ഹൈദരാബാദ്: തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരിസ് ഫൈനലുകളില്‍ സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ബാഡ്മിന്റണിലെ പുത്തന്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്തിന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. വിജയങ്ങള്‍ തുടര്‍ക്കഥയാക്കിയ ശ്രീകാന്ത് ഇന്ത്യന്‍ ബാഡ്മിന്റണിന്റെ അഭിമാനമാണെന്ന് ബായ് പ്രസിഡണ്ട് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. ശ്രീകാന്തിന്റെ പ്രകടനങ്ങളെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും തുടര്‍ച്ചയായ വിജയങ്ങള്‍ മാത്രമല്ല അദ്ദേഹം തോല്‍പ്പിക്കുന്നത് ലോകോത്തര പ്രതിയോഗികളെ കൂടിയാണെന്ന് ശര്‍മ പറഞ്ഞു. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ചരിത്രത്തിലെ സുവര്‍ണ കാലമാണിതെന്ന് ബായ് സെക്രട്ടറി അനൂപ് നരാംഗ് പറഞ്ഞു.