Connect with us

Video Stories

ഇന്ന് ലോക എയ്ഡ്‌സ് ദിനം ആശയുണ്ട്, പക്ഷേ ആശ്വാസം അകലെ

Published

on

പി.വി. അബ്ദുല്‍ വഹാബ് എംപി

സൂര്യന്‍ ഉദിക്കുന്നുണ്ട്, ഉച്ചസ്ഥായിയിലെത്തുന്നുണ്ട്, അടുത്തദിവസം തിരിച്ചെത്തുമെന്ന പ്രതീക്ഷ നല്‍കി മടങ്ങുന്നുമുണ്ട്. ഈ പ്രത്യാശയാണ് ജീവജാലങ്ങളെ നയിക്കുന്നത്. പക്ഷേ ഈ സീസണില്‍ നമ്മുടെ രാത്രികള്‍ക്ക് പകലിനെക്കാള്‍ നീളമുണ്ട്. പ്രത്യാശയുടെ കിരണങ്ങളെത്താന്‍ വൈകുന്നുവെന്നര്‍ഥം. ഇന്ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുമ്പോള്‍ പ്രത്യാശയുടെ കിരണങ്ങളെക്കുറിച്ച് ആശ്വസിക്കാം. പക്ഷേ അതിലേക്കുള്ള സമയം വല്ലാതെ നീളുന്നുവെന്ന് സൂചിപ്പിക്കാന്‍ ഇപ്പോഴത്തെ ഒരുദാഹരണം പറഞ്ഞെന്നേയുള്ളു.

 

ആ രോഗത്തിനു പണ്ട് കല്പിച്ച ഭീകരതയും വിവേചനവും ഇന്ന് അത്ര രൂക്ഷമായി തോന്നുന്നില്ല. പക്ഷേ എന്തുകൊണ്ടോ ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ആശ്വസിക്കാന്‍ തോന്നുന്നില്ല. പ്രത്യാശയുടെ പ്രകാശരശ്മികളുണ്ടെന്നു പറയാന്‍ കാരണമുണ്ട്. എച്ച്‌ഐവി ബാധിതര്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ബില്‍ കേന്ദ്ര മന്ത്രിസഭ പാസാക്കി പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചിരിക്കുകയാണ്. എച്ച്‌ഐവി ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള അവകാശങ്ങളാണ് ഈ ബില്ല് വിഭാവനം ചെയ്യുന്നത്. രോഗികളോടു കാണിക്കുന്ന വിവേചനം ശിക്ഷാര്‍ഹവുമാണ്.

 
മറ്റൊരു കാരണം, എയ്ഡ്‌സ് ഭീകരമായ ഒരു രോഗമെന്ന സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. മരുന്നുകളിലൂടെ രോഗികളുടെ ആയുസ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. എച്ച്‌ഐവി ബാധിതരായാല്‍ മരണം ഉറപ്പാണ് എന്ന സ്ഥിതി മാറിയിരിക്കുന്നു. വിദഗ്ധ ചികിത്സ ലഭിക്കുന്ന എത്രയോ പേര്‍ ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവര്‍ക്ക് ചികിത്സയും സഹായവും നല്‍കാന്‍ കൂടുതല്‍ സംഘടനകളും വ്യക്തികളും മുന്നോട്ടുവന്നിരിക്കുന്നു. ഞാന്‍ ചെയര്‍മാനായിട്ടുള്ള കേരളീയത്തിന് ഇതിനായി ലോകത്തിന്റെ പല കോണുകളില്‍നിന്നും സഹായം ലഭിച്ചിട്ടുള്ളത് ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു.

 
മൂന്നാമതായി എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്, എയ്ഡ്‌സിനോട് സമൂഹത്തിന്റെ സമീപനം ചെറിയ തോതിലെങ്കിലും മാറിയിരിക്കുന്നു എന്നതാണ്. കേരളീയം കുറേ വര്‍ഷം മുമ്പ് സാമ്പത്തിക സഹായം നല്‍കിയ രണ്ടു കുട്ടികള്‍ തന്നെ ഉദാഹരണം. അവരെ സമൂഹം ഒറ്റപ്പെടുത്തുകയും ജീവിക്കാന്‍ നിവൃത്തിയില്ലാതെ അമ്മയും രണ്ടു മക്കളും നാടുവിടുകയും ചെയ്തിരുന്നു. അവരെ സ്‌കൂളിലോ അംഗനവാടിയിലോ കയറ്റാന്‍ നമ്മുടെ പരിഷ്‌കൃത സമൂഹം തയാറായില്ല. ഒരു കുട്ടി അംഗനവാടിയില്‍ ചെന്നപ്പോള്‍ മറ്റുകുട്ടികളെ രക്ഷാകര്‍ത്താക്കള്‍ അവിടെനിന്ന് വിളിച്ചുകൊണ്ടുപോയി. ഇന്ന് അവര്‍ കോളജ് വിദ്യാര്‍ഥികളാണ്. പഴയ വിവേചനം അത്രയില്ല എന്നു പറയാം. എന്നാലും ഇതിലൊരു കുട്ടിയുമായി മുറിയില്‍ കൂടെ താമസിക്കാന്‍ മറ്റു കുട്ടികള്‍ തയാറാകാത്ത സ്ഥിതിയും പിന്നീടുണ്ടായി.

 

വീടും വിദ്യാഭ്യാസ സഹായവുമൊക്കെ ലഭിച്ച സ്ഥിതിക്ക് ഈ കുട്ടികളുടെ സ്ഥിതി മെച്ചമാകുമെന്ന് നമുക്ക് ആശിക്കാം. ഈ മൂന്നു സാഹചര്യങ്ങളും ഞാന്‍ വിശദീകരിച്ചത് സമൂഹത്തിന്റെ സമീപനത്തില്‍ വന്ന പുരോഗതി ചൂണ്ടിക്കാണിക്കാന്‍വേണ്ടി മാത്രമാണ്. പക്ഷേ കാര്യങ്ങള്‍ വിചാരിച്ചപോലെ മെച്ചപ്പെട്ടിട്ടില്ല. ‘എച്ച്‌ഐവി ആന്‍ഡ് എയ്ഡ്‌സ് (പ്രതിരോധവുംനിയന്ത്രണവും) ബില്‍ 2014’ ഈ സമ്മേളനക്കാലത്തെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ. ഒരു എച്ച്‌ഐവി ബാധിതനെയോ എയ്ഡ്‌സ് രോഗിയെയോ എന്തെങ്കിലും കാരണത്താല്‍ ഒറ്റപ്പെടുത്തുന്നത് കുറ്റമായി കണ്ട് ശിക്ഷ നല്‍കാന്‍ ബില്‍ അനുശാസിക്കുന്നുണ്ട്.

 

ഈ വിവേചനത്തില്‍ വിദ്യാഭ്യാസം, തൊഴില്‍, പൊതുജനസേവനങ്ങള്‍, സ്വത്തവകാശം, പൊതുപ്രവര്‍ത്തകര്‍ക്കുള്ള അധികാരസ്ഥാനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രോഗിയുടെ പ്രതിരോധശേഷി നശിക്കുമെന്നുകണ്ട് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുന്നതും കുറ്റകരമാണ്. വേണമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് അല്പം കൂടിയ പ്രീമിയം ഈടാക്കാം. പക്ഷേ മറ്റുള്ളവര്‍ക്ക് നല്‍കുന്ന പരിരക്ഷ നിഷേധിക്കാന്‍ പാടില്ല. മാത്രമല്ല എച്ച്‌ഐവി ബാധിതനോ രോഗിക്കോ തങ്ങളുടെ ആരോഗ്യസ്ഥിതി രഹസ്യമാക്കി സൂക്ഷിക്കാന്‍ ബില്ല് അവകാശം നല്‍കുന്നുണ്ട്. ഡോക്ടര്‍മാരും ആസ്പത്രികളും രോഗിയുടെ അനുമതിയില്ലാതെ രോഗവിവരം പുറത്തുവിടുന്നത് ശിക്ഷാര്‍ഹമാണ്.

 
ഇതൊക്കെ നല്ലതുതന്നെ. എച്ച്‌ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ ഇത് സഹായിക്കും. പക്ഷേ ബില്‍ നിയമമാകുകയും ബന്ധപ്പെട്ടവര്‍ അത് നടപ്പാക്കാനുള്ള സന്മനസ് കാണിക്കുകയും വേണം. സ്ത്രീപീഡനത്തിനെതിരെ കര്‍ശന നിയമങ്ങളുണ്ടാക്കിയിട്ടും സമൂഹവും മാധ്യമങ്ങളും ജാഗ്രത പാലിച്ചിട്ടും വേലിതന്നെ വിളവുതിന്നുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എന്തുകൊണ്ട് സ്ത്രീപീഡനവും എച്ച്‌ഐവിയും ബന്ധപ്പെട്ടിരിക്കുന്നു എന്നതിലേക്ക് ഞാന്‍ പിന്നീടു വരാം.
നേരത്തെ ഞാന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച ഒരു കാര്യം എച്ച്‌ഐവി ബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും മറ്റു സഹായങ്ങളും ലഭിക്കുന്നതിലാണ്. പക്ഷേ ഇന്നും പല ആസ്പത്രികളും ഡോക്ടര്‍മാരും പോലും ഇക്കാര്യത്തില്‍ ഇടുങ്ങിയ മനസ്ഥിതിയാണ് കാണിക്കുന്നതെന്ന് പറയാതെ വയ്യ. ആസ്പത്രിയില്‍ മറ്റെന്തെങ്കിലും രോഗത്തിന് ചികിത്സയ്ക്കു ചെല്ലുമ്പോള്‍ മിക്ക എച്ച്‌ഐവി ബാധിതരും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അധികൃതരെ അറിയിക്കാനുള്ള മര്യാദ കാണിക്കുന്നുണ്ട്. അപ്പോള്‍ ആസ്പത്രിയിലുണ്ടാകുന്ന ബഹളവും വെപ്രാളവും കാണുമ്പോള്‍ ചിരി വരാറുണ്ടെന്ന് ഇവര്‍ മനോവിഷമം മറച്ചുവച്ച് തമാശപോലെ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ആസ്പത്രി അധികൃതരുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ല. സാക്ഷരതയെയും പൊതുബോധത്തെയും കുറിച്ച് വീമ്പുപറയുന്ന കേരളത്തിലാണിതെന്ന് ഓര്‍ക്കണം.

 
രോഗബാധയെക്കുറിച്ച് അറിഞ്ഞാല്‍ ചികിത്സ നല്‍കാന്‍ ഇന്ന് മെച്ചപ്പെട്ട സംവിധാനങ്ങളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പക്ഷേ ഈ ചികിത്സാസഹായങ്ങള്‍ എല്ലാവര്‍ക്കും എത്തുന്നുണ്ട് എന്ന് തോന്നുന്നില്ല. എച്ച്‌ഐവി ബാധിതരായ പലരും തങ്ങളുടെ രോഗസ്ഥിതിയെക്കുറിച്ച് പുറത്തുപറയാത്തത് സമൂഹം തങ്ങളെ ഒറ്റപ്പെടുത്തുമെന്ന ഭയത്താലാണ്. രോഗം ഗുരുതരാവസ്ഥയിലാകുമ്പോള്‍ മാത്രമാണ് ഇവര്‍ ആതുരശുശ്രൂഷകരുടെ ശ്രദ്ധയില്‍ പെടുന്നത്. എച്ച്‌ഐവി ബാധിതര്‍ക്ക് കുറ്റമറ്റ ചികിത്സ ലഭിക്കുമെന്ന കാര്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയാണെങ്കില്‍ ഇവര്‍ മുന്നോട്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഈ ചികിത്സ സാധ്യമാകണമെങ്കില്‍ ഇപ്പോഴത്തെ സംവിധാനങ്ങള്‍ കൂടുതല്‍ താഴേത്തെട്ടിലേക്കെത്തണം. അതിനുള്ള ശ്രമമാണ് ഇനി വേണ്ടത്.

 
സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 21 ലക്ഷം പേര്‍ എച്ച്‌ഐവി/എയ്ഡ്‌സ് ബാധിതരാണ്. ഇവരില്‍ നാല്പതു ശതമാനം സ്ത്രീകളും ഏഴു ശതമാനം കുട്ടികളുമാണ്. മൊത്തം രോഗികളില്‍ 43 ശതമാനത്തിനുമാത്രമേ ഇപ്പോഴത്തെ സ്ഥിതിയില്‍ ആന്റി റിട്രോവൈറല്‍ തെറാപ്പി എന്ന എആര്‍ടി ചികിത്സ ലഭിക്കുന്നുള്ളൂ എന്നാണ് ഔദ്യോഗികമായ കണക്ക്. എച്ച്‌ഐവി ബാധിതര്‍ക്ക് പ്രതിരോധശേഷി നഷ്ടപ്പെടുന്നതുകൊണ്ട് ഇവര്‍ വളരെ പെട്ടെന്ന് മറ്റു രോഗങ്ങള്‍ക്ക് അടിമപ്പെടും. ഓപ്പര്‍ച്യൂണിസ്റ്റിക് ഡിസീസസ് എന്നറിയപ്പെടുന്ന ഈ രോഗങ്ങളില്‍ ഏറ്റവും അപകടകാരി ക്ഷയരോഗമാണ്. നിരവധി എച്ച്‌ഐവി ബാധിതര്‍ ക്ഷയരോഗം മൂലം മരിക്കുന്നുവെന്ന് അധികൃതര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

സമയത്ത് ചികിത്സ നല്‍കിയാല്‍ ഇവരെ രക്ഷപ്പെടുത്താനാവും. എച്ച്‌ഐവി ബാധ മൂലമുള്ള മരണം ഇങ്ങനെ കുറയ്ക്കാനുമാവും. ഇനി ഞാന്‍ നേരത്തെ ഒരു സൂചന മാത്രം നല്‍കിയ കാര്യത്തിലേയ്ക്കു വരാം. എച്ച്‌ഐവി ഏറ്റവുമധികം ദോഷമുണ്ടാക്കുന്നത് കുട്ടികളിലാണ്. രോഗബാധിതരായ കുട്ടികളുടെ മാതാപിതാക്കള്‍ പെട്ടെന്ന് മരിക്കുന്നതുകൊണ്ട് പലരും അനാഥരായി മാറുന്നതാണ് നാം കാണുന്നത്. ഇവര്‍ പലപ്പോഴും സംരക്ഷിക്കപ്പെടുന്നില്ല. പെണ്‍കുട്ടികള്‍ നിരാലംബരായി സമൂഹമധ്യത്തിലേക്ക് എടുത്തെറിയപ്പെടുമ്പോഴുള്ള ആപത്ത് നമുക്ക് മനസിലാക്കാവുന്നതേയുള്ളു.

 
ഇതുമായി ബന്ധപ്പെടുത്തി പറയേണ്ട മറ്റൊരു കാര്യം. എച്ച്‌ഐവി ബാധിതരാല്‍ പീഡിപ്പിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സ്ഥിതിയാണ്. ഞാന്‍ കേരളത്തിലെ മാത്രം കാര്യമാണ് പറയുന്നതെന്ന് കരുതരുത്. ഇത്തരത്തിലുള്ള നിരവധി കുട്ടികള്‍ ഇന്ത്യയുടെ പല ഭാഗത്തുമുണ്ടെന്ന് ഈയിടെ ഒരു പത്രം നടത്തിയ സര്‍വെയില്‍ കണ്ടിരുന്നു. ഈ കുട്ടികള്‍ മറ്റെന്തെങ്കിലും ചികിത്സയ്ക്കായി ആസ്പത്രിയിലെത്തുമ്പോഴാണ് തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് അറിയുന്നത്. മാതാപിതാക്കള്‍പോലും ഈ കുട്ടികളെ തള്ളിപ്പറഞ്ഞ സംഭവങ്ങളുണ്ട്.
കേരളം എയ്ഡ്‌സ് ബോധവല്‍കരണത്തിലും എച്ച്‌ഐവി ബാധ കൈകാര്യം ചെയ്യുന്നതിലും ഏറെ മുമ്പോട്ടുപോയിട്ടുണ്ടെങ്കിലും ചില പഴുതുകള്‍ ഇനിയും അടയ്ക്കപ്പെട്ടിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന തന്നെ ഇതില്‍ പ്രധാനം. ഇവര്‍ രോഗികളാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ നാട്ടില്‍നിന്ന് അകന്നു കഴിയുന്ന ഇവര്‍ ലൈംഗികത്തൊഴിലാളികളെ സമീപിക്കുമ്പോള്‍ എത്രത്തോളം സുരക്ഷിതത്വമാണ് ലഭിക്കുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഏറെക്കുറെ നിരക്ഷരരായ ഇവര്‍ക്കിടയില്‍ സുരക്ഷിതമായ ലൈംഗികവേഴ്ചയെക്കുറിച്ച് നടക്കുന്ന ബോധവല്‍കരണത്തെക്കുറിച്ച് എനിക്ക് സംശയമുണ്ട്.

 

ഇന്ത്യയിലെ 21 ലക്ഷം എച്ച്‌ഐവി ബാധിതരില്‍ 15 ലക്ഷത്തിനുമാത്രമെ തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് ബോധ്യമുള്ളു. ലൈംഗിക സ്ത്രീ തൊഴിലാളികളില്‍ 72 ശതമാനത്തിലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാരില്‍ 70 ശതമാനത്തിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ 71 ശതമാനത്തിലുംമാത്രമേ എച്ച്‌ഐവി പരിശോധന നടത്തിയിട്ടുള്ളു എന്ന കണക്കുകള്‍ കാണിക്കുന്നത് ഇക്കാര്യത്തിലുള്ള ഭീകരാവസ്ഥയും അധികൃതരുടെ അനാസ്ഥയുമാണ്.
ഞാന്‍ അധികൃതരെ കുറ്റപ്പെടുത്തുകയല്ല. ഓരോ വര്‍ഷവും ഇന്ത്യ രണ്ടു ലക്ഷത്തോളം പുതിയ എച്ച്‌ഐവി ബാധിതരെ ലോകത്തിനു സംഭാവന ചെയ്യുന്നുവെന്നാണ് ആഗോള ഏജന്‍സികള്‍ പറയുന്നുത്.

 

നമ്മുടെ ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍ (നാക്കോ) പക്ഷേ ഇത് 86,000 മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്. രോഗം നിയന്ത്രിക്കാനും ഒരു പരിധിവരെ തടയാനും കഴിയുമെന്ന് വൈദ്യശാസ്ത്രം അവകാശപ്പെടുമ്പോള്‍ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കുന്ന ഇന്ത്യ എയ്ഡ്‌സ് രോഗികളെ മറന്നുകൂടാ. എയ്ഡ്‌സിന് മരുന്നു കണ്ടുപിടിച്ചുവെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ 15 ദിവസം മുമ്പ് ‘എന്‍6’ എന്ന എയ്ഡ്‌സ് പ്രതിരോധ ആന്റിബോഡി കണ്ടുപിടിച്ചതടക്കമുള്ള ഗവേഷണങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകണം.

 

ലോകത്തിന്റെ ഔഷധഫാക്ടറിയെന്ന വിശേഷണത്തിലേക്ക് നീങ്ങുന്ന ഇന്ത്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളെ സൃഷ്ടിക്കുന്ന രാജ്യമാണെന്നും ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികള്‍ മരിക്കുന്ന രാജ്യമാണെന്നുമുള്ള നാണക്കേട് ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള പ്രതിജ്ഞ ഈ എയ്ഡ്‌സ് ദിനത്തിലെങ്കിലും നാം ഓരോരുത്തരും എടുക്കണം. ഇരുട്ടിന്റെ മിനിട്ടുകള്‍ക്ക് നീളംകുറയട്ടെ. പ്രകാശം പെട്ടെന്ന് എത്തട്ടെ.
( എയ്ഡ്‌സ് പ്രതിരോധരംഗത്തുപ്രവര്‍ത്തിക്കുന്നഗ്ലോബല്‍ കേരള ഇനിഷ്യേറ്റിവ്-കേരളീയത്തിന്റെ ചെയര്‍മാനാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending