ദുബൈ: അടുത്ത മാസം ഇന്ത്യ–ശ്രീലങ്ക സംയുക്തമായി വേദിയാകുന്ന ട്വന്റി20 ലോകകപ്പിന് ഇന്ത്യയിലേക്ക് പോകില്ലെന്ന നിലപാട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) വീണ്ടും ആവർത്തിച്ചു. തീരുമാനം പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ആവശ്യം ബംഗ്ലാദേശ് തള്ളിക്കളഞ്ഞു.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിൽ കളിക്കില്ലെന്നും തങ്ങളുടെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്നും ബി.സി.ബി ആവശ്യപ്പെട്ടത്. ടൂർണമെന്റിന്റെ മത്സരക്രമങ്ങൾ നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാങ്കേതിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തീരുമാനം പുനപരിശോധിക്കാൻ ഐ.സി.സി ആവശ്യപ്പെട്ടിരുന്നെങ്കിലും, നിലപാട് മാറ്റാനില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.
ഈ വിഷയത്തിൽ ബി.സി.ബി–ഐ.സി.സി പ്രതിനിധികൾ വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്കില്ലെന്ന നിലപാട് ബി.സി.ബി പ്രതിനിധികൾ യോഗത്തിൽ ആവർത്തിച്ചതായി ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ബോർഡ് ഉറച്ചുനിന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.
യോഗത്തിൽ ബി.സി.ബി പ്രസിഡന്‍റ് അമീനുൽ ഇസ്ലാം, വൈസ് പ്രസിഡന്‍റുമാരായ ശകാവത്ത് ഹുസ്സൈൻ, ഫാറൂഖ് അഹ്മദ് എന്നിവർ പങ്കെടുത്തു. എന്നാൽ ഇന്ത്യയിൽ കാര്യമായ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും, ഈ സാഹചര്യത്തിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റേണ്ടതില്ലെന്നുമാണ് ഐ.സി.സി നിലപാട്.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇന്ത്യയിൽ ട്വന്റി20 ലോകകപ്പ് കളിക്കില്ലെന്ന നിലപാട് ബി.സി.ബി കടുപ്പിച്ചത്. എന്നാൽ സുരക്ഷാ വിദഗ്ധർ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് പ്രത്യേക ഭീഷണിയൊന്നും കണ്ടെത്താനായില്ലെന്ന് ഐ.സി.സി വൃത്തങ്ങൾ അറിയിച്ചു.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ്, മുംബൈ വാങ്കഡെ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.