്പിരിറ്റിന് കടകവിരുദ്ധമാണ് ട്രംപ് സ്വീകരിച്ച സമീപനം.

ഫലസ്തീന്‍ ഭൂമിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരം മാത്രം നല്‍കി ഫലസ്തീന്‍ അതോറിട്ടി രൂപീകരിച്ചപ്പോള്‍ ലക്ഷ്യം സ്വതന്ത്ര ഫലസ്തീന്‍ എന്ന് വ്യക്തമാക്കുന്ന വ്യവസ്ഥ ഓസ്‌ലോ കരാറിലുണ്ട്. (അതോറിറ്റിക്ക് പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിമാരുമൊക്കെയുണ്ടെങ്കിലും ഫലസ്തീന്‍ ഭൂമിയില്‍ എല്ലാ നിയന്ത്രണവും ഇസ്രാഈലിന്, സൈനികര്‍ക്ക്) അന്നത്തെ ദ്വിരാഷ്ട്ര ഫോര്‍മുലയിപ്പോള്‍ കരാറിന് കാര്‍മികത്വം വഹിച്ച അമേരിക്കയുടെ അമരക്കാരന്‍ നിരാകരിക്കുന്നത് വിചിത്രമായ വിരോധാഭാസമായി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 1947 നവംബര്‍ 29ന് അംഗീകരിച്ച ഫലസ്തീന്‍ വിഭജന പദ്ധതിപ്രകാരം അന്നത്തെ ഫലസ്തീന്‍ രാഷ്ട്രത്തെ മൂന്ന് ഭാഗങ്ങളാക്കി.

4000 ച.മൈല്‍ അറബികള്‍ക്കും (ഫലസ്തീന്‍) 5300 ച.മൈല്‍ ജൂതര്‍ക്കും നല്‍കാനും ജറൂസലം ഉള്‍പ്പെടെ 289 ച. മൈല്‍ ഐക്യരാഷ്ട്രസഭക്ക് കീഴിലാക്കാനുമാണ് പദ്ധതി. ബ്രിട്ടനും റഷ്യയും ചേര്‍ന്നാണ് വിഭജന പ്രമേയം അവതരിപ്പിച്ചത്. ഈ ഘട്ടത്തില്‍ ഫലസ്തീന്‍ ബ്രിട്ടീഷ് കോളനിയായിരുന്നു. അറബ് രാഷ്ട്രങ്ങള്‍ എതിര്‍ത്തുവെങ്കിലും പ്രമേയം പാസായി. സൈനിക മുഷ്‌ക്കില്‍ 1948 മെയ് 15ന് ടെല്‍ അവീവ് തലസ്ഥാനമായി ഇസ്രാഈല്‍ നിലവില്‍ വന്നു.

സ്വാതന്ത്ര്യം നേടി ഏതാനും വര്‍ഷങ്ങള്‍ മാത്രമായ മിക്ക അറബ് രാഷ്ട്രങ്ങള്‍ക്കും അധികകാലം ചെറുത്തുനില്‍ക്കാനായില്ല. ഗാസ മുനമ്പ് പ്രദേശം ഈജിപ്തും മധ്യഫലസ്തീനും (വെസ്റ്റ് ബാങ്ക്) പഴയ ജറൂസലം പട്ടണവും ജോര്‍ദ്ദാനും സംരക്ഷണത്തിലാക്കി. ഇസ്രാഈല്‍ രൂപീകരണത്തെ എതിര്‍ത്ത അറബ് രാഷ്ട്രങ്ങള്‍, അവശിഷ്ട ഫലസ്തീന്‍ ഭൂമിയില്‍ ഫലസ്തീന്‍ രാഷ്ട്രം നിലനിര്‍ത്തുന്നതില്‍ അബദ്ധം കാണിച്ചു. പിന്നീട് വിവിധ യുദ്ധങ്ങളിലൂടെ പ്രസ്തുത ഭൂമി ഇസ്രാഈല്‍ വെട്ടിപ്പിടിച്ചു. ഇതിനുപുറമെ സിറിയയുടെ ഗോലാന്‍ കുന്നും ഈജിപ്തിന്റെ സിനായ് പ്രദേശവും ജറൂസലമും ഇസ്രാഈല്‍ കയ്യടക്കി.

ഇസ്രാഈലിനെ അംഗീകരിച്ച് ഈജിപ്ത് പ്രസിഡന്റ് അന്‍വര്‍ സാദാത്ത് കേമ്പ് ഡേവിഡ് കരാറില്‍ ഒപ്പ് വെച്ച് സിനായ് ഈജിപ്തിന് തിരിച്ചു കിട്ടി. ഗോലാന്‍ കുന്നിലും ഫലസ്തീന്‍ ഭൂമിയിലും ഇസ്രാഈല്‍ അധിനിവേശം തുടരുന്നു. യു.എന്‍ വിഭജിച്ച് നല്‍കിയ ഭൂമിയിലാണ് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ വൈകിയാണെങ്കിലും മുന്നോട്ടുവന്നത്. ഗാസയില്‍ ഹമാസിന്റെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഇസ്രാഈല്‍ പിന്‍മാറിയിട്ടുണ്ടെങ്കിലും വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറൂസലം പട്ടണവും തിരിച്ചുനല്‍കാന്‍ അവര്‍ തയാറാകുന്നില്ല. യു.എന്‍ വിഭജന പദ്ധതി പ്രകാരം ഫലസ്തീന്‍കാര്‍ക്ക് അനുവദിച്ച ഭൂമിയില്‍ സ്വതന്ത്ര രാഷ്ട്രം ആരുടേയും ഔദാര്യമല്ല.

അവരുടെ ജന്മാവകാശമാണ്. ‘ഫലസ്തീന് സ്വയം ഭരണാവകാശം നല്‍കുന്ന ഇസ്രാഈല്‍ എന്ന ഏക രാഷ്ട്രം നെതന്യാഹുവിന്റെ പുത്തന്‍ നിര്‍ദ്ദേശം, ട്രംപ് അവ അംഗീകരിക്കുന്നു. സ്വതന്ത്ര ഫലസ്തീന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ പ്രഖ്യാപനമാണ് വൈറ്റ് ഹൗസിലെ ട്രംപ്-നെതന്യാഹു സംയുക്ത വാര്‍ത്താസമ്മേളനം. ഇവരുടെ സംയുക്ത നീക്കം എന്ത് തന്നെയായാലും മാറുന്ന ലോകക്രമം കാണാതെ അമേരിക്കന്‍ ഭരണകൂടത്തിന് മുന്നോട്ടുപോകാനാവില്ല. ജൂത കുടിയേറ്റ വിരുദ്ധ യു.എന്‍ പ്രമേയവും പാരീസ് സമ്മേളന തീരുമാനവുമൊക്കെ ഫലസ്തീന്‍ ജനതക്കുള്ള അംഗീകാരമാണ്. യു.എന്‍ പ്രമേയം അമേരിക്കന്‍ ഭരണകൂടത്തിനും തള്ളിപ്പറയാന്‍ കഴിയില്ലെന്നതിന്റെ സൂചനയാണ് കുടിയേറ്റം നിര്‍ത്തിവെക്കാന്‍ ട്രംപ് ഇസ്രാഈലിന് നല്‍കിയ നിര്‍ദ്ദേശം.

പശ്ചിമേഷ്യയില്‍ സമാധാനം വീണ്ടെടുക്കാന്‍ ട്രംപിന്റെ ഇപ്പോഴത്തെ നിലപാട് കൊണ്ട് സാധിക്കില്ല. ‘ഫലസ്തീന്‍’ എന്ന മുഖ്യ അജണ്ടയില്‍ നിന്ന് അറബ് ലോകത്തെ വഴിമാറി സഞ്ചരിക്കാന്‍ പാശ്ചാത്യലോബി എത്ര നീക്കം നടത്തിയാലും വൈകാരിക പ്രശ്‌നം എന്ന നിലയില്‍ അത് പതിന്മടങ്ങ് ശക്തിയോടെ അറബ് ലോകത്ത് തിരിച്ചുവരും. അതാണിപ്പോള്‍ കാണുന്നത്. മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് ഇസ്രാഈലി വിരുദ്ധരും ശക്തരുമായ ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കിയതിന് പിന്നില്‍ സയണിസ്റ്റ് ഗൂഢ ലക്ഷ്യമുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് സംഭവങ്ങള്‍ നല്‍കുന്ന സൂചന.

ലിബിയയിലും ഇറാഖിലും ജനകീയ വിപ്ലവത്തേക്കാള്‍ മുന്‍പന്തിയില്‍ അമേരിക്കയും മറ്റും നടത്തിയ സൈനിക ഇടപെടലായിരുന്നുവല്ലോ. അതേസമയം, ഈജിപ്തില്‍ പാശ്ചാത്യാനുകൂല ഭരണകൂടം തകര്‍ന്ന് ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെങ്കിലും അധികകാലം ഭരിക്കാന്‍ അനുവദിച്ചില്ല. വീണ്ടും പാശ്ചാത്യാനുകൂല സൈനിക നേതൃത്വം ഭരണം കയ്യടക്കി. ഇതിന് പുറമെ മേഖലയില്‍ സുന്നി-ശിയാ വംശീയ വിഭജനത്തിലൂടെ തമ്മിലടിയും രൂക്ഷമായപ്പോള്‍ അറബ് ലോകത്തിന്റെ മുഖ്യ അജണ്ടയില്‍ നിന്ന് ഫലസ്തീന്‍ വിസ്മൃതിയിലായിരുന്നു. അവക്ക് ഇപ്പോള്‍ മാറ്റം വരുന്നു. ഫലസ്തീന്‍ സജീവ ചര്‍ച്ചയായി.

‘ഇസ്രാഈലിനെ അയല്‍ക്കാരും ഫലസ്തീനികളും അംഗീകരിക്കണമെന്നും സുരക്ഷ ഉറപ്പ് വരുത്തണമെന്നും’ ട്രംപും നെതന്യാഹുവും അഭ്യര്‍ത്ഥിക്കുമ്പോള്‍ തിരിച്ചുള്ള അംഗീകാരത്തെക്കുറിച്ച് മൗനം ദീക്ഷിക്കുന്നത് കബളിപ്പിക്കല്‍ തന്ത്രമാണ്. ഫലസ്തീനെ അംഗീകരിക്കാന്‍ ഇസ്രാഈല്‍ തയാറാകണമെന്ന് ട്രംപ് നിര്‍ദ്ദേശിച്ചില്ല. ഇസ്രാഈലിനെ അംഗീകരിക്കാന്‍ അയല്‍പക്ക അറബ് രാഷ്ട്രങ്ങള്‍ തയാറായതാണല്ലോ. ആദ്യം വേണ്ടത് ഫലസ്തീനിലെ അധിനിവേശം അവസാനിപ്പിക്കുകയാണ്. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ തയാറാക്കിയ റോഡ് മാപ്പ് പദ്ധതിയും ഇതാണ് നിര്‍ദ്ദേശിച്ചത്. അറബ് ലീഗ് പദ്ധതി അംഗീകരിച്ചിട്ടുണ്ട്.

മുഖം തിരിച്ച് നില്‍ക്കുന്നത് ഇസ്രാഈല്‍ മാത്രം. ട്രംപിന്റെ അപക്വമായ സമീപനം ഫലസ്തീന്‍ സമൂഹത്തെ അസ്വസ്ഥരാക്കും. ഫലസ്തീന്‍ യുവതയുടെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഒന്നാം ഇന്‍തിഫാദയെ തുടര്‍ന്നാണ് ഇസ്രാഈല്‍ ചര്‍ച്ചക്ക് തയാറായത്. ഓസ്‌ലോ സമ്മേളനത്തില്‍ കരാറ് രൂപപ്പെടുത്തി ‘ഫലസ്തീന്‍ അതോറിട്ടി’ രൂപീകരണത്തിന് ഇസ്രാഈല്‍ നിര്‍ബന്ധിതരായത്. ട്രംപിന്റെ നയം മാറ്റം, ആറ് പതിറ്റാണ്ടായി ജന്മനാട് നഷ്ടപ്പെട്ട ഫലസ്തീന്റെ അമര്‍ഷത്തിന് കാരണമാകും. അതൊഴിവാക്കുകയാണ് ആവശ്യം. പ്രശ്‌നപരിഹാരം ദ്വിരാഷ്ട്ര ഫോര്‍മുലയല്ലാതെ മറ്റൊന്നുമില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത് സന്ദര്‍ഭോചിതവും പ്രതീക്ഷാനിര്‍ഭരവുമെന്നാണ് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് സ്വാഗതം ചെയ്തത്.

രണ്ട് രാഷ്ട്രങ്ങള്‍ അല്ലാതെ മറ്റൊരു ബദല്‍ നിര്‍ദ്ദേശവുമില്ല.ഒബാമ ഭരണകൂടം മാത്രമല്ല, ട്രംപിന്റെ മുന്‍ റിപ്പബ്ലിക്കന്‍ ഭരണകൂടവും അംഗീകരിച്ചത് ദ്വിരാഷ്ട്ര ഫോര്‍മുലയാണല്ലോ. പശ്ചിമേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടാന്‍ ഐക്യരാഷ്ട്ര സഭയെ മറ്റ് ലോക വേദികളും അനുവദിക്കരുത്. ബദ്ധവൈരികളായ ഫലസ്തീന്‍ പോരാളി

സംഘടനകള്‍ എല്ലാം മറന്ന് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാവുകയും രാഷ്ട്രാന്തരീയ സമൂഹവുമായി കൈകോര്‍ത്ത് സ്വതന്ത്ര ഫലസ്തീന്‍ പുനസ്ഥാപിക്കാനും മുന്നോട്ട് വരുമ്പോള്‍, ട്രംപ് അവരെ തിരിച്ച് നടത്തരുത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പരിചയക്കുറവും അപക്വമായ നിലപാടുകളും ലോകത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടാനേ സഹായകമാവൂ. സംസ്‌കാര സമ്പന്നമായ ഒരു നാടിന്റെ അധിപന്‍ തീരുമാനമെടുക്കുമ്പോള്‍ ചരിത്രവും പാശ്ചാത്തലവും തിരിച്ചറിയണം.