എം ബിജുശങ്കര്‍

മനാമ: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന എല്ലാ നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളം നൂറു ശതമാനവും അഴിമതി രഹിതമാണിന്ന്. നിക്ഷേപത്തിന് സ്വര്‍ണ ഖനിയാണ് ഇന്ന് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് സംഘടിപ്പിച്ച ബഹ്‌റൈന്‍ കേരള നിക്ഷേപക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ നിക്ഷേപത്തിന് കേരളത്തില്‍ നിരവധി അവസരങ്ങളുണ്ട്. കേരളത്തില്‍ വന്ന് നിക്ഷേപിക്കാന്‍ അദ്ദേഹം വ്യവസായികളോട് അഭ്യര്‍ഥിച്ചു.

മാനവ വിഭവശേഷിയായാലും പ്രകൃതിയായിലായും ഞങ്ങള്‍ ചൂഷണത്തിന് എതിരാണ്. ഞങ്ങളുടെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതും അവരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതും അവരുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതവുമായ വയവസായമോ ബിസിനസോ മറ്റു സംരംഭങ്ങളോ സ്വാഗതം ചെയ്യും. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്നതാണ് തങ്ങളുടെ നിര്‍ദ്ദിഷ്ട വ്യവസായ നയം. ഇപ്പോഴത്തെയും ഭാവിയിലെയും കേരള ജനതയുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രപരവും അതിനു നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. കാലങ്ങള്‍ ആ ബന്ധത്തിന്റെ പകിട്ട് കുറച്ചിട്ടില്ല. അത് ശക്തമായി വളരുകയാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ വന്‍തോതില്‍ മലയാളികള്‍ ബഹ്‌റൈനില്‍ വരികയും അവര്‍ കഠിനാധ്വാനം ചെയ്ത് രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കുവഹിക്കുകയും ചെയ്തു. ബഹ്‌റൈനെ ഒരു നിക്ഷേപകന്‍ എന്ന നിലക്ക് കേരളത്തിലേക്കു സ്വാഗതം ചെയ്യാനുള്ള അവസരമാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പുകളും നഗര പ്രാന്ത പ്രദേശങ്ങളും വികസിപ്പിക്കും. കൊച്ചിയില്‍ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ഥാപിക്കും. മാലിന്യ സംസ്‌കരണം, മലിന ജല ശുദ്ധീകരണം തുടങ്ങിയ മേഖലകളിലും പുനരുല്‍പ്പാദന പരിസ്ഥിതി സംരക്ഷണ പദ്ധതികളിലും നിക്ഷേപത്തിന് മുഖ്യമന്ത്രി ക്ഷണിച്ചു.

ഏതു മേഖലയിലും എത്ര വലിയ പദ്ധതിയും ഏറ്റെടുത്ത് നടപ്പാക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിങ്ങള്‍ നിക്ഷേപിക്കുന്നത് വെറും സംരഭവങ്ങള്‍ക്കു വേണ്ടി മാത്രമാകില്ലെന്നും അത് ഭാവിയില്‍ നിങ്ങള്‍ക്കുള്ള തൊഴില്‍ സേനക്കുകൂടിയാണെന്നും മുഖ്യമന്ത്രി ബഹ്‌റൈന്‍ നിക്ഷേപകരെ ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ ഉയര്‍ന്ന ജീവിത നിലവാരവും ആയുര്‍ദൈര്‍ഘ്യവും ഏറ്റവും മികച്ച ആരോഗ്യ പരിചരണവും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വ്യവസായങ്ങള്‍ക്ക് ക്ലിയറന്‍സിനായുള്ള ഏകജാലക സംവിധാനം വികസിപ്പിക്കും. ഞങ്ങളുടെ ജനങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ വിവിധ വിദ്യഭ്യാസ ബോഡികളുമായി ചര്‍ച്ചയിലാണ്. തൊഴില്‍ വൈദഗ്ധ്യ വികസന പദ്ധതികള്‍ കേളേജുകളില്‍ നിര്‍ബന്ധമാക്കും. ഇതോടെ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് അവരുടെ മേഖലയില്‍ തൊഴില്‍ കണ്ടെത്താനാകും. തൊഴില്‍ രഹിതരും തൊഴില്‍ നഷ്ടപ്പെട്ടവരുമായവര്‍ക്ക് വീണ്ടും വൈദഗ്ധ്യം നല്‍കാന്‍ പദ്ധതിയുണ്ട്. തൊഴിലാളികള്‍ക്ക് വൈദഗ്ധ്യം ഉണ്ടാക്കാനുള്ള പദ്ധതിയില്‍ കണ്ണിചേരാനും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.