കെ.എം മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നുനല്‍കാമെന്ന് സി.പി.എം വാഗ്ദാനം നല്‍കിയിരുന്നതായി ബിജുരമേശ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ് ഉറപ്പുനല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും കണ്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലെത്തിയതോടെ എല്‍.ഡി.എഫ് പാലംവലിച്ചെന്നും ബാറുടമകളുടെ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ബിജുരമേശ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭൂരിഭാഗം ബാറുടമകളെയും വഞ്ചിച്ച സി.പി.എം, മാണിക്കെതിരായ ബാര്‍ കോഴക്കേസ് ഇപ്പോള്‍ അട്ടിമറിക്കുകയാണെന്നും ബിജു രമേശ് പറഞ്ഞു.

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണവും തുടര്‍ന്നുണ്ടായ ബാര്‍ കോഴക്കേസും എല്‍.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാര്‍കോഴക്കേസ് ഒഴിവാക്കി മാണിയെ വെള്ളപൂശാനാണ് എല്‍.ഡി.എഫ് നീക്കം. അതിന് തയാറായാല്‍ എല്‍.ഡി.എഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരും. വഞ്ചിക്കുന്നത് തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങള്‍ വിശ്വസിച്ച ജനങ്ങളെ കൂടിയാണെന്ന് സി.പി.എം നേതൃത്വം തിരിച്ചറിയണം. സി.പി.എമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. മാണിക്കെതിരെ കേസ് നടത്താന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചവര്‍ മറുവശത്ത് കൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നു.

ത്രീസ്റ്റാര്‍ വരെയുള്ള ബാറുകള്‍ തുറന്നാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി തുറക്കാനാവുന്ന ബാറുകളും താന്‍ പൂട്ടിയിട്ടിരിക്കുകയാണ്. രാഷ്ട്രീയ പിന്തുണ നല്‍കിയാല്‍ മാണിക്കെതിരെ തെളിവ് നല്‍കാന്‍ ബാറുടമകള്‍ തയാറാകും. യു.ഡി.എഫ് ഭരണകാലത്ത് സി.പി.എം നേതാക്കള്‍ തന്നെ സമീപിച്ചത് പോലെ ഇപ്പോള്‍ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സി.പി.എം തയാറായാല്‍ മതിയെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ മൊഴി നല്‍കാന്‍ തയാറായ ബാറുടമകളില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുക്കുന്നില്ലെന്നും ബിജു രമേശ് ആരോപിച്ചു. ബാര്‍ കോഴ കേസ് ഉയര്‍ന്നുവന്നപ്പോള്‍ തലസ്ഥാനത്തെ സി.പി.എം എം.എല്‍.എയുടെ നേതൃത്വത്തില്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയതായി നേരത്തെ യു.ഡി.എഫ് ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ബിജുരമേശിന്റെ വെളിപ്പെടുത്തല്‍.

തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ബാര്‍കോഴ കേസ് ഒഴിച്ചുനിര്‍ത്തിയാല്‍ യു.ഡി.എഫിന് രാഷ്ട്രീയമായി വിജയം നേടാന്‍ അനുകൂല സാഹചര്യമായിരുന്നു. കോടിയേരിയുടെ നേതൃത്വത്തില്‍ പിണറായിയുടെയും വി.എസിന്റെയും അറിവോടെയാണ് ബിജു രമേശ് യു.ഡി.എഫിനെതിരെ ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍