വാരാണസി: ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയത്. സമരവുമായി ബന്ധപ്പെട്ട് 1200 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം സര്‍വകലാശാല ഹോസ്റ്റലിന് പുറത്ത് ഒരു വിദ്യാര്‍ത്ഥിനിയെ പുരുഷ പൊലീസുകാര്‍ വളഞ്ഞിട്ട് തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ലങ്ക പൊലീസ് സ്റ്റേഷന്‍ ചാര്‍ജ് ഓഫീസര്‍ രാജീവ് സിങ്, സര്‍ക്കിള്‍ ഓഫീസര്‍ നിവേഷ് കത്യാര്‍ ഉള്‍പ്പടെ മൂന്നു പേരെയാണ് പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ്ജിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥിനികളെ പൊലീസ് തടഞ്ഞുവെച്ചിരുന്നു. സര്‍വകലാശാലകാമ്പസില്‍വെച്ച് ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച വിഷയത്തില്‍ സര്‍വകലാശാല നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രി വിദ്യാര്‍ത്ഥിനികള്‍ നടത്തിയ സമരത്തിനിടെയായിരുന്നു പൊലീസ് ലാത്തിവീശിയത്. വെസ് ചാന്‍സിലര്‍ ജി. സി ത്രിപദി ഇടപെടലാണ് സംഭവം വഷളാക്കിയതെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികളുടെ ധര്‍ണയ്ക്ക് ശേഷം സംസാരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. പെണ്‍കുട്ടികള്‍ ധര്‍ണ നടത്തുമ്പോള്‍ പുറത്ത് ഒരു സംഘം ആളുകള്‍ പൊലീസിനെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. ഹോസ്റ്റലില്‍ അക്രമം നടത്തി. നിരവധി വിദ്യാര്‍ത്ഥിനികള്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകയ്ക്കും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിരുന്നു. ഹോസ്റ്റിലിനകത്ത് കയറിപ്പോലും പൊലീസുകാര്‍ വിദ്യാര്‍ത്ഥിനികളെ പിന്തുടരുന്ന വീഡിയോകള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് 1500 ഓളം പൊലീസുകാരേയാണ് ഇപ്പോള്‍ കാമ്പസിനകത്ത് വിന്യസിച്ചിരിക്കുന്നത്.
ബനാറസ് സര്‍വകലാശാല സംഘര്‍ഷം: 1200 വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍

Be the first to write a comment.