കണ്ണൂര്‍: കള്ളവോട്ട് ചെയ്ത സി.പി.എം പ്രവര്‍ത്തകനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിലേല്‍പിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതി. പ്രിസൈഡിങ് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നതാണ് കള്ളവോട്ട് ചെയ്ത ആളെ പൊലീസ് വെറുതെ വിടാന്‍ കാരണം.

കണ്ണൂര്‍ മണ്ഡലത്തിലെ 118-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ റംസീലിനെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിന് കൈമാറിയത്. അമേരിക്കയിലുള്ള മിഥുന്‍ ഗൗതം എന്ന വിദ്യാര്‍ഥിയുടെ വോട്ടാണ് തായത്തെരു സ്വദേശി റംസീല്‍ ചെയ്തത്. തടയാന്‍ യു.ഡി.എഫ് പോളിങ് ഏജന്റുമാര്‍ ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റംസീലിന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുകയായിരുന്നു. മിഥുന്‍ ഗൗതം അമേരിക്കയിലാണെന്ന് എല്‍.ഡി.എഫ് പോളിങ് ഏജന്റാണ് പറഞ്ഞത്.

ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്ത് പുറത്തിറങ്ങിയ റംസീലിനെ യു.ഡി.എഫ്, എന്‍.ഡി.എ പ്രവര്‍ത്തകര്‍ പിടികൂടിയപ്പോള്‍ സി.പി.എം നേതാക്കളെത്തി മോചിപ്പിക്കാന്‍ ശ്രമിച്ചു. ഇത് സംഘര്‍ഷത്തിന് കാരണമായി.തുടര്‍ന്ന് പൊലീസെത്തി റംസീലിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. യു.ഡി.എഫ് പോളിങ് ഏജന്റ് പ്രിസൈഡിങ് ഓഫീസര്‍ ടി.സി.അജീലേഷിന് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ല. പരാതി പൊലീസിന് കൈമാറാതെ പ്രിസൈഡിംഗ് ഓഫീസര്‍ കള്ളവോട്ട് ചെയ്തയാളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. പരാതി ലഭിക്കാത്തതിനാല്‍ പൊലീസും റംസീലിനെ കേസൊന്നും എടുക്കാതെ വെറുതെ വിട്ടു.ഇതിനെതിരെ യു.ഡി.എഫ് ജില്ലാ വരണാധികാരിക്കും പരാതി നല്‍കിട്ടുണ്ട്. ഇതിന് ശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് റംസീല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണുരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി ഉള്‍പ്പടെയുളളവര്‍ റംസീലിനെ സന്ദര്‍ശിക്കുകയും ചെയ്തു.