കൊച്ചി: ആക്രമിക്കപ്പെട്ടതിന് ശേഷം ഇരയായ നടിയെ സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകരും ലോയേഴ്‌സ് അസോസിയേഷനും നല്‍കിയ പരാതിയിലാണ് ഉത്തരവ്. ദിലീപ്, സലീംകുമാര്‍,അജു വര്‍ഗ്ഗീസ്, സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് കേസ്.

വിയു കുര്യാക്കോസിനാണ് കേസിന്റെ അന്വേഷണ ചുമതല. നടിയെക്കുറിച്ച് പരാമര്‍ശം നടത്തിയവര്‍ക്ക് ആദ്യം നോട്ടീസ് അയക്കുമെന്നും അതിന് ശേഷമായിരിക്കും തുടര്‍നടിപടികളെടുക്കുകയെന്നുമാണ് വിവരം. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ നേരിട്ടെത്തിയാണ് ഇവര്‍ പരാതി നല്‍കിയത്.

ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്നായിരുന്നു സലീംകുമാറിന്റെ പരാമര്‍ശം. ഇരയുടെ പേര് വെളിപ്പെടുത്തി അജു വര്‍ഗ്ഗീസ് എത്തിയപ്പോള്‍ പള്‍സര്‍ സുനി നടിയുടെ സുഹൃത്താണെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം. എന്നാല്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് താരങ്ങളെല്ലാം മാപ്പു പറഞ്ഞ് രംഗത്തെത്തിയിരുന്നു.