News

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; അമ്പയറിന് ദാരുണാന്ത്യം, കളിക്കാര്‍ക്ക് പരിക്ക്

By Akhila

February 19, 2026

കാണ്‍പൂര്‍: ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അമ്പയറിന് ദാരുണാന്ത്യം. കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. കാണ്‍പൂര്‍ സ്വദേശിയായ മാണിക് ഗുപ്തയാണ് തേനീച്ചയാക്രമണത്തില്‍ മരിച്ചത്.

കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന മത്സരത്തിനിടെയാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ തേനീച്ചക്കൂട്ടം കളിക്കാരേയും അമ്പയര്‍മാരേയും ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ കുത്തില്‍ നിന്ന് രക്ഷപ്പെടാനായി പലരും ഓടി രക്ഷപ്പെട്ടെങ്കിലും തലയിലും മുഖത്തും തേനീച്ച കുത്തേറ്റ മാണിക് ഗുപ്ത ഗ്രൗണ്ടില്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരു അമ്പയര്‍ക്കും 15 ലേറെ കളിക്കാര്‍ക്കും തേനീച്ച ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ മാണിക് ഗുപ്തയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക് സര്‍ക്കാറിന്റെ മരണം കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ്എന്‍ സിംഗ് സ്ഥിരീകരിച്ചിട്ടുണ്ട്.