ഒരു സുപ്രയിൽ നിന്ന് എഴുന്നേൽകുകയാണ് ശൈഖുനാ,
താഴെ വീണു കിടക്കുന്ന ഒരു പത്തിരിക്കഷ്ണം കണ്ണിൽ പെട്ടു.
ആളുകൾ ചവിട്ടി മണ്ണ് കലർന്ന ആ ഭക്ഷണാവശിഷ്ടം അരുമയോടെ പെറുക്കി കയ്യിലെടുത്തു.
ടാപ്പിലെ വെള്ളത്തിൽ കഴുകിയെടുത്തു.
‘ബിസ്മി..’
ഒട്ടും മടിയില്ലാത്ത ശൈഖുനാ അത് കഴിച്ചു…!!
‘ഭക്ഷണത്തിന്റെ ഏതു തരിയിൽ ആണ് ബറക്കത്തു എന്ന് അറിയില്ല മക്കളെ…!!’
ആയിരം പ്രസംഗങ്ങളെക്കാൾ ഉള്ളുലക്കുന്ന ഒരാവിഷ്‌ക്കാരം..!!

ശൈഖുനാ പള്ളിയിൽ നിന്നിറങ്ങുകയാണ്,
പുറത്തിട്ട ഏതോ ചെരിപ്പിൽ
അവിടന്ന് ചവിട്ടി.
അല്ലാഹ്..!!
എന്നൊരു വിളി ആ ചുണ്ടിൽ മന്ത്രണം പോലെ വന്നു നിന്നു.
പിന്നെ ആ ചെരുപ്പിന്റെ ഉടമസ്ഥനെ
കാത്തു നിന്നു.
അയാൾ വരുന്ന വരെ,
അയാൾ വന്നപ്പോൾ
ശൈഖുനാ പറഞ്ഞു:
‘പൊരുത്തപ്പെടണം..!
ചെരിപ്പിൽ ഞാൻ ചവിട്ടി..!!’

ഏതു ഹൃദയമാണ് ആ നിഷ്കളങ്കത കേട്ട് പൊട്ടിപ്പോകാത്തതു..!?
അതാണെന്റെ മുത്തു അത്തിപ്പറ്റ…!!

ഇരുളിലെ ശരറാന്തൽ പോലെ ഉമ്മത്തിന്റെ തമസ്സിന്റെ ഗഹ്വരങ്ങളിൽ വെളിച്ചം പകർന്ന ആത്മ ഗുരു..!!
മിഷ്ക്കാത്തിലെ സുജായയിൽ മിനിഞ്ഞു കത്തുന്ന മിസ്ബാഹ് പോലെ…
തഖ്‌വയുടെ മഴവില്ലഴകിൽ
സ്ഫുടം ചെയ്ത ആ സുകൃതം…
അനശ്വരമായ വെളിച്ചത്തിലേക് യാത്രയായിരിക്കുന്നു..!!

ഗുരു യാത്രയായിരിക്കുന്നു..!
ആത്മീയതയുടെ നിലാ മഴ പോലെ ഉമ്മത്തിന്റെ ഹൃദയറകളിൽ ദിക്റിന്റെ
ശാന്തി പകർന്ന ഗുരു…
വർത്തമാന കാലം കണ്ട നിഷ്കളങ്കതയുടെ ആൾരൂപം..
അവധൂതനെ പോലെ നമുക്കിടയിൽ
ജീവിച്ച സാരഥ്യം….
മനസ്സിൽ തട്ടുന്ന വാക്കുകളിൽ പ്രാർത്ഥന സായൂജ്യമാകിയ സാന്നിധ്യം…!!

സുലൂക്കിന്റെ വഴികളിൽ
ചുണ്ടുകളിൽ ദിക്റും,
ഹൃത്തടത്തിൽ ഫിക്റും,
ജീവിതത്തിൽ ഫിക്റും
ചേർത്തു വെച്ച അവധൂതൻ…!!

ജാടകളുടെ ഉടയാടകൾ
വാരിപ്പുണരുന്ന വർത്തമാനകാലത്തു
നിസ്വ ജീവിതം കൊണ്ട് വിസ്മയം
സൃഷ്ടിച്ചു ശൈഖുനാ…

അന്വേഷങ്ങളുടെ ആത്മയാനം കയറി അത്തിപ്പറ്റയിലേക് പങ്കായമെറിയാൻ
എത്ര ആശിഖുകളുണ് കടൽ തിരകൾ മുറിച്ചു കടന്നത്…
ഒടുവിൽ ആ കപ്പലും തീരം വിടുകയാണ്..
തിരകൾ മാത്രം ബാക്കി.
അനാഥമായ തീരവും..

വിശുദ്ധിയുടെ തണൽ മരങ്ങൾ ഓരോന്നായി വിട പറയുകയാണ്‌..
പ്രശ്നങ്ങളുടെ കനൽ ചൂടിൽ ഉമ്മത്തിന് കയറി നിൽക്കാൻ തണൽ ചില്ലകൾ നീട്ടി അവർ…
ഒടുവിൽ യാത്രയായി..

നാളെ മഹ്ഷറിൽ
“മോനേ,നിന്നെ ഞാൻ അറിയുമെടാ..!!”
എന്നൊരു വിളി..!!
അത് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്…
ആ വഴിയേ പിൻപറ്റിയതിനു പകരം
അതെ ഞങ്ങൾക്കു വേണ്ടൂ….
അല്ലാഹുവേ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ..
ബഷീർ ഫൈസി ദേശമംഗലം