മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം മുനിസിപ്പല്‍ മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.പി.എ മജീദ്.

കന്നുകാലി വില്‍പനയും കശാപ്പും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മുന്‍ നിര രാഷ്ട്രീയ നേതാക്കളെല്ലാം വിവാദ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു.
വിവാദ ഉത്തരവിലൂടെ മോദി ആര്‍.എസ്.എസിന്റെ ഒളിപ്പോരാളി മാത്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാസിസം പിന്തുടരുന്നവരാണ് ആര്‍.എസ്.എസുകാര്‍ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തെ നേരിട്ടത്.

അതേസമയം, കശാപ്പ് നിരോധനം നേരത്തെ കൊണ്ടുവരേണ്ടതുണ്ട് എന്നായിരുന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്. കശാപ്പ് നിരോധനം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു.