X
    Categories: indiaNews

‘മാധ്യമപ്രവര്‍ത്തനം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണം’ ; റിപബ്ലിക്ക് ചാനലിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ഡല്‍ഹി: മാധ്യമപ്രവര്‍ത്തനം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അവഹേളിക്കുന്ന രീതിയില്‍ അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ മൂടിവെക്കാനല്ല ആവശ്യപ്പെടുന്നത്, മറിച്ച് സാധാരണക്കാര്‍ക്കിടയില്‍ പ്രകോപനം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ഒഴിവാക്കാനാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായി പ്രകോപനം ഉണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കാര്യം അര്‍ണബിനെ ബോധ്യപ്പെടുത്തണമെന്നും ചീഫ് ജസറ്റിസ് അര്‍ണബിന്റെ അഭിഭാഷകനായ ഹരീഷ് സാല്‍വേയോട് പറഞ്ഞു.

ആരും നിയമത്തിന് അധീതരല്ലെന്നും മറ്റൊരാളുടെ അവകാശങ്ങൡ ഇടപെടാന്‍ യാതൊരു വിധത്തിലും അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്ര സര്‍ക്കാരിനോട് അര്‍ണബിനെ അറസ്റ്റ് ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ നിര്‍ദേശിച്ചു.

 

web desk 3: