തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം ഒഴിവാക്കിയ ഗവര്‍ണറുടെ നടപടിയെ പ്രശംസിച്ച് ബി.ജെ.പി സംസ്ഥാന ഘടകം. നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണര്‍, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ യാഥാര്‍ഥ്യ ബോധമില്ലാത്ത നിലപാടുകളോട് യോജിക്കാതിരിക്കാനുള്ള ഗവര്‍ണറുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാനും അതെല്ലാം അതേപടി ആവര്‍ത്തിക്കാനുമുള്ള ഒരു പദവിയായി ഗവര്‍ണര്‍ സ്ഥാനത്തെ തരംതാഴ്ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍. സര്‍ക്കാരിന്റെ ഈ ശ്രമത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നില്ലെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.