ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് ആസ്ഥാനത്തെ പൂരപ്പറമ്പാക്കി, ബിജെപി ആസ്ഥാനം മരുഭൂമി പോലെ വരണ്ട് ഉണങ്ങി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ ഇന്നലെ രാവിലെ മുതല്‍ തലസ്ഥാനത്തെ കോണ്‍ഗ്രസ് ബിജെപി ആസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നാല് സംസ്ഥാനങ്ങളിലെ ലീഡ് നില മാറി മറിഞ്ഞതോടെ ഓഫീസും പരിസരവും ആകാംക്ഷയുടെ മുള്‍മുനയില്‍. അവസാനം ഓരോ സംസ്ഥാനങ്ങളും ബിജെപിയെ കൈവിട്ടു തുടങ്ങിയതോടെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വെടിപൊട്ടി. ബിജെപി ആസ്ഥാനമായ ദീന ദയാല്‍ ഉപാധ്യായ ഭവന്‍ ശ്മശാന മൂകതയിലും. ഛത്തീസ്ഡഡിലെ ഫലം പുറത്തു വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു തുടങ്ങി. പിന്നാലെ രാജസ്ഥാന്‍, മധ്യപ്രദേശ് ഫലമെത്തിയതോടെ കോണ്‍ഗ്രസ് ഭവന്‍ പൂരപ്പറമ്പായി മാറി. ഈ സമയം മരണ വീടിനു തുല്യമായി ബിജെപി ആസ്ഥാനം മാറിയിരുന്നു. പ്രവര്‍ത്തകര്‍ വീടുകളിലേക്ക് മടങ്ങി. ഇരു ഓഫീസുകളിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. സംഘര്‍ഷം മുന്‍നിര്‍ത്തി ബാരിക്കേഡുകളും പൊലീസ് സ്ഥാപിച്ചിരുന്നു.