ടി.എച്ച് ദാരിമി

പരിശുദ്ധ റമസാന്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഒന്നാമത്തെ ഘട്ടം അല്ലാഹുവിന്റെ കാരുണ്യം അനുസ്യൂതം പെയ്തിറങ്ങുന്ന ഘട്ടമായിരുന്നു. അല്ലാഹുവിന്റെ ഈ കാരുണ്യമാണ് മനുഷ്യന്റെ ഐഹികവും പാരത്രികവുമായ വിജയത്തിന്റെ നിദാനം. ഈ കരുണ ലഭിക്കുന്നവന്‍ ഇഹത്തിലും പരത്തിലും വിജയിക്കുന്നു. അതു ലഭിക്കാത്തവന് മറ്റെന്ത് കയ്യിലുണ്ടെങ്കിലും അവയൊക്കെയും വെറുതെയാവുന്നു. അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് എന്നെ അവന്‍ വലയം ചെയ്താലല്ലാതെ ഞാന്‍ പോലും രക്ഷപ്പെടുകയില്ലെന്ന് നബി(സ) ഒരു ഹദീസില്‍ പറഞ്ഞതു കാണാം (ബുഖാരി). ഇത്രയും പ്രധാനപ്പെട്ട ഈ അനുഗ്രഹം ലഭിക്കുവാന്‍ പക്ഷെ ഈ കാരുണ്യത്തിന് ഇറങ്ങുവാനും പതിയുവാനുമുള്ള ഇടം മനുഷ്യന്‍ ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. അതു മനസ്സാണ്. അതിനെ ശുദ്ധീകരിച്ചും തെളിയിച്ചും വെക്കുക എന്നാല്‍ അതില്‍ വീണ കറുത്തകുത്തുകളും ചെളികളും തുടച്ചുനീക്കുക എന്നാണ്. അതിനുള്ള അവസരമായിരുന്നു പിന്നെ. കാരണം ഈ തുടച്ചുനീക്കല്‍ എന്നാല്‍ മതത്തിന്റെ സാങ്കേതിക ഭാഷയില്‍ മഗ്ഫിറത്ത് എന്ന പാപമോചനമാണ്. റമസാനിന്റെറ രണ്ടാമത്തെ ഘട്ടം അതിനുള്ളതായിരുന്നു. മഗ്ഫിറത്ത് നേടുന്നതിന് വിശിഷ്ടമായ പത്തുദിന രാത്രങ്ങള്‍.
ഈ അര്‍ഥത്തില്‍ റഹ്മത്തും മഗ്ഫിറത്തും-ദൈവകാരുണ്യവും പാപമുക്തിയും- നേടുവാന്‍ കഴിഞ്ഞാല്‍ പിന്നെ വിശ്വാസിയുടെ മുമ്പില്‍ ഇഹപര വിജയത്തിന് ഒരുതടസ്സം മാത്രമേ പ്രതീക്ഷിക്കുവാനുള്ളൂ. അത് അല്ലാഹുവിന്റെ മുന്‍ നിശ്ചയം എതിരായിരിക്കുക എന്നതാണ്. ഓരോ മനുഷ്യനും തന്റെ ഭ്രൂണാവസ്ഥയിലായിരിക്കുമ്പോള്‍ അല്ലാഹു ഒരു മാലാഖയെ പറഞ്ഞയക്കുമെന്നും അവന്റെ ജീവിതത്തിന്റെ സകല കാര്യങ്ങളും നിശ്ചയിച്ച് എഴുതിവെക്കും എന്നും സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. അതാണ് അല്ലാഹുവിന്റെ ഖളാഅ്, ഖദ്‌റ് എന്നൊക്കെ പറയുന്ന മുന്‍നിശ്ചയം. ഈ മുന്‍നിശ്ചയത്തില്‍ ചിലപ്പോള്‍ ഒരു അപകടം എഴുതപ്പെട്ടിട്ടുണ്ടാകാം. ഒരു പരാജയം കുറിക്കപ്പെട്ടിട്ടുണ്ടാവാം. ചിലപ്പോള്‍ ഇവന്‍ നരകാവകാശിയാണ് എന്നു തന്നെയും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവാം. അങ്ങനെയെങ്കില്‍ പിന്നെ റമസാന്‍ നേടിത്തരുന്ന റഹ്മത്തു കൊണ്ടൂം മഗ്ഫിറത്തുകൊണ്ടുമൊന്നും ഫലമില്ലാതെവരും. അങ്ങനെ വരാതിരിക്കുവാനും പ്രതികൂലമായ തലവര മാറ്റിയെടുക്കുവാനും ഒരുമാര്‍ഗം മാത്രമേയുള്ളൂ. അതു നബി(സ) പഠിപ്പിച്ചിട്ടുണ്ട്. അതു പ്രാര്‍ത്ഥനയാണ്. അതിനാല്‍ റഹ്മത്തും മഗ്ഫിറത്തും നേടുന്ന സത്യവിശ്വാസികള്‍ നേരെ പ്രാര്‍ത്ഥനയുടെ ഘട്ടത്തിലേക്കു കടക്കുകയാണ്. റമസാനിലെ അവസാനത്തെ പത്തു നാളുകള്‍ നബി(സ) നിദ്രാവിഹീനനായി മുഴുവന്‍ സമയം ഇഅ്തികാഫിലായി പ്രാര്‍ത്ഥനകളില്‍ കഴിഞ്ഞു കൂടാറാണുണ്ടായിരുന്നത് എന്ന് നബി(സ)യുടെ പ്രിയപത്‌നി ആയിശ(റ) പറയുന്നുണ്ട് (ബുഖാരി,മുസ്‌ലിം). ആരാധനകള്‍ക്കായി അര മുറുക്കിയെടുക്കുന്നതോടൊപ്പം സ്വര്‍ഗത്തിലേക്ക് കൂടെ കൊണ്ടുപോകുവാനെന്നോണം വീട്ടുകാരെ കൂടി വിളിച്ചുണര്‍ത്തിതന്നോടൊപ്പം ആരാധനകളില്‍ പങ്കാളികളാക്കുക കൂടി ചെയ്യുമായിരുന്നു അവര്‍ എന്ന് ആയിശ(റ) തുടര്‍ന്നു പറയുന്നുണ്ട്.
അടിമകളുടെ പ്രാര്‍ത്ഥനകളെ പ്രോത്സാഹിപ്പിക്കുവാനെന്നോണം ഈ അവസാന നാളുകളില്‍ അല്ലാഹു രണ്ടു ഔദാര്യങ്ങള്‍ കാണിക്കുന്നുണ്ട്. അവയിലൊന്ന് ലൈലത്തുല്‍ഖദ്ര്‍ എന്ന അനുഗ്രഹീതമായ രാത്രിയാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ രാത്രിയെക്കുറിച്ച് വിവരിക്കുന്നത് അത് വിശുദ്ധഖുര്‍ആന്‍ അവതരിക്കുവാന്‍ തുടങ്ങിയ രാവാണ് എന്നും ആ രാവില്‍ ശാന്തിദൂതുമായി പരിശുദ്ധാത്മാവായ ജിബ്‌രീല്‍ മാലാഖയും കൂട്ടരും പ്രഭാതം വരേക്കും ഇറങ്ങിവന്നു കൊണ്ടേയിരിക്കും എന്നുമാണ്. അതുകൊണ്ട് ആ രാത്രി ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് എന്നും ഖുര്‍ആന്‍ പറയുന്നു. (സൂറത്തുല്‍ഖദ്ര്‍). ഈ രാത്രി ഏതാണ് എന്ന് അല്ലാഹു വ്യക്തമാക്കിയില്ല എങ്കിലും തന്റെ ദൂതനായ നബി(സ)യുടെ നാവിലൂടെ അത് റമസാനിലാണ് എന്നും റമസാനില്‍ തന്നെ അവസാനത്തെ പത്തിലാണെന്നും അതില്‍ തന്നെ ഒറ്റ രാവുകളിലൊന്നാണ് എന്നും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇനിയുള്ള എല്ലാ രാവുകളും പ്രാര്‍ഥനകള്‍ക്കായി നീക്കിവെക്കുക എന്നും അങ്ങനെ ചെയ്യുന്നപക്ഷം ഈ അനുഗൃഹീത രാവില്‍ പെടുകതന്നെ ചെയ്യും എന്നും അതുവഴി ആയിരം മാസം കൊണ്ട് നേടിയെടുക്കുവാന്‍ കഴിയാത്ത അത്ര പുണ്യം നേടിയെടുക്കുവാന്‍ കഴിയും എന്നുമാണ് ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഈ വിവരണങ്ങളുടെ ഒറ്റഭാഷ്യം. പെരുന്നാള്‍ പുളകങ്ങളുടെ പേരിലോ നീണ്ട വ്രതനാളുകള്‍ ഉണ്ടാക്കിയ ക്ഷീണത്തിന്റെ പേരിലോ ഈ വിഷയത്തില്‍ ഉദാസീനത പുലര്‍ത്തുന്നവര്‍ വലിയ വിഡ്ഢിത്തമാണ് കാണിക്കുന്നതെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
അല്ലെങ്കിലും ലൈലത്തുല്‍ ഖദ്ര്‍ പോലുള്ള സുവര്‍ണ്ണാവസരങ്ങള്‍ നമുക്ക് വളരെ പ്രധാനപ്പെട്ടവയാണ്. നമ്മുടെ ആയുസിന്റെ കുറവ്, നന്മകള്‍ ചെയ്യുന്നതിനു പലപ്പോഴും വിഘാതമാകുന്ന പശ്ചാത്തലങ്ങളുടെ സ്വാധീനം, പിന്നീടു മാത്രം ലഭിക്കുന്ന നന്മ-തിന്മകളുടെ കാര്യത്തിലുള്ള കൂസലില്ലായ്മ തുടങ്ങിയ പ്രകൃതങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇത്തരം സുവര്‍ണ്ണാവസരങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ വിശ്വാസിയുടെ കുറവുകള്‍ പരിഹരിക്കപ്പെടൂ. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വര്‍ഷത്തിലൊരു റമസാനും റമസാനിലൊരു ലൈലത്തുല്‍ ഖദ്‌റും ആഴ്ചയിലൊരു വെള്ളിയാഴ്ചയും തുടങ്ങി പല വിശിഷ്ടമായ അവസരങ്ങളും അല്ലാഹു നമുക്കു തന്നതു തന്നെ ഈ ലക്ഷ്യംവെച്ചു കൊണ്ടായിരിക്കാവുന്നതാണ്. അതിനാല്‍ ലൈലത്തുല്‍ഖദ്ര്‍ എന്ന സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താതിരുന്നാല്‍ അത് ഒരു ന്യൂനത തന്നെയായി അവശേഷിക്കും.
റമസാനിന്റെ അവസാനഘട്ടത്തെ കൂടുതല്‍ പ്രതീക്ഷാ പൂര്‍ണമാക്കുന്ന മറെറാരു ഘടകം കൂടിയുണ്ട്. അത് പൊതുവെ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വിശേഷ അവസരമാണ്. അതാണ് റമസാനിലെ അവസാനത്തെ രാവ്. ഈ രാവില്‍ അല്ലാഹു എല്ലാവര്‍ക്കും എല്ലാ പാപങ്ങളും പൊറുത്തുകൊടുക്കുകയും അവരെ പാപക്കറകളില്‍ നിന്നും കഴുകിയെടുക്കുകയും ചെയ്യും. അബൂഹുറൈറ(റ)യെ തൊട്ട് ഉദ്ധരിക്കുന്ന ഒരുഹദീസില്‍ അല്ലാഹു പരിശുദ്ധ റമസാനില്‍ തന്റെ അടിമകള്‍ക്കായി ചെയ്തുകൊടുക്കുന്ന അഞ്ചു അനുഗ്രഹങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. നോമ്പുകാരന്റെ വായയുടെ ഗന്ധത്തെ കസ്തൂരിയുടെ പരിമളമായി ഗണിക്കുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് ഇഫ്താര്‍വരേക്കും മലക്കുകള്‍ നോമ്പുകാര്‍ക്കു വേണ്ടി പാപമോചനം തേടും എന്നതാണ്. പിശാചുകളെ ചങ്ങലക്കിടുന്നതും സ്വര്‍ഗം സത്യവിശ്വാസികള്‍ക്കു വേണ്ടി പ്രത്യേകമായി അലങ്കരിക്കുന്നതുമാണ് മൂന്നും നാലും. അഞ്ചാമത്തേതാണ് റമസാനിന്റെ അവസാന രാവ്. ആ രാവില്‍ അല്ലാഹു ചോദിക്കുന്ന എല്ലാവര്‍ക്കും അവരുടെ പാപങ്ങള്‍ മറന്നും പൊറുത്തും കൊടുക്കും. ഇതുകേട്ട സ്വഹാബിമാരില്‍ ചിലര്‍, അതു ലൈലത്തുല്‍ഖദ്‌റല്ലേ എന്ന് ആരായുകയുണ്ടായി. അല്ല, അതു പ്രതിഫലം നല്‍കുന്ന രാവാണ്, പ്രതിഫലം നല്‍കുന്നത് ഏറ്റവും അവസാനമാണല്ലോ എന്നായിരുന്നു നബി(സ)യുടെ മറുപടി. അതിനാല്‍ റമസാനിന്റെ അവസാന പത്തില്‍ ലഭിക്കുന്ന രണ്ട് വിശിഷ്ട അവസരങ്ങളില്‍ രണ്ടാമത്തേതായി ഈ രാവിനെ പരിഗണിക്കാം. ഈ രാവിനു വേണ്ടി പ്രത്യേകം കാത്തുകെട്ടി നില്‍ക്കേണ്ടതുണ്ട്. കാരണം മാസപ്പിറവിയെ ആശ്രയിച്ചുകൂടിയാണല്ലോ റമസാനിന്റെ അവസാന രാവ് ഉണ്ടാവുന്നത്. അത്തരം കാത്തുനില്‍പ്പിന്റെ അവസരങ്ങള്‍ക്കും അതിന്റേതായ സവിശേഷതയുണ്ട്.
അല്ലെങ്കിലും ഓരോ ആരാധനയും ഏററവും നന്നായി അവസാനിക്കണം എന്നത് ഇസ്‌ലാമിന്റെ ഒരു താല്‍പര്യമാണ്. അതനുസരിച്ചാണ് അതിന്റെ പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്. നബി(സ) ഒരു ദീര്‍ഘമായ ഹദീസിന്റെ അവസാനം പറയുകയുണ്ടായി: ‘നിശ്ചയം കര്‍മ്മങ്ങള്‍ വിലയിരുത്തപ്പെടുക അവയുടെ അന്ത്യഘട്ടം വെച്ചാണ്’ (ബുഖാരി). അവസാനം വരെ അച്ചടക്കത്തോടെ ചെയ്തു തീര്‍ക്കുവാന്‍ കഴിയുക എന്നതുതന്നെ അല്ലാഹു അത് സ്വീകരിക്കുവാന്‍ പോകുന്നു എന്നതിന്റെ ഒരു സൂചനയാണ്. അവസാനം മോശമായാല്‍ പിന്നെ ആദ്യങ്ങള്‍ പരിഗണിക്കപ്പെടുകയേയില്ല. ഒരിക്കല്‍ ഒരു യുദ്ധത്തില്‍ അപാരമായ പാഠവത്തോടെ മുന്നേറുന്ന ഒരു പടയാളി സ്വഹാബിയെ മറ്റുള്ളവര്‍ കാണാനിടയായി. അയാളുടെ നീക്കങ്ങളിലുള്ള സന്തോഷവും അഭിമാനവും ചിലര്‍ നബി(സ)യോട് നേരിട്ടുവന്ന് പുകഴ്ത്തുകയുണ്ടായി. അതുകേട്ട നബി(സ) പറഞ്ഞു:’പക്ഷെ, അയാള്‍ നരകത്തിലാണ്’. നബി(സ)യുടെ ഈ പ്രതികരണം എല്ലാവരെയും വേദനിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. അവരില്‍ ചിലര്‍ അയാളെ ഒന്നു പരിശോധിക്കുവാന്‍ തന്നെ തീരുമാനിച്ചു. അപ്പോഴേക്കും അയാള്‍ മരിച്ചു കഴിഞ്ഞിരുന്നു. അയാളുടെ മൃതശരീരം പരിശോധിക്കുമ്പോള്‍ ഒരു ഗുരുതരമായ കാര്യം മനസ്സിലായി. വെട്ടേററു വീണ അയാള്‍ വേദന സഹിക്കുവാന്‍ കഴിയാതെ സ്വന്തം വാളില്‍ കഴുത്തുവെച്ച് അമര്‍ന്ന് ആത്മഹത്യ ചെയ്തതായിരുന്നു എന്ന്. അപ്പോഴാണ് നബിയുടെ പ്രവചനത്തിന്റെ അര്‍ത്ഥം അവര്‍ക്കു മനസ്സിലായത്. കര്‍മ്മമല്ല, അതിന്റെ പര്യവസാനമാണ് പരിഗണിക്കപ്പെടുക എന്ന് ഇതു വ്യക്തമാക്കുന്നു.