ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജി.ഡി.പി) റെക്കോര്‍ഡ് ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ 23.9 ശതമാനം ഇടിവാണ് ഇന്ത്യയുടെ ജിഡിപിയിലുണ്ടായിട്ടുള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എംഒഎസ്പിഐ) തിങ്കളാഴ്ച പുറത്തിറക്കിയ താല്‍ക്കാലിക എസ്റ്റിമേറ്റ് കണക്കുകളില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പടുത്തിയത്. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും ഫലം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ ജിഡിപി ഇടിവില്‍ നാല് പതിറ്റാണ്ടിനിടയിലെ റെക്കോര്‍ഡ് കൂപ്പുകുത്തലാണിതെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികളാണ് ഇതിന് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശം തകര്‍ച്ചായാണ് ജൂണില്‍ അവസാനിച്ച പാദത്തിലേതെന്ന് ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയ ഇടിവ് 1996-മുതല്‍ ഇന്ത്യ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജിഡിപി 35.35 ലക്ഷം കോടിയായിരുന്നു. എന്നാല്‍ 2020-21 സാമ്പത്തിക വാര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങിയതായി സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 18 ശതമാനം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കോവ്രാപ് റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ ജിഡിപി ആദ്യ പാദത്തില്‍ 16.5 ശതമാനം ചുരുങ്ങും എന്നും പറഞ്ഞിരുന്നു. കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളാണ് കണക്കുകള്‍ അടയാളപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.

ജിഡിപി ഇടിവ് റിപ്പോര്‍ട്ടിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. കോവിഡ് കാലത്തിനും മുന്നേ സര്‍ക്കാറിന് മുന്നില്‍ താന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

ജിഡിപി 24% കുറയുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥ. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാറിന് കീഴില്‍ നേരത്തെ മാന്ദ്യത്തിലായ രാജ്യത്തിന് മുന്നില്‍ കോവിഡ് സുനാമിയായി മാറുമെന്ന തന്റെ മുന്നറിയിപ്പ് പങ്കുവെച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.