തിരുവനന്തപുരം: ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യയും കുഞ്ഞും വീടിന് പുറത്തെത്തി ബന്ധുക്കളെ കണ്ടു. ഇഡി ഉദ്യോഗസ്ഥര്‍ റെയ്ഡിന്റെ പേരില്‍ പീഡിപ്പിക്കുകയാണെന്ന് ബിനീഷിന്റെ ഭാര്യ ആരോപിച്ചു. അനൂപ് മുഹമ്മദിന്റേതെന്ന് പറയുന്ന ഒരു കാര്‍ഡ് കൊണ്ടുവന്ന് അത് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതാണ് എന്ന് പറഞ്ഞു ഒപ്പിടാന്‍ ആവശ്യപ്പെട്ടു എന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞു. അത് ക്രെഡിറ്റ് കാര്‍ഡാണോ ഡെബിറ്റ് കാര്‍ഡാണോ എന്നൊന്നും അറിയില്ല. അത് കണ്ടെടുക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. പിന്നെ എങ്ങനെ ഒപ്പിടുമെന്ന് ബിനീഷിന്റെ ഭാര്യ ചോദിച്ചു.

ഇന്നലെ രാവിലെയാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. വൈകീട്ട് റെയ്ഡ് അവസാനിച്ചു. പക്ഷെ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച തര്‍ക്കം മൂലം ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ബിനീഷിന്റെ ബന്ധുക്കള്‍ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ബിനീഷിന്റെ വീട്ടിലെത്തിയിരുന്നു.

എന്നാല്‍ ബിനീഷും കുടുംബവും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന നിലപാടിലാണ് ഇഡി. ഇക്കാര്യ കോടതിയെ അറിയിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.