മാനന്തവാടി: വയനാട്-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ രേഖകളില്ലാതെ ലക്ഷക്കണക്കിന് രൂപ കടത്താന്‍ ശ്രമിച്ച യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമ്‌റിന്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 30,93,900 രൂപ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
പുലര്‍ച്ചെ മൂന്നുമണിയോടെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. എക്‌സൈസ് സംഘം സ്ഥിരമായി നടത്തുന്ന മയക്കുമരുന്ന് പരിശോധനയ്ക്കിടയില്‍ മുഹമ്മദ് സാമ്‌റിന്‍ അസ്വസ്ഥനായി പെരുമാറിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
പണം ആര്‍ക്ക്, എവിടേക്ക് കൊണ്ടുപോകുന്നതാണ് എന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ക്ക് ഒന്നും കാണിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പണം എക്‌സൈസ് സംഘം പിടിച്ചെടുത്ത് എണ്ണി തിട്ടപ്പെടുത്തി. യുവാവിനെ കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു.
പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.
പരിശോധനയ്ക്ക് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശശിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, വി. ബാബു, സി.കെ. രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, കെ. റഷീദ് എന്നിവര്‍ പങ്കെടുത്തു.