ന്യൂഡല്‍ഹി: അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ 25 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. സമൂഹമാധ്യമത്തിലെ പതിവ് സംവാദ പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രാജ്യത്ത് 40 മുതല്‍ 50 കോടിയോളം വാക്‌സിന്‍ വരെ ഇതിനായി വിതരണം ചെയ്യാനാകുമെന്നാണ് കണക്കുകൂട്ടല്‍. 2021 ജൂലൈ മാസത്തോടെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും ഹര്‍ഷ വര്‍ധന്‍ അറിയിച്ചു.

വാക്‌സിന്‍ വിതരണത്തിനുള്ള വിഭാഗങ്ങളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹായം വേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഒക്ടോബര്‍ അവസാനത്തോടെ മുന്‍ഗണനാ വിഭാഗത്തിന്റെ പട്ടിക ഹാജരാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാമ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ നല്‍കുക.