തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കും നീരും ആരോഗ്യപ്രശ്‌നങ്ങളും ഉള്ള ആനകള്‍ക്കും വിലക്ക് ബാധകമാണെന്ന് അനുപമ പറഞ്ഞു. മെയ് 12 മുതല്‍ 14 വരെയാണ് ആനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു കളക്ടര്‍.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ല. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നാളെ വിധി പറയാനിരിക്കുകയാണ്. സബ്ജുഡീസായതിനാല്‍ താന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും ടി.വി അനുപമ വ്യക്തമാക്കി.

ഏതെങ്കിലും ഒരു ആനയുടെ കാര്യത്തില്‍ മാത്രമല്ല. പൊതുവായി ഇറക്കിയ നിര്‍ദ്ദേശമാണ്. ഇതനുസരിച്ച് മാത്രമാണ് ദേവസ്വങ്ങള്‍ പട്ടിക തയ്യാറാക്കുന്നതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.