News

അമരഗാനങ്ങളുടെ സ്രഷ്ടാവ് ബോംബെ രവി; ഓർമ്മകളിൽ ഇന്നും നിലനിൽക്കുന്ന മെലഡികളുടെ രാജാവ്

By Manya

March 07, 2026

ഹൃദയങ്ങളെ സ്പര്‍ശിച്ച അനേകം അമരഗാനങ്ങളുടെ സ്രഷ്ടാവായ ബോംബെ രവിയെ ഓര്‍മ്മിച്ച് സംഗീതലോകം. മെലഡികളുടെ രാജാവ് എന്നറിയപ്പെട്ട ബോംബെ രവി വിടപറഞ്ഞിട്ട് ഇന്ന് 14 വര്‍ഷം.

വരികളുടെ ആത്മാവറിഞ്ഞ് സംഗീതം പകര്‍ന്ന അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. പിതാവിന്റെ ഭജന്‍ കേട്ടാണ് ബാല്യത്തില്‍ തന്നെ സംഗീതത്തിലേക്ക് രവി ആകര്‍ഷിക്കപ്പെട്ടത്. ഔപചാരിക ഗുരുക്കന്മാരില്ലാതെയാണ് സംഗീതപഠനം ആരംഭിച്ചത്.

ഇലക്ട്രീഷ്യന്‍ ജോലി ഉപേക്ഷിച്ച് പിന്നണി ഗായകനാകാനുള്ള സ്വപ്നവുമായി ദല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് എത്തിയ രവിക്ക് സിനിമാസംഗീതലോകത്ത് ആദ്യ അവസരം ലഭിച്ചത് ആനന്ദ് മഠ് എന്ന ചിത്രത്തില്‍ ”വന്ദേ മാതരം” കോറസ് പാടിയപ്പോഴാണ്. പിന്നീട് സംഗീതസംവിധായകന്‍ ഹേമന്ത് കുമാര്‍ അദ്ദേഹത്തെ സഹായിയായി സ്വീകരിച്ചു. 1955-ല്‍ വചന്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി.

ബോളിവുഡ് സിനിമകളില്‍ പാശ്ചാത്യ സംഗീതത്തിന്റെ അതിപ്രസരം മൂലം ചിലകാലം ഹിന്ദി സിനിമകളില്‍ നിന്ന് മാറിനിന്ന അദ്ദേഹം പിന്നീട് മലയാള സിനിമയിലേക്ക് എത്തി. സംവിധായകന്‍ ഹരിഹരന്‍ വഴിയാണ് രവി മലയാള സിനിമയ്ക്ക് പരിചിതനായത്.

പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, പാഥേയം, മയൂഖം, ഗസല്‍, പരിണയം തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ മലയാളികളുടെ മനസില്‍ ഇന്നും നിലനില്‍ക്കുന്നവയാണ്. ഇന്ദ്രനീലിമയോലം, കളരിവിളക്ക് തെളിഞ്ഞതാണോ, ചന്ദനലേപ സുഗന്ധം, അഞ്ചുശരങ്ങളും, സാമജസഞ്ചാരിണീ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും സംഗീതാസ്വാദകര്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്ന അമരഗാനങ്ങളായി തുടരുന്നു.

സംഗീതത്തിലൂടെ ഹൃദയങ്ങളില്‍ അനശ്വര സാന്നിധ്യമായി നിലകൊള്ളുന്ന ബോംബെ രവി, മെലഡികളുടെ ലോകത്ത് ഇന്നും മാഞ്ഞുപോകാത്തൊരു ഓര്‍മ്മയായി തുടരുന്നു.