വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വാഗ്ദാനങ്ങള്‍ പാലിക്കാത്ത ക്യാമ്പയിന്‍ പ്രധാനമന്ത്രി മാത്രമാണ് മോദി, 2019-ല്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല- നായിഡു പറഞ്ഞു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസാണ് പ്രതിപക്ഷത്തുള്ളത്. എന്നാല്‍ അവരെക്കൊണ്ട് അധികമൊന്നും ചെയ്യാനാവില്ല. പക്ഷെ ബി.ജെ.പി 2019-ല്‍ ഒരിക്കലും അധികാരത്തിലെത്തില്ല. വീണ്ടും അധികാരത്തിലെത്തുക എന്നത് ബി.ജെ.പിക്ക് വിദൂര സ്വപ്‌നം മാത്രമായിരിക്കുമെന്നും നായിഡു പറഞ്ഞു.

നേരത്തെയും രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ടി.ഡി.പിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. 1996-ല്‍ യുണൈറ്റഡ് ഫ്രണ്ട് രൂപീകരിക്കുന്നതില്‍ ടി.ഡി.പി നിര്‍ണായക പങ്കാണ് വഹിച്ചത്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ മാറ്റിമറിക്കാന്‍ ടി.ഡി.പിക്ക് ശക്തിയുണ്ടെന്നും നായിഡു പറഞ്ഞു.