india

‘ഹിന്ദുക്കള്‍ക്ക് രണ്ടോ മൂന്നോ കുട്ടികള്‍ വേണം; മുസ്‌ലികള്‍ ഏഴും എട്ടും പ്രസവിക്കരുത്’ -വീണ്ടും വിദ്വേഷ പ്രസംഗവുമായി അസ്സം മുഖ്യമന്ത്രി

By sreenitha

December 31, 2025

ഗുവാഹതി: അസമിലെ ഹിന്ദു ദമ്പതികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും മുസ്ലിംകള്‍ ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും ആവശ്യപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

ഹിന്ദു കുടുംബങ്ങള്‍ കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും ജനിപ്പിക്കണമെന്നും, സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍ വരെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

‘ഹിന്ദുക്കളില്‍ ജനനനിരക്ക് കുറഞ്ഞുവരികയാണ്. അതിനാല്‍ ഒരു കുട്ടിയില്‍ നിര്‍ത്താതെ കുറഞ്ഞത് രണ്ട് കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കാന്‍ ഹിന്ദു ജനങ്ങളോട് ആവശ്യപ്പെടുന്നു. മുസ്ലിംകള്‍ ഏഴും എട്ടും കുട്ടികളെ പ്രസവിക്കരുതെന്നും പറയുന്നുണ്ട്. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാതെ പോയാല്‍ ഹിന്ദു വീടുകള്‍ നോക്കാന്‍ ആരുമുണ്ടാകില്ല’എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

രണ്ട് ദിവസം മുന്‍പ് നടത്തിയ പ്രസ്താവനയിലും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. അസമില്‍ ബംഗ്ലാദേശ് വംശജരായ മിയ മുസ്ലിംകളുടെ ജനസംഖ്യ 2027ലെ സെന്‍സസോടെ 40 ശതമാനമാകും എന്നും അദ്ദേഹം പറഞ്ഞു. തന്റെ വിദ്യാര്‍ഥി രാഷ്ട്രീയ കാലഘട്ടത്തില്‍ ഈ വിഭാഗത്തിന്റെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011ലെ സെന്‍സസില്‍ അത് 31 ശതമാനമായി ഉയര്‍ന്നുവെന്നും ഹിമന്ത ചൂണ്ടിക്കാട്ടി.

മുസ്ലിം ജനസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ മറ്റുള്ളവര്‍ ഇല്ലാതാകുമെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. പതിറ്റാണ്ടുകളായി തുടരുന്ന കുടിയേറ്റം കാരണം തദ്ദേശീയ അസം ജനത വലിയ വെല്ലുവിളി നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം ബി.ജെ.പി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു ഈ വിവാദ പരാമര്‍ശങ്ങള്‍.