അഹമ്മദാബാദ് : നായയെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച ക്രൂരതയുടെ നടുക്കം മാറും മുമ്പേ ഗുജറാത്തില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. ഗുജറാത്തില്‍ സിംഹത്തെയാണ് ബൈക്ക് യാത്രക്കാര്‍ വിടാതെ പിന്തുടര്‍ന്ന് ഓടിച്ചത്. ജുനഡ് ജില്ലയില്‍ ഗീര്‍ വനത്തിന് സമീപം ബൈക്ക് യാത്രികര്‍ സിംഹത്തെ ഓടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വിഡിയോ വൈറല്‍ ആയതോടെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനം വകുപ്പ് കേസെടുത്തതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദുഷ്യന്ത് വസവദ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായും അദ്ദേഹം അറിയിച്ചു.

രാത്രിയില്‍ നിരത്തിലേയ്ക്ക് ഇറങ്ങിവരുന്ന വന്യജീവികളെ വാഹനയാത്രക്കാര്‍ പിന്തുടരുന്നത് സ്ഥിരമാണെങ്കിലും തെളിവുകളുടെ അഭാവത്തില്‍ നടപടി എടുക്കാന്‍ സാധിച്ചിരുന്നില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനമേഖലയോട് ചേര്‍ന്ന പാതകളില്‍ പരിശോധന ശക്തമാക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.