kerala

മുഖ്യപ്രതിയുമായി അടുത്ത ബന്ധം; പോലീസ് ഉദ്യോഗസ്ഥനെ ഡിറ്റക്ടിങ് ഓഫീസറാക്കിയതില്‍ പരാതി

By sreenitha

January 23, 2026

മലപ്പുറം: ലഹരി കേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ തന്നെ ഡിറ്റക്ടിങ് ഓഫീസറാക്കിയ നടപടിയില്‍ ഗുരുതര ആരോപണങ്ങള്‍. എസ്എച്ച്ഒ അബ്ബാസലിയെയാണ് കേസില്‍ ഡിറ്റക്ടിങ് ഓഫീസറായി നിയോഗിച്ചിരിക്കുന്നത്. ഇയാള്‍ അടുത്തകാലം വരെ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടികൂടിയത്.

ലഹരി മാഫിയ ബന്ധമുള്ള പ്രതി മുഹമ്മദ് കബീറിന്റെ വാടകവീട്ടില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ഈ മൊല വീട്ടില്‍ ഏകദേശം മൂന്ന് മാസത്തോളം എസ്എച്ച്ഒ അബ്ബാസ് അലി താമസിച്ചിരുന്നതായാണ് വിവരം. മുഹമ്മദ് കബീറുമായി എസ്എച്ച്ഒയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യം എസ്എസ്ബി നേരത്തെ തന്നെ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് സൂചന.

ഇത്രയും ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കേ, ആരോപണവിധേയനായ എസ്എച്ച്ഒ അബ്ബാസലിയെ തന്നെ കേസില്‍ ഡിറ്റക്ടിങ് ഓഫീസറാക്കിയതാണ് വിവാദമായത്. പ്രതിയുടെ വാടകവീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് മൂന്ന് മാസം മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും, ഇത് അവഗണിച്ച് മാസങ്ങളോളം അബ്ബാസ് അലി അതേ വീട്ടില്‍ തുടരുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞത്.

എസ്പിയുടെ ഡാന്‍സാഫ് സംഘമാണ് മുഹമ്മദ് കബീര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. നാര്‍കോട്ടിക് ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. മുഖ്യപ്രതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥനെ തന്നെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതില്‍ അന്വേഷണത്തിന്റെ സുതാര്യതയെക്കുറിച്ച് സംശയങ്ങള്‍ ശക്തമാകുകയാണ്.